poem malayalam
ഞാനും മീനും
`````````````````````
ഞാൻ പരൽമീനിനോട്...
" ഒറ്റമുണ്ടിന്റെ ഓട്ടയിലൂടൊഴുകി
തിരികെ പുഴയിൽ വീണ്,
എന്നെപ്പറ്റിച്ചോടിയ
നിന്റെ പിതാവിനോടുളള പ്രതികാരമാണിത്. നിന്നെയീ ഓട്ടയില്ലാത്ത
മുണ്ടിലൊതുക്കിപ്പിടിച്ച്
കൈയ്യിലൊതുക്കിയിതാ എന്റെ മക്കൾ....."
പരൽമീൻ എന്നോട്......
" ഓടിയൊളിക്കാനായിരമിടങ്ങളടങ്ങിയ
പുഴയായിരുന്നച്ഛന്റെ ധൈര്യം...
നിന്റെ പേരക്കിടാങ്ങൾക്ക് ചൂണ്ടിക്കാട്ടാനൊരു വംശാവലിയെ
നിലനിർത്താതെ ഞാനിതാ പോകുന്നു.
ഇതാണെന്റെ പ്രതികാരം.."
ഇത്രയും പറഞ്ഞ് പരൽമീൻ
മകളുടെ കൈവെളളയിൽ നിന്ന്
താഴേക്ക് മൂക്കുകുത്തിച്ചാടി
ആത്മഹത്യ ചെയ്തു.
#ശ്രീകുമാർശ്രീ.
ടിയ്ക്കുള്ള നിരൂപണം
കവിതകള്‍ വെറും അക്ഷരക്കൂട്ടുകളാവരുത്. അടുക്കിയൊതുക്കിവച്ച വരികള്‍ സംവേദിക്കുന്ന മഹാസത്യം അത് വായനക്കാരനിലേക്കു പകര്‍ന്നേകുമ്പോള്‍ വരികളിലെ തീഷ്ണതലം അവനെ പൊള്ളിക്കുന്നു. പറയാതെ പറയുന്ന അര്‍ത്ഥതലങ്ങളൊരുപാട് വരികള്‍ക്കിടയിലൊളിപ്പിച്ച ഒരു കൊച്ചുകവിത അതാണ് ശ്രീകുമാര്‍ ശ്രീയുടെ 'ഞാനും മീനും'.
നമുക്കു നഷ്ടമായ പലതിന്റേയും ഓര്‍മ്മപ്പെടുത്തലായ് കവിത വായനക്കാരനെ നൊമ്പരപ്പെടുത്തുന്നു. തനിക്കു നഷ്ടമായ ബാല്യം കവിയും തനിക്കു നഷ്ടപ്പെടുത്തിയ പുഴയെ മീനും ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഒരു വിചാരണക്കൂടിനകത്തേക്ക് നാമെത്തപ്പെടുന്നു. അതും തലമുറകളുടെ സംവാദമെന്നരീതിയില്‍ കാലഘട്ടത്തിന്റെ മാറ്റം വരികളിലാവാഹിച്ച്.
ഒറ്റമുണ്ടുകൊണ്ടു പരല്‍മീന്‍ പിടിക്കാന്‍ ശ്രമിച്ചതും ആ ഒറ്റമുണ്ടിന്റെ ഓട്ടയെന്ന ദാരിദ്രത്തിന്റെ ഓര്‍മ്മയടയാളത്തിലൂടെ രക്ഷപ്പെട്ടോടുന്ന മീനും, ദാരിദ്രമറിയാത്ത ഓട്ടയില്ലാത്ത, രക്ഷപ്പെട്ടോടുവാന്‍ പഴുതില്ലാത്ത ഒറ്റമുണ്ടിനാല്‍ പ്രകൃതിയെ കുരുക്കുന്ന ഇന്നത്തെ തലമുറയും എത്ര കൃത്യമായി വരികളിലൊളിപ്പിച്ചിരിക്കുന്നുവെന്നത് അസൂയാര്‍ഹംതന്നെ.
അത്തരം അഹങ്കാരത്തിന് പരല്‍മീനിന്റെ പ്രതികരണം ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ വിളിച്ചോതുവാന്‍ പ്രാപ്തമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും ശ്രദ്ധേയം.
ഓടിയൊളിക്കാനായിരമിടങ്ങളടങ്ങിയ
പുഴയായിരുന്നച്ഛന്റെ ധൈര്യം.
എന്നു പറഞ്ഞുവക്കുമ്പോള്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ പുഴ ഒരു ഓര്‍മ്മമാത്രയവശേഷിപ്പിച്ച നമ്മെ തിരിച്ചറിയിപ്പിക്കുകയാണ് പരല്‍മീനിന്റെ മറുപടിയിലൂടെ, തുടര്‍ന്ന് നിന്റെ പേരക്കിടാങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനൊരു വംശാവലിയെ നിലനിര്‍ത്താതെ അപ്രത്യക്ഷമാകുന്ന പ്രകൃതിയുടെ പ്രതിനിധിയായി പരല്‍മീനിന്റെ ആത്മഹത്യ ഏറെ ചിന്തകള്‍ക്കു വഴിവക്കുന്നു.
വരികളുടെ എണ്ണത്തിനപ്പുറം അതു സംവേദനംചെയ്യപ്പെടുന്ന ആശയവും അതിന്റെ അവതരണവുമാണ് ഈ കവിതയെ മികച്ചതെന്ന വിലയിരുത്തലിന് പ്രാപ്തമാക്കുന്നത്.
അഭിനന്ദനങ്ങള്‍ ശ്രീകുമാര്‍ ശ്രീ ചിന്തോദ്ദീപകമായ വരികള്‍ക്ക്.
കുടുതല്‍ വായനയ്ക്ക് കവിതയിലേക്കുള്ള സൂചിക കൂടെ ചേര്‍ക്കുന്നു.
https://m.facebook.com/groups/921479638008555?view=permalink&id=1047911745365343
Comments