Rakthasakshiyude Rathri. Malayalam Poem
രക്തസാക്ഷിയുടെ രാത്രി.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
കാറ്റ്, മഞ്ഞമന്ദാര ചില്ലയെ
ചെറുതായൊന്നുലച്ചുവോ...
നനഞ്ഞ ചിറകു പൂട്ടി ചില്ലയിൽ,
തനിച്ചിരുന്നൊരു ചെറുപക്ഷി പറന്നകന്നുപോയിരിക്കുന്നു.
ഇലകളിൽ തങ്ങിനിന്നിട്ടൂർന്നുവീണ
ജലകണങ്ങൾ, ഇരുളിൽ
ശ്രുതിയിട്ടുനോക്കിയത്
ഏതീണമായിരിക്കും.
അപശ്രുതിയാവണമത്.
ജാലകത്തിനു കീഴെ
സടകുടയുന്ന ശ്വാനൻ
പ്രതിഷേധമറിയിക്കുന്നുണ്ട്
മഴയോടോ കാറ്റിനോടോ...?
അടുക്കളയിരമ്പങ്ങളവസാനിക്കെ,
ചെമ്പുപാത്രത്തിലെ
പൊടിയരി വെന്ത ജലം,
തൊണ്ട നനച്ചുറക്കത്തിനടയാളം..
.......................................................
അവസാനവെട്ടവുമണയുമ്പോൾ
നിശ ഒരേകാന്തത മനയുമ്പോൾ
പനമ്പായവിട്ടുണരണം..
തൊടിമുതൽ കൂനൻകുന്നുവരെ നടത്തം
ആൽത്തറയിലൊരു വെടിവട്ടം..
മുറുക്കിത്തുപ്പിയൊഴിക്കണം
നൂറു ചൊമപ്പൻ രക്തബിന്ദുക്കൾ...!
......................................................
പുലരുംമുമ്പ് തിരികെയണയണം
ചൊമപ്പുരാശിയറ്റ കാപ്പിമണമേറ്റ്
ജീവനുണ്ടെന്ന് ശഠിക്കണം..
ചെറുജാലകമേറിവരുന്ന
പകലിനോടിന്നും പറയണം
"ലാൽസലാം സഖാവേ.."
#ശ്രീ
Comments