കാറ്റടർന്ന് വീഴുമ്പോൾ. Story Malayalam

  #കാറ്റടർന്നുവീഴുമ്പോൾ

വീട്ടിലേക്കുള്ള വഴി മറന്നിട്ടില്ല....
ഇടവഴി, തഴുതാമയും പൂവാങ്കുരുന്നും കൈയേറിയിരിക്കുന്നു.. ആ സ്വാതന്ത്ര്യപ്രഖ്യാപനത്തെ  ചവിട്ടിമെതിക്കാനായില്ല..  മൺകല്ലടുക്കിത്തിരിച്ച കിണറ്റുവട്ടത്തിനരുകിൽ ഇലകളില്ലാതെ ഒരിലമുളച്ചിത്തണ്ട്,   ഉച്ചിയിലൊരു മഞ്ഞവാലൻതുമ്പിയെചൂടി പതുങ്ങിനിൽക്കുന്നു..!
പിതൃക്കൾ ഉറങ്ങിയയിടത്ത് ചിലനിമിഷം മൗനമായി..

ആകാശംമുട്ടെ നീണ്ടുപോയൊരു കറിവേപ്പില, ചുവട്ടിലെത്തിയ പ്രിയതമയ്ക്ക് രണ്ടിലയടർത്താൻപോലുമാവാതെ  പ്രതിഷേധസൂചകമായി നിലകൊണ്ടു.  നിത്യവും അമ്മ ഇലനുള്ളിത്തലോടി വളരാൻ മടിച്ചുനിന്നതാണ് പണ്ട്.. മുകളിലേക്കൊന്നു മിഴികളുയർത്തി,  "നീയെന്ന ഓർക്കുന്നുണ്ടോ..?" ചോദിക്കുന്നുണ്ടാകുമത്,  ഒരമ്മവാക്കു പോലെ.
ഉരക്കളത്തിലെ ചപ്പുചവറുകൾക്കിടയിൽ നിന്നൊരു ചാരസുന്ദരി ഇറങ്ങിവന്നു. അത് തന്റെ നീലക്കണ്ണുകളാൽ  സാകൂതമൊന്നു നോക്കി പിന്നെ മൻതാരയ്ക്കപ്പുറം മറഞ്ഞു. കൂടെനടന്നുകളിച്ച  സുറുമിയുടെ പിൻതലമുറയാവുമത് തീർച്ച. തീക്കണ്ണുകളും കുഞ്ഞിരോമങ്ങളും ഇല്ലാത്തതിനാലാവും നഗരക്കൂടുകളിലെ പഞ്ഞിമെത്തകളിൽ ചേക്കേറാനാവാതെ എന്നുമീ ഉരക്കളത്തെ ഭ്രമണം ചെയ്യുന്നത്.
"നീയിതുവരെ എന്നെ ഗൗനിച്ചതേയില്ല...!" - ചാഞ്ഞൊരു ചില്ലയാൽ പരിഭവത്തോടെ ചാമ്പമരമൊന്നു തോണ്ടിവിളിച്ചു.. തായ്ത്തടിയിലവിടവിടെ നീരുവീർത്തിരിക്കുന്നു. കായാകാതെ കരിഞ്ഞ രണ്ടു പൂക്കളുണ്ട് ചില്ലയിൽ.  "ആർക്കുവേണ്ടി കായ്മണികൾ തൂക്കണം ഞാൻ..? " മൗനമായൊരു ചോദ്യമുതിർക്കുംപോലെ ആ കരിഞ്ഞപൂക്കൾ നിലത്തുവീണു. കൂടെ വന്ന മകളുടെ മുഖത്തേയ്ക്കുനോക്കവെ കാറ്റിലൊരു നെടുവീർപ്പലയടിച്ചപോലെ തോന്നി...
കൈയിലൊരുപിടി കനകാമ്പരപ്പൂക്കളിറുത്ത് മകൾ മുന്നിൽ നടന്നു.. ഇടവഴിയികൈയേറിയ തഴുതാമലതകൾ കാലിൽ ചുറ്റിപ്പിടിക്കുന്നുണ്ട് വീണ്ടും വീണ്ടും ജീവന്റെ സ്പർശനം പോലെ. പിൻതിരിഞ്ഞുനോക്കിയില്ല.. ഇടനെഞ്ചിലെവിടെയോ കുതിപ്പുകളടങ്ങിയൊരു കാറ്റടർന്നുവീഴുന്നുമുണ്ട്.. ആരുമറിയാതെ.

#ശ്രീ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്