INSCRIPTION MALAYALAM
#ഓണക്കാര്യം
#മഹാബലി.
മഹാബലി എന്ന വാക്കിനെ വലിയ ത്യാഗം ചെയ്തവൻ എന്നാണ് വ്യാഖ്യാനിക്കുന്നത്.. മഹാബലിയുടെ യഥാർത്ഥ നാമം ഇന്ദ്രസേനൻ എന്നായിരുന്നതായാണ് ഐതീഹ്യം. പുരാണപ്രകാരം വിരോചനന്റെ പുത്രനാണ് മഹാബലി. മഹാബലിയുടെ ഭാര്യ വിന്ധ്യാവലി എന്നും പുത്രൻ ബാണാസുരനാണെന്നുമാണ് പുരാണം.
മഹാബലി നർമ്മദാ തീരത്തെ ഭൃഗുകച്ഛം എന്ന സ്ഥലത്ത് വച്ച് "വിശ്വജിത് യാഗം" നടത്തവെ മഹാവിഷ്ണുവിന്റെ വാമനാവതാരം അവിടെത്തി. അസുരഗുരുവായ ശുക്രാചാര്യരുടെ എതിർപ്പ് വകവയ്ക്കാതെ മഹാബലിയിൽ നിന്നും വരംനേടി, വാമനൻ തന്റെ പാദസ്പർശത്താൽ മഹാബലിയെ അഹങ്കാരമുക്തനാക്കി സുതലത്തിലേക്കുയർത്തിയതായി ഭാഗവതത്തിലെ എട്ടാം സ്കന്ദത്തിൽ വിവരിക്കുന്നു. ബലി തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ വന്ന് കാണുന്നതിന് വരം നേടി ചിങ്ങമാസത്തിലെ തിരുവോണം നാളിൽ വന്നെത്തുന്നുവെന്ന സങ്കൽപ്പമാണ് കേരളത്തിൽ ഓണാഘോഷത്തിന് നിദാനം.
എന്നാൽ പണ്ട് കാലത്ത് തമിഴകത്തും ഓണം ആഘോഷിച്ചിരുന്നതായി സംഘകാലകൃതിയായ "മധുരൈകാഞ്ചി"യിൽ വിവരിക്കുന്നുണ്ട്.
#വാമനൻ
ത്രേതായുഗത്തിലാണ് വാമനാവതാരം സംഭവിച്ചതായി പുരാണങ്ങൾ പറയുന്നത്.. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ മാതാപിതാക്കൾ അദിതിയും കശ്യപനുമായിരുന്നു.
#അത്തപ്പൂക്കളം
ചിങ്ങമാസത്തിലെ അത്തം നാൾമുതൽ ചതയം നക്ഷത്രം വരെയാണ് ഓണാഘോഷം നീണ്ടുനിൽക്കുന്നത്. എന്നാൽ അത്തംമുതൽ തിരുവോണം വരയാണ് പൂക്കളം തീർക്കുന്നത്. ഓരോ ദിവസത്തെ പൂക്കളത്തിനും പ്രത്യേകം ചിട്ടകളും അനുശാസിക്കുന്നുണ്ട്. അത്തപ്പൂക്കളത്തിൽ ചെമ്പരത്തിപ്പൂവിന്റെ സ്ഥാനം ചോതിനാൾ മുതലാണ്. മൂലം നാളിലെ പൂക്കളം ചതുരാകൃതിയിലായിരിക്കണമെന്നാണ് ആചാരം. ഉത്രാടനാളിൽ അന്നുവരെ ഇട്ടതിനെക്കാളും പിറ്റേന്ന് ഇടുന്നതിലും വലിയ പൂക്കളം തീർക്കണമെന്നും ആചാരമുണ്ട്. കൂടാതെ തിരുവോണനാളിൽ തൃക്കാക്കരയപ്പന് അടനേദിക്കുന്ന ചടങ്ങും പ്രദാനമാണ്.
തിരുവോണത്തിന് ശേഷം ഇരുപത്തെട്ടാം ദിനം ഇരുപത്തെട്ടാമോണാമായി ആഘോഷിക്കുന്നു. കൃഷി മുഖ്യതൊഴിലായിരുന്ന, കർഷകസമൂഹം അവരുടെ കന്നുകാലികൾക്ക് വേണ്ടി നടത്തിയിരുന്ന ഓണമാണ് ഇരുപത്തെട്ടാം ഓണം. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഇരുപത്തെട്ടാം ഓണം വിശേഷ ദിവസമാണ്.
#പേരിനുപിന്നിൽ
സംഘകാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീർന്ന് മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത് ശ്രാവണ മാസത്തിലെ തിരുവോണ നാളിൽ ആണ്. ശ്രാവണത്തിന്റെ പാലി സമാന്തരമാണ് സാവണം. അത് ആദിരൂപം ലോപിച്ച് പാലിയുടെ തന്നെ നയമനുസരിച്ച് ആവണം എന്നും പിന്നീട് ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാൾ മുതൽ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകൾസ്വർണ്ണവുമായി എത്തുകയായി. അതാണ് പൊന്നിൻ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകൾക്കും പിന്നിൽ.
#സദ്യ
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം. കാളൻ, ഓലൻ,എരിശ്ശേരി എന്നിവയാണ് ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്- കടുമാങ്ങ, നാരങ്ങ,ഇഞ്ചിപ്പുളി, ഇഞ്ചിതൈര്. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്. ഉപ്പേരി നാലുവിധം- ചേന, പയർ,വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയുംപ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം ഓണസദ്യക്ക്. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത് പപ്പടം, വലത്ത് കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക് ചോറ്, നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറിൽ ആദ്യംപരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിർബന്ധം. ഇവിടെ ഓണത്തിന് മരച്ചീനിയും വറക്കാറുണ്ട്. എള്ളുണ്ടയും അരിയുണ്ടയുമാണ് മറ്റ് വിഭവങ്ങൾ.കുട്ടനാട്ട് പണ്ട് ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.
#പൂർണ്ണമല്ല...ശ്രീ.
Comments