കോയിക്കൽകൊട്ടാരത്തിന്റെ ചരിത്രം
നെടുമങ്ങാട് കോയിക്കൽ കൊട്ടാരവും ഉമയമ്മറാണിയും.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് ടൗണിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം. 1670 കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ ( വേണാടിന്റെ താവഴിയായിരുന്ന പേരകം സ്വരൂപം) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ -തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണക്കാട് (ഇന്നത്തെ ആറ്റുകാലിന് സമീപം) തമ്പടിച്ചു.* അതോടെ ഏത് സമയവും ഒരാക്രമണം ഭയന്ന റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നത്.
കോയിക്കൽ കൊട്ടാരം കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു.
ഉമയമ്മറാണി.
1677 മുതൽ 1684 വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ രാജാവായി അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. രവിവർമ്മയുടെ മാതൃസഹോദരികൂടിയായിരുന്നു ഉമയമ്മ. ഇതിനുശേഷം 1718 വരെ രവിവർമ്മയായിരുന്നു വേണാടിന്റെ രാജാവ്. ഇവരാണ് കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി.
ക്രി.വ. 1684-ൽ അഞ്ചു തെങ്ങിൽ(Anjengo) ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ഉമയമ്മറാണിയാണ്. അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്. റാണി, 1698 ജൂലൈയിൽ മരിച്ചതായി പറയപ്പെടുന്നു.
റാണിയുടെ ജീവിതം
തിരുവിതാംകൂറിന്റെ മഹാരാജാവ് ആദിത്യവർമ്മയുടെ അനന്തരവൾ ആണ് ഉമയമ്മ റാണി എന്നറിയപ്പെടുന്ന ആറ്റിങ്ങൽ കോവിലകത്തെ അശ്വതി തിരുനാൾ ഉമയമ്മ റാണി തമ്പുരാട്ടി. ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു. ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല. ആറ്റിങ്ങൽ കൊട്ടാരത്തിലെ മൂത്തസന്തതിയായിരുന്ന ഉമയമ്മ റാണി, അമ്മാവന്റെ മരണത്തോടെ, വേണാട് രാജകുടുംബത്തിലെ രീതിയനുസരിച്ച് കിരീടാവകാശിയായിത്തീർന്നു. ക്രിസ്തുവർഷം 1677-ൽ അശ്വതിതിരുനാൾ തമ്പുരാട്ടി തിരുവിതാംകൂർ റീജന്റ് റാണിയായി അധികാരത്തിലെത്തി. തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിന്റെ (vol.1) കൊല്ലവർഷം 853-ൽ (എ.ഡി. 1678) ആണ് ഉമയമ്മ റാണി അധികാരത്തിലെത്തിയതെന്ന് പറയുന്നു. റാണി അധികാരമൊഴിഞ്ഞത് കൊല്ലവർഷം 859-ലാണെന്നും (എ.ഡി. 1684) വി. നാഗംഅയ്യ രചിച്ച സ്റ്റേറ്റ് മാനുവലിൽ പ്രസ്താവിക്കുന്നു.
കളിപ്പാൻകുളം ദുരന്തം
ഉമയമ്മ റാണിയെക്കുറിച്ച് കേട്ടുവരുന്ന ഒരു കഥ അനുസരിച്ച്, ഉമയമ്മ റാണിക്ക് ആറുമക്കളുണ്ടായിരുന്നെന്നും, എതിരാളികളായിരുന്ന എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗക്കാർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രഭരണക്കാരും റാണിയുടെ മക്കളിൽ അഞ്ചുപേരെയും കളിപ്പാൻ കുളത്തിൽ മുക്കി കൊലപ്പെടുത്തി എന്നും, അതിൽനിന്നു രക്ഷപെട്ട മുതിർന്ന കുമാരനാണ് പിന്നീട് തിരുവിതാംകൂറിന്റെ ഭരണാധികാരിയായിത്തീർന്ന രവി വർമ്മയെന്നും പറയപ്പെടുന്നു. പക്ഷേ ഇതു വെറും ഒരു കല്പിത കഥയാണെന്നു പിന്നീടുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. റാണിയുടെ കാലത്ത് വേണാടിന്റെ തലസ്ഥാനം തിരുവനന്തപുരമല്ല, കൽക്കുളം ആയിരുന്നു, എന്നത് ഈ കഥയെ തെറ്റെന്നു തെളിയിക്കാനുള്ള ഒരു വസ്തുതയായി അവർ എടുത്തു കാട്ടുന്നു. റാണിക്ക് മക്കളേ ഉണ്ടായിരുന്നില്ല എന്നും ഇപ്പോൾ അനുമാനിക്കപ്പെടുന്നു. ഈ സമയത്ത് ഉമയമ്മ റാണിക്ക് ആണ്മക്കൾ ഇല്ലായിരുന്നുവെന്ന് കേണൽ മൺറോ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉമാകേരളം
ഉള്ളൂർ എഴുതിയ മഹാകാവ്യമാണ് ഉമാകേരളം. ഇത് ഉമയമ്മറാണിയുടെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ഉമാകേരളത്തിന്റെ ഉള്ളടക്കം അധികവും ചരിത്രത്തിലുപരി കഥകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. റാണിയുടെ ആറു മക്കളുടെ കളിപ്പാൻകുളത്തിലെ ദാരുണമായ അന്ത്യവും മറ്റും കാവ്യരൂപത്തിൽ ഇതിൽ എഴുതപ്പട്ടിരിക്കുന്നു. സ്വന്തം മക്കളുടെ ദാരുണമായ മരണത്തിലും പതറാതെ മക്കളുടെ കൊലപാതകികളായ മാടമ്പിമാരുടെ ദുർഭരണത്തിനോടും വൈദേശികാക്രമണങ്ങളോടും വീറോടെ പൊരുതി വിജയിച്ച വീരനായികയായും ഉമാകേരളത്തിൽ റാണിയെ ഇതിൽ പ്രകീർത്തിച്ചിട്ടുണ്ട്. റാണിയെ കേരളത്തിന്റെ പ്രതീകമായാണ് രാജഭക്തനായ കവി ഇതിൽ ചിത്രീകരിച്ചിരുന്നത്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ഉമയമ്മറാണിയുടെ വിവരണങ്ങളും മറ്റും കല്പനാ സൃഷ്ടിയാണെന്ന് പിന്തുടർന്നു വന്ന പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അറിയപ്പെട്ട ചരിത്രഗവേഷകനായിരുന്ന ഉള്ളൂർ തന്നെയും തന്റെ ചരിത്രപഠനത്തിൽ കളിപ്പാൻകുളം സംഭവം നടന്നതിനു തെളിവുകളില്ലെന്നു സൂചിപ്പിച്ചിട്ടുള്ളതായി കാണുന്നു.
