poem - Malayalam
ഞാനുമെൻ കിനാക്കളും. ഇരുളും വെളിച്ചവു- മിണചേർന്ന നിമിഷത്തി- നിടവേളയൊന്നിൽ മറഞ്ഞുസൂര്യൻ.. നിഴലുമകന്നൊര- മാവാസിയായ് മന, മിരുളുഭുജിച്ചു- റങ്ങാൻ കിടന്നു. നിശപെറ്റമക്കളാം ഇരുളിൻ കിടാങ്ങളാ കനവുകൾ, പാത്തു- പാത്തരികിലെത്തി കഥപറഞ്ഞൊരുപാട് കളിചിരിയാടിയെൻ കരളിലൊരായിരം കുളിരുമേകി.. പുലരുവാൻ നാഴിക- യരനേരമുള്ളപ്പോൾ കനവിൻ കുരുന്നുകൾ യാത്രയായി. അരുതരുതെന്നു വിലക്കിഞാനാവതു, മവരേതുമല്പവും കേട്ടതില്ല. ഇനിവരും നിശയിലു മവരെത്തുമെങ്കിലെ- ന്നുയിരുപകുത്തു പകർന്നിടും ഞാൻ. പകലുവരുന്നേരമെന്ന- പ്പിരിയാതെ കരളിലൊരു സ്ഥിരം വേദിതീർക്കും. തളരുംവരെയവർ കളിയാടിടട്ടെഞാനവ- രിലൊരു കനവായിടട്ടെ. ശ്രീ.