Posts

Showing posts from August, 2018

Poem MALAYALAM

Image
ചിലപ്പോഴൊക്കെ അങ്ങിനെയാണ്... നാവുണരുമുമ്പ് ചുണ്ടടയ്ക്കപ്പെടും.. ശബ്ദങ്ങളെ പുറപ്പെടാദു:ഖങ്ങളാക്കി അവനവന്റെ ആവനാഴികളിൽ കുഴിച്ചുമൂടേണ്ടിവരും...  എങ്കിലും നാം അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഊറ്റംകൊള്ളാറുണ്ടിന്നും...      ‌‍॰sree.

POEM MALAYALAM

Image
   രതിമേധം. അഗ്നിപർവ്വത സ്ഫോടനങ്ങൾക്കുമുമ്പൊരു- ചുടുകാറ്റുയരുന്നുണ്ടോ... ? നിന്റെ നിശ്വാസമാകുമത്; ഏത് വിഷസർപ്പമാണ് നിന്റെ കണ്ഠത്തിൽ അധിവസിക്കുന്നത്.. !! എന്റെ ചിന്തകളെയെന്നുമെന്നും കരുവാളിപ്പിക്കുന്നുണ്ടത്; കാമം കടിഞ്ഞാണയച്ചുവിട്ടവളേ.. ചുണ്ടടർത്തുക, നിന്റെ തീഷ്ണയൗവ്വനത്തിന്റെ ശ്വാസഗതികളാൽ എന്നെയുലയ്ക്കാതിരിക്കുക. അംഗുലീയാഗ്രത്തിലെ നഖമുനകളാൽ പാരമ്പര്യ പെരുംചുവരുകളിൽ നീ കീറിവരയുവതെന്താണ്. ജീർണ്ണവസ്ത്രങ്ങളിൽ പൊതിഞ്ഞ നിന്റെ നഗ്നതയോ..? കടുംനീലവർണ്ണം ചാർത്തി, വക്കുവളച്ച പുരികക്കൊടികളാൽ പരിഹസിച്ചതെന്തിനെയാണ് നീ.. സഹതാപത്തിരമാലകളെയോ..? കൊടുങ്കാറ്റുകളിലുടയാത്ത നിന്റെ കാമാത്തിപ്പുരകളിലേക്കു ഞാനിനി പെരുംതീമഴയായ് പെയ്തിറങ്ങും.. കാൽക്കാശിനു നീ വിറ്റഴിച്ച രതിശില്പങ്ങളെയെല്ലാം ഒന്നുമാറിയൊന്നുമാറിയെൻ തീനാമ്പുകളാൽ ഭോഗിച്ചു രസിക്കണമെനിക്ക്.. വികാരവിചാരരഹിതമായി. എനിക്കറിയാം.... ചാരക്കുണ്ടിൽ നിന്നുപോലും നീ പറന്നുയരുമെന്ന്.. കരിമേഘങ്ങളെ ഘനീഭവിപ്പിച്ച് പ്രളയമഴയൊരുക്കട്ടെ എന്റെ ആകാശമപ്പോൾ... #ശ്രീ. 27/8/18ന് പുറത്തിറങ്ങിയ കാവ്യസുരഭി എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച

