Poetry Malayalam
പേരുപോയവൻ.
നിഴലുപാതി പകുത്തു വെയിലിന്,
പകുതിയേകി നെടുകെ മുറിച്ചതും
പകലുറങ്ങിയിരുണ്ടതും രാത്രികള-
കലെയെങ്ങോ നിഴൽ കണ്ടുപാഞ്ഞതും.
അറിയുവാനെനിക്കായില്ല തെല്ലുമീ
കനവുപോലും കടംവരാകണ്ണിലെ,
തിമിരബിന്ദുവാ കാഴ്ച മറച്ചന്നാ-
തിരിതെളിക്കാതെ സന്ധ്യയും മാഞ്ഞുപോയ്.
ഒരു തരിവെട്ടമുള്ളിൽ മുളയ്ക്കുന്നു
ചിറകു പൂട്ടിടാറായൊരെൻ പ്രാണനിൽ
നിലയുറയ്ക്കാതെ കാഴ്ചകൾ മങ്ങുന്നു
തിരി തെളിഞ്ഞതെൻ നെഞ്ചിലെന്നറിയാതെ
ചിലതു ചൂണ്ടാതിരിക്കുവാനായിടാം
വിരലു ചേർത്തണച്ചൊറ്റനൂലാലാരോ
ഉദരമദ്ധ്യേ പിടച്ചടക്കീടുന്നു.
മരണഗന്ധം മനംപുരട്ടീടാതെൻ
ഘ്രാണസുഷിരങ്ങൾ നന്നായടയ്ക്കുന്നു.
ചിലതു ചൊല്ലുവാനുണ്ടെന്നറിഞ്ഞാരോ
വായ്തുറക്കാതെ ചിബുകം കെട്ടുന്നു
വാക്കു പണ്ടേ മറന്ന മനസ്സിന്റെ
നാക്കു ബന്ധിച്ചതെന്തെന്നതിശയം
കാടണഞ്ഞ മനസ്സു കടംകൊണ്ട,
കാനനത്തിന്റെ ഭാവം വെടിഞ്ഞിതാ
ആവനാഴിയൊഴിഞ്ഞ മനസ്സുമായ്
പേരുപോലുമുപേക്ഷിച്ചിരിപ്പു ഞാൻ.
#ശ്രീ.
Comments