Poem Malayalam ENNE KARUTHUMBOL

എന്നെ കരുതുമ്പോൾ

എന്റെ ശരികളെ
എനിക്കു വിട്ടേയ്ക്കുക..
അടിച്ചേല്പിക്കാൻതക്ക
മൂർച്ചയുണ്ടാവില്ലയവയ്ക്ക്..
സ്നേഹത്തിന്റെ മൂശയിൽ
സാന്ത്വനതൈലം പൂശി
ഞാനെന്നേ അവയുടെ
കുന്തമുനകളെ
തേയ്ച്ചൊതുക്കിയിരിക്കുന്നു.

എന്റെ ഇഷ്ടങ്ങളെ
പാടേ മറന്നേക്കുക
നഷ്ടമായ കളിക്കോപ്പുകൾ
വാർദ്ധക്യത്തിൽ
തിരികെക്കിട്ടിയപോലാണത്.
കളിയറിഞ്ഞിട്ടും
പേശിവഴങ്ങാത്ത
കാഴ്ചക്കാരനാണു ഞാൻ.

എന്റെ സ്വപ്നങ്ങൾക്ക്
ഇടമൊരുക്കേണ്ടതില്ലിനി..
നിദ്രയകന്ന ജീവനിൽ
ദിവാസ്വപ്നങ്ങൾപോലും
അന്യമായിരിക്കുന്നെനിക്ക്..

എന്റെ ശവക്കല്ലറ പണിയുക
ബലമില്ലാത്ത മരംകൊണ്ടുതന്നെ.
ജീവിതത്തിൽ
പ്രതിരോധമില്ലാത്തവൻ
സമരസപ്പെടുമ്പോൾ
എന്തിനു കലഹിക്കണം?.
       #ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്