poem malayalam

കാവ്യമുകുളങ്ങൾ എന്ന കവിതാസമാഹാരത്തിൽ പ്രസിദ്ധീകരിച്ച എന്റെ #തുലാമഴ എന്ന കവിതയും ശ്രീമതി ഉമാദേവിയുടെ ആസ്വാദനവും..

#തുലാമഴ

തുലാമഴ....
മധുരമായെന്തോ
മൊഴിയുകയാണ്...
സുഖദദായിനിയായ്....
ജാലകപ്പുറത്തെ കാഴ്ചമറച്ച്,
നിദ്രയ്ക്ക് നിശ കൂട്ടുവിളിക്കുന്നു.
ഉടലുമുയിരുമലിഞ്ഞൊരുറക്കത്തിന്..

ശുഭരാത്രിയോതാൻ മറന്നുമറഞ്ഞു,
മഴപ്പാട്ടിന് താളം പിടിച്ചൊരുസന്ധ്യ.
മച്ചിലൂടെ ചോർന്നൊഴുകുന്നൊരു പുഴ
ഓട്ടുകിണ്ടിയിലപശ്രുതി തീർക്കുന്നു..

മഴയ്ക്കൊപ്പം വേഴ്ചകഴിഞ്ഞ്,
ജാലകപ്പഴുതിലൂടെത്തി
നനുത്ത ചുംബനബാക്കി പകർന്ന
കാറ്റിന്റെ ചുണ്ടിലൊത്തിരി നനവ്..
കൂർത്ത ചില്ലയിലൊന്നിൽ
ചിറകുപൂട്ടിയ രാക്കിളിപ്പാട്ട്
ഹൃദയതന്ത്രിയിലരുമയായ്
ഒറ്റക്കമ്പിമീട്ടിയൊരുതാളമിടുന്നു.

മിഴിത്തുമ്പിലേറിയൊരാകുലഭാവം
ഈറനേറിവന്ന കൈവിരൽ മായ്ക്കുന്നു
ഗാഢാലിംഗനങ്ങളിൽ  ആപാദം-
പിറക്കുന്നതഗ്നിസ്ഫുലിംഗങ്ങൾ

മഴ തകർത്തെറിയുകയാണ്,
ആകുലതകളുമാശങ്കകളും.
മഴ കോർത്തെടുക്കുകയാണ്,
പ്രണയവും പ്രണയദാഹവും.
മഴ കോരിച്ചൊരിയുകയാണ്,
ഇരുഹൃദയങ്ങളിലേക്കമൃതരേണു.
മഴ ഇരുവർക്കുമായൊരു
മറതീർക്കുകയാണ്,
തണുത്ത കമ്പളത്താൽ.

മഴ മധുരമായെന്തോ.....
മൊഴിയാതിരിക്കുവാൻ
ചൂടാറുന്ന നീണ്ടവിരലുകളാൽ
അധരങ്ങളെ പൊത്തിവയ്ക്കയാണ്.
മഴ പതിയെ നെടുനിശ്വാസങ്ങളുതിർക്കയാണ്....


          ശ്രീ.
Thanks നീലാംബരി and Chris publications.

തുലാമഴയുടെ മൊഴികേട്ട് മനസ്സും ശരീരവും അലിഞ്ഞുചേർന്നൊരുറക്കത്തിലേക്ക് രജനി കൂട്ടുവിളിക്കയാണ്.


മഴയുടെ സംഗീതത്തിന് താളംപിടിച്ചതുകൊണ്ട് സന്ധ്യ ശുഭരാത്രി നേരാൻ മറന്നുപോയ്.

മച്ചലിലൂടെ ഒലിച്ചിറങ്ങുന്ന മഴനീർ ഓട്ടുകിണ്ടിനിറക്കുന്നു അപശ്രുതിയാൽ

മഴയോടൊപ്പം ശയിച്ചു നിർവൃതിയടഞ്ഞു ജാലകവാതിലിലെത്തിയ കാറ്റിൻ്റെ ചുണ്ടിൽ മഴയുടെ  ചുംബനക്കുളിർ.

കൂടണഞ്ഞ രാക്കിളി ചില്ലയിൽ മധുരമായ് വീണാനാദം മീട്ടുന്നു.

മിഴികളിലെ ആകുലതമാഞ്ഞു

ശരീരം മൊത്തം പരിരംഭണത്താൽ അഗ്നിപടരുന്നു.

എല്ലാ വിഷമവും അലിഞ്ഞില്ലാതായി മഴയുടെ തണുത്ത കമ്പളത്താൽ ഇരുഹൃദയങ്ങളിലും .

അധരങ്ങൾ വിരലിനാൽ മൂടി പെയ്തൊഴിഞ്ഞ  മഴ നിർവൃതിയാൽ നെടുനിശ്വാസമുതിർത്തു.

അതിമനോഹരമായ മഴയുടെ തീവ്രാനുരാഗം

കവിതയിൽ വിരിഞ്ഞു.അഭിനന്ദനങ്ങൾ  

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്