Poem Malayalam

സ്വപ്നങ്ങൾ
+++++++++

ഇരുളിലേറെ നിറങ്ങളുമായെത്തും
വില്ലുവണ്ടിയാണെന്നുമീ സ്വപ്നങ്ങൾ
കുതിരയില്ലാതെ വന്നെത്തി നിദ്രയെ,
തരളമാക്കും നിശബ്ദശബ്ദങ്ങളാൽ.

ഒരുദിനം നമ്മെയരചനാക്കും നാളെ-
യിരവിൽ കേമനാമമരനുമാക്കിടും
ചിലദിനം തെരുവിലലയുന്നയാചക-
പ്രജയിലൊന്നാക്കിമാറ്റുവതെന്തിനോ.

പകലിലന്യമാണെങ്കിലുമെപ്പൊഴും
മനമതിൽ ഗൂഢമാക്കിയടുക്കിയ
ചിലനിറങ്ങൾ നമുക്കായിമാത്രമാ-
യിരുളിൽ ഗോപ്യമായേകും കിനാവുകൾ.

ഒരുദിനത്തിന്റെയന്ത്യത്തിൽ ജീവിതം
ചെറുമരണം പുതച്ചുറങ്ങുന്നേരം
ഒരു പ്രക്ഷേപണംപോലെന്തിനാവുമീ
മനമതിൽ നിറച്ചാടുന്നുവേഷങ്ങൾ.

പരിചിതം പല രൂപങ്ങളപ്പൊഴും
പതിവിലില്ലാത്ത ചമയമായെത്തുന്നു.
പകലുകാണാക്കിനാക്കളിതെപ്പൊഴും
പുലരിയിൽ നഷ്ടബോധമുണർത്തുന്നു.

മനുജജന്മത്തിലന്തമില്ലാത്തതായ്
പരമനീശൻ ചമച്ച വർണ്ണങ്ങളാൽ,
ചെറുവെളിച്ചവുമിണചേർത്തുനൽകുന്ന,
സുഖമിതല്ലോ  ചില കിനാകാഴ്ചകൾ.

ഇരവിലല്പാല്പമായി വർണ്ണിക്കുന്ന
പ്രവചനങ്ങളാകാമല്ലയെങ്കിലോ,
പരമകാരുണ്യവാനീ മനുഷ്യർക്ക്
ഇരവിലേകുന്നൊരാനന്ദമായിടാം.

ഏതുമാകട്ടെയെൻപ്രിയസ്വപ്നമേ
ഹേതുവുണ്ടാകിലുമില്ലയെങ്കിലും
കേവലനെന്റെയാനന്ദദായക-
മാകുമെന്നും നിനക്കു സുസ്വാഗതം.
         ശ്രീ. 5/3/17

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്