Poem Malayalam സാറ്റുകളിയിലെ പൈതൽ

Image
#സാറ്റുകളിയിലെ_പൈതൽ* വിരലിന്റെയഗ്രത്തിലൂടെ വഴുതിയൊഴുകി നീയോമനേ.. മുലയുണ്ടുറങ്ങിയ കുഞ്ഞേ നീ- യാമത്തിലൊരു പ്രളയത്തിൽ പിരിഞ്ഞുവോ അമ്മയെ... മലമണ്ണു നിന്നെയും മൂടിക്കടന്നുപോയ് പകലിൽ തിരഞ്ഞവർക്കായില്ല നിന്നൊളിച്ചു കളിയിലാപൂമേനി കണ്ടതില്ല...  എങ്കിലും തീരത്തു കണ്ടുനിന്നമ്മയെ നിത്യസമാധിയിൽ പാതിദേഹം അപ്പോഴുമുണ്ടാ മുലക്കണ്ണിലാകവെ രക്തം തുടിച്ചുചുവന്ന ചിത്രം..! പ്രാണൻ വെടിയുന്നതിന്നുമുന്നേ നീയാ പാഥേയസ്നേഹം നുകർന്നിരിക്കാം കാലം വിളിച്ചനേരം മാതൃഹൃത്തിലേ- ക്കാവതും നീ ചേരുവാൻ ശ്രമിച്ചോ ആമധുവെന്നുമേ ഈയിഹത്തിൽ മാത്ര മാകുമെന്നുള്ളതും നീയറിഞ്ഞോ പ്രാണൻ പിടഞ്ഞോരു നേരത്തുമമ്മയെ കൂടെപ്പിടിച്ചണച്ചോടിയെന്നോ...? എങ്കിലുമെൻകുരുന്നേ ഇനിന്നുടെ കൊഞ്ചലിനമ്മയും കൂടെയുണ്ടോ സങ്കടമുണ്ടേറെയിന്നലയും കുഞ്ഞു- കണ്ണുമറച്ചു കളിച്ചതല്ലേ നമ്മൾ ഇന്നു തോൽക്കുന്നു ഞാനീക്കളിയിൽ സാറ്റുചൊല്ലുവാനാകാതെ വിങ്ങിടുന്നു.    ...#ശ്രീ *ഉരുൾപൊട്ടലിൽ  ഉറങ്ങിക്കിടന്ന ഒരു  ഒരുകുടുംബം ചെറിയ കുഞ്ഞുൾപ്പെടെ മരണപ്പെട്ടുപോയ സങ്കടത്തിൽനിന്ന്.

Poem Malayalam

Image
#ചില_നിശ്ശബ്ദതകൾ_ശബ്ദങ്ങളും* ചില നിശ്ശബ്ദതകൾ.. നമ്മെ വല്ലാതെ തളർത്താറുണ്ട്.. പലപ്പോഴുമാ ശബ്ദമില്ലായ്മകൾ മാനംമുട്ടെ വളരുന്നതുകാണുമ്പോൾ നാമറിയാതെ ഉലഞ്ഞുപോകാറുണ്ട്...! ഉച്ചിയിലേക്കേതു നിമിഷവുമാകാം അവയുടെ വൻവീഴ്ചകൾ. ചില ശബ്ദങ്ങൾ വല്ലാതെ അലോസരപ്പെടുത്താറുണ്ട് ചിലമ്പിച്ചവയായാലും , ശ്രുതിമധുരമായാലും കർണ്ണപുടങ്ങളിലതിരച്ചുകയറുമ്പോൾ മസ്തിഷ്കഭൂകമ്പങ്ങളിൽ നാമുലഞ്ഞടിഞ്ഞുപോകുന്നു. ശബ്ദനിശ്ശബ്ദ ഗതിയൊഴുക്കുകളെ അരിച്ചെടുക്കുന്നൊരു യന്ത്രം, തേടിയെടുക്കുകയാണെന്റെ ലക്ഷ്യം ഇഷ്ടാനിഷ്ടങ്ങളറിഞ്ഞു തരംതിരിക്കുന്നൊരു യന്ത്രം.. "മനസ്സുവായിക്കുന്നൊരു യന്ത്രം.." പിന്നെയെനിക്കീ- ശബ്ദങ്ങളെയുപേക്ഷിക്കണം..! നിശ്ശബ്ദതകളെയും...!           #ശ്രീകുമാർശ്രീ * രചന 27/7/18ൽ പുറത്തിറങ്ങിയ  കാവ്യസുരഭി എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ചതാണ്.