My sewing machine- Article

ഒരുകാലത്തെ എന്റെ തയ്യൽമെഷീൻ ഇതായിരുന്നു. രണ്ടു മച്ചിങ്ങയും നാലു ഈർക്കിലും കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ആർക്കും മെനയാവുന്ന ഈ ഉപകരണത്തിനിടയിലേയ്ക്ക് പേരയിലയും ചാമ്പയിലയുമൊക്കെ തിരുകികയറ്റി തുന്നുന്ന കളി രസമായിരുന്നു. സാരിയിൽ എമ്പ്രോയിഡറി വർക്കാണെങ്കിൽ നീളമുള്ള തെങ്ങോലയിലാണ് (ഓലക്കാൽ)പണി. കൂട്ടത്തിൽ പറയട്ടെ നമ്മുടെ കുട്ടിക്കാലത്ത് എത്രമാത്രം കളിപ്പാട്ടങ്ങളാണ് നമ്മൾ തെങ്ങിന്റെ വസ്തുക്കളാൽ നിർമ്മിച്ചത്..! ഓലപീപ്പിമുതൽ വലിയ മച്ചിങ്ങയിൽ കാക്കണംകമ്പു വളച്ചുകയറ്റി വണ്ടിയോടിച്ചതെത്രകാലം...! ഈർക്കിലുകളിമുതൽ ഓലപാമ്പു നിർമ്മാണം കുരുത്തോലതത്ത, ഓലപന്ത് അങ്ങിനെ എത്രയെത്ര കളിപ്പാട്ടങ്ങളാണ് നാമീ കല്പവൃക്ഷത്തെ ആശ്രയിച്ച് സ്വയമുണ്ടാക്കിയത്. ചുരുക്കത്തിൽ മുതിർന്നവർക്കുണ്ടായതുപോലെതന്നെ കുട്ടികൾക്കും ഉപകാരപ്രദമാണ് തെങ്ങ്. തെങ്ങ് ചതിക്കില്ലെന്ന പഴമൊഴിയുടെ പിൻപറ്റി നമ്മെയെല്ലാം തെങ്ങിൽതോപ്പുകളിൽ മതിയാവോളം മേയാൻ വിട്ടിരുന്നു.
പ്രകൃതിയുമായിണങ്ങിയൊരു ആരോഗ്യകരമായ ബാല്യം നമുക്കുണ്ടായിരുന്നു. നമ്മുടെ കുട്ടിക്കാലത്ത്  നമ്മുടെ പ്ലാസ്റ്റിക്ക് കളിക്കോപ്പ്, കുറച്ച് വർണ്ണക്കടലാസും നാലുതുണ്ട് ഫിലിമും മാത്രമായിരുന്നു.  എന്നാലിന്ന് പ്ലാസ്റ്റിക്ക് ബന്ധം ജനിച്ചുവീഴുന്ന കുഞ്ഞിനെ പൊതിയുന്ന ഡയപ്പർ മുതൽ തുടങ്ങുന്നു. മണ്ണിനോട്ചേർന്ന് വളർന്ന് നൈസർഗ്ഗികമായി പ്രതിരോധശേഷിയും മാനസികശേഷിയുംനേടി വളരുന്നൊരു തലമുറ നമുക്കന്യംനിന്നുപോയകാര്യം വേദനയോടെ സ്മരിക്കുന്നു.
#sreekumarsree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്