ഇടനെഞ്ചിലെ തുടിപ്പുകൾ. Poem Malayalam
ഇടനെഞ്ചിലെ തുടിപ്പുകൾ
------------------------------------------
കാട്ടുചെമ്പകപ്പുക്കളെയാകയും
നേർത്തനാരിനാൽ കോർത്തുഞാൻ തീർത്തൊരാ-
കുഞ്ഞുഹാരമണിഞ്ഞുനീ നമ്രയായ്
നിന്നതോർമ്മയിലിന്നുമുണ്ടോമനേ.
കാകളിപ്പദമോതിയ പക്ഷിതൻ
കൂജനം നമുക്കന്നു കുരവയായ്
മുത്തണിപ്പൂവ് കാത്തുനിന്നൊരാ
പാതനീളെ കരംചേർത്തുപോയിനാം.
കൂപമണ്ഡൂകനാദസ്വരം കേട്ട്
മേഘമന്ന് പൊട്ടിച്ചിരിച്ചന്നേരം
പേടി നിന്നെയെൻ മാറോടണച്ചതും.
ചേർത്തണച്ചുപിടിച്ചുഞാനന്നെന്റെ
സാന്ത്വനത്തിനൊരുമ്മനീയേകിയോ.?
[ആദ്യചുംബനമാനന്ദമാകുവാൻ
കാലമായില്ല രണ്ടാൾക്കുമന്നെന്നാ-
ലാനുണക്കുഴിയോരം ചുവന്നുവോ
ആ മിഴിപ്പൂക്കളെന്തിനോ കൂമ്പിയോ
പിന്നെവന്നമഴകളേതൊന്നുമേ
തന്നതില്ലതുപോലൊരു സന്ധ്യയും
ഒട്ടുനേരം നനഞ്ഞുപകൽമഴയെത്ര-
മോഹിച്ചു നിൻമുഖദർശനം.]
തപ്തമോഹങ്ങൾ കത്തിക്കരിഞ്ഞിടും
വൃദ്ധസന്ധ്യ വിടപറഞ്ഞീടുന്നു
അല്പമാത്രമായ് നെഞ്ചിടിപ്പിൻ സ്വരം
അസ്തമിക്കുവാനെൻപകലോടുന്നു.
ചക്രവാളം കറുക്കുന്നുചുറ്റിലും
സ്വപ്നബിംബമൊരാഴിയിലമരുന്നു.
നീയറിയാതെയേകിയ വേദയ്ക്കാ-
രൊരാൾ മൃദുസാന്ത്വനമേകിടും.
ഇല്ലയെന്നാലുമീയന്ത്യനാളിലും
തെല്ലുപാടാതിരിക്കില്ല നിൻപദം
ഈയിടയ്ക്കയിൽ പാടുവാനെന്നെന്നു
മാകെയുള്ള രണ്ടക്ഷരം നിൻപദം.
#ശ്രീ. 2016.
Comments