ചേതന - POEM-MALAYALAM
#ചേതന
(വൃത്തം- മദമന്ഥര)
മരമമ്പിളിപൂക്കും രാവിൽ
മനമാകെ കുളിരും നിനവിൽ
മധുമാരി ചെരിയും ഗാനം
പ്രിയമുരളിയിലൂതുവതാരോ.
അനുരാഗം മൂളുവതാരോ..?
ഒരുമാരുതനരികെവന്നിട്ടി-
രുകവിളിലുമലസം തഴുകി
ചന്ദനസുഖമൊഴുകും ഗന്ധം
തരളിതമായ് ചേർക്കുവതെന്തേ.?
ചെറുവെട്ട വിളക്കുകൾ പേറി,
ഇരവിൽ സുഖനർത്തനമാടും
ചെറുജീവികളെന്തിനു വാനിൽ
കുറുകവിതകളെഴുതുന്നിവിടെ?
ചെറുമഞ്ഞിൽ ചിറകുകൾ പൂട്ടി
ഇമചിമ്മിയിരുന്നൊരു രാക്കിളി,
ചിലനേരം ചിറകുകുടഞ്ഞു
കുറുകും സ്വരമെന്തായിടുമോ..?
നറുവെന്മനിലാവുപരക്കെ
അരുവിയലയതു ചിതറിച്ചും
മൃദുകളരവസ്വരവുമുതിർത്തും
പുഴപാടിയ പദമെന്താവോ...?
അറിയില്ല നിലാവും നിഴലും
സുഖദായിനിയാമീ നിശയും
കരളിൽ കുളിർകാറ്റായ് പകരും
പ്രിയതരമാമൊരു ചേതനയെ..!.
#sreekumarsree.
Comments