Poem Malayalam

വായില്ലാക്കുന്നിലപ്പൻമാർ

വിശപ്പ്...
ഉപേക്ഷിച്ച ഒരുനേരത്തെ
ആഹാരത്തിന്റെ ഓർമ്മയാണത്..
നാലാമത്തെ പീരിയേഡിൽ
വായുവിൽ പരക്കുന്ന ഉച്ചക്കഞ്ഞിയുടെ ഗന്ധം.....
ഉളളിലുയരുന്ന വിശപ്പിന്റെ ഗന്ധവുമായി
ഇണചേരുന്ന പരിസമാപ്തിയിലാണ്
പ്ലാവിലക്കുമ്പിളും ചുണ്ടും തീർക്കുന്ന സീൽക്കാരമുണരുന്നത്.

എന്നുമാർക്കും പ്രാർത്ഥനയാണത്,
ഈശ്വരനും ഭക്ഷണവും....!!

അവസരവാദിയായ ഭഗവാന്‍  അത്താഴപട്ടിണിക്കാരനു
തണലേകുമെന്ന് പറഞ്ഞതാരാണ്..?
ജനാധിപത്യം  ദാരിദ്ര്യം തുടച്ചെറിയുമെന്ന്
ഉദ്ഘോഷിച്ചവനുമാരാണ്..?

എനിക്കറിയാമിപ്പോൾ, കാക്കകാഷ്ഠങ്ങളിലഭിഷേകമാടി
പാതയോരങ്ങളിൽ വിശ്രമിക്കയാണവർ.
അഭിപ്രായങ്ങൾ പ്രസവിച്ച ഇരുമ്പുലക്കകളുരുക്കാൻ
ആലകളില്ലാത്തവർ, ആലയങ്ങളുമില്ലാത്തവർ...
വിശക്കാതിരിക്കാൻ ആമാശയങ്ങളിലാരോ
കോൺക്രീറ്റ് നിറയ്ക്കപ്പെട്ടവരാണവർ.
വായകൾക്കുപകരമവിടെ വരകളവശേഷിപ്പിച്ചവർ.
വായില്ലാക്കുന്നിലപ്പന്മാർ.
        #ശ്രീകുമാർശ്രീ

ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച കാലത്തോട് കലഹിക്കുന്ന കവിതകൾ എന്ന പുസ്തകത്തിൽ നിന്നും

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്