Poem Malayalam സാറ്റുകളിയിലെ പൈതൽ

#സാറ്റുകളിയിലെ_പൈതൽ*


വിരലിന്റെയഗ്രത്തിലൂടെ

വഴുതിയൊഴുകി നീയോമനേ..

മുലയുണ്ടുറങ്ങിയ കുഞ്ഞേ നീ-

യാമത്തിലൊരു പ്രളയത്തിൽ

പിരിഞ്ഞുവോ അമ്മയെ...

മലമണ്ണു നിന്നെയും മൂടിക്കടന്നുപോയ്

പകലിൽ തിരഞ്ഞവർക്കായില്ല

നിന്നൊളിച്ചു കളിയിലാപൂമേനി

കണ്ടതില്ല... 

എങ്കിലും തീരത്തു കണ്ടുനിന്നമ്മയെ

നിത്യസമാധിയിൽ പാതിദേഹം

അപ്പോഴുമുണ്ടാ മുലക്കണ്ണിലാകവെ

രക്തം തുടിച്ചുചുവന്ന ചിത്രം..!


പ്രാണൻ വെടിയുന്നതിന്നുമുന്നേ നീയാ

പാഥേയസ്നേഹം നുകർന്നിരിക്കാം

കാലം വിളിച്ചനേരം മാതൃഹൃത്തിലേ-

ക്കാവതും നീ ചേരുവാൻ ശ്രമിച്ചോ

ആമധുവെന്നുമേ ഈയിഹത്തിൽ മാത്ര

മാകുമെന്നുള്ളതും നീയറിഞ്ഞോ

പ്രാണൻ പിടഞ്ഞോരു നേരത്തുമമ്മയെ

കൂടെപ്പിടിച്ചണച്ചോടിയെന്നോ...?


എങ്കിലുമെൻകുരുന്നേ ഇനിന്നുടെ

കൊഞ്ചലിനമ്മയും കൂടെയുണ്ടോ

സങ്കടമുണ്ടേറെയിന്നലയും കുഞ്ഞു-

കണ്ണുമറച്ചു കളിച്ചതല്ലേ നമ്മൾ

ഇന്നു തോൽക്കുന്നു ഞാനീക്കളിയിൽ

സാറ്റുചൊല്ലുവാനാകാതെ വിങ്ങിടുന്നു.

   ...#ശ്രീ

*ഉരുൾപൊട്ടലിൽ  ഉറങ്ങിക്കിടന്ന ഒരു  ഒരുകുടുംബം ചെറിയ കുഞ്ഞുൾപ്പെടെ മരണപ്പെട്ടുപോയ സങ്കടത്തിൽനിന്ന്.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്