ഉമയമ്മയുടെ ഭരണം
റാണി ധൈര്യവും കഴിവും ഉള്ള ഒരു ഭരണാധികാരിയായിരുന്നുവെന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രങ്ങളിലെ വരവു ചെലവു കണക്കുകൾ കൃത്യമായി കാണിക്കണം എന്നു നിർദ്ദേശിച്ച റാണി, യോഗക്കാർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രഭരണക്കാരെ വരുതിയിൽ വരുത്തി ഒപ്പം അവരുടെ വിദ്വേഷപാത്രവുമായിരുന്നു.
റാണിയുടെ ഭരണകാലത്ത് 1679-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകപ്പെട്ടു. വിഴിഞ്ഞം(Bringjohn), വലിയതുറ (Ruttera) തുറമുഖം എന്നിവിടങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കാനുള്ള അധികാരവും ഇതിനു മുൻപുതന്നെ ഉമയമ്മയിൽ നിന്ന് ബ്രിട്ടീഷുകാർ തന്ത്രപൂർവ്വം ലഭ്യമാക്കിയിരുന്നു.
റാണിയുടെ കാലത്ത് വേണാട് സ്വരൂപത്തിലേക്ക് ഒരു അവകാശിയെ ദത്തെടുക്കേണ്ട ഒരവസ്ഥ വരുകയും റാണി "കൊച്ചു രാമൻ ഉണ്ണി പണ്ടാരത്തി"ലിനെ ദത്തായി സ്വയം നിർണ്ണയിക്കുകയും ചെയ്തു. ഇത് നെടുമങ്ങാട്ടെ പേരക താവഴിയിലെ കേരളവർമ്മയുമായി സംഘർഷത്തിനിടയാക്കി. കേരളവർമ്മയ്ക്ക് സ്വന്തം സഹോദരൻ ദത്തായി വരണമെന്നായിരുന്നു ആദ്യം ആഗ്രഹമെങ്കിലും, പിന്നീട് വഞ്ചി കുടുംബത്തിലെ ഏറ്റവും മൂത്ത സന്തതിയെന്ന നിലയിൽ തന്റെ തന്നെ അവകാശമായി ദത്തിനെ ഉന്നയിച്ചു. തുടർന്ന് കൊട്ടാരക്കര കോവിലകത്തിന്റെ പിന്തുണയോടെ കേരളവർമ്മ തിരുവനന്തപുരം പിടിച്ചടക്കി. നിർവ്വാഹമില്ലാതെ ഉമയമ്മ റാണി ആറ്റിങ്ങലേക്കു പിന്മാറി തന്റെ സൈന്യത്തെ അവിടെ ഒരുക്കി നിർത്തി തുടർന്ന് കൽക്കുളത്തും ഇടക്കാടും വച്ച് യുദ്ധമുണ്ടാകുകയും, സമാധാന ശ്രമമെന്ന രീതിയിൽ കേരളവർമ്മയ്ക്ക് ഇളയ തമ്പുരാൻ എന്ന പട്ടം നൽകി പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. അതിൻപ്രകാരം ഉണ്ണി കേരളവർമ്മ, രാമവർമ്മ എന്നിങ്ങനെ രണ്ടുപേരെ ഉമയമ്മ റാണി ദത്തെടുത്തുകയുണ്ടായി.
കോട്ടയത്ത് കേരളവർമ്മ
ഉമയമ്മറാണിയുടെ മറ്റൊരു ദത്തായിരുന്നു "കോട്ടയത്ത് കേരളവർമ്മ". ഇദ്ദേഹം വടക്കൻ മലബാറിലെ കോട്ടയം കോവിലകത്തെ - കവിയും ആട്ടക്കഥാകൃത്തുമായ കോട്ടയത്തു തമ്പുരാന്റെ അനുജനായിരുന്നു. കേരളവർമ്മ ഒരു തീർഥയാത്രയ്ക്കിടെ തിരുവനന്തപുരത്തെത്തുകയും റാണിയുടെ നിർബന്ധത്തിനു വഴങ്ങി റാണിയെ രാജകാര്യങ്ങളിൽ സഹായിക്കുകയും ചെയ്തു. അദ്ദേഹവുമായി റാണിക്ക് സംബന്ധം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. അദ്ദേഹത്തിനെ തിരുവിതാംകൂറിലേക്ക് ദത്തെടുത്ത റാണി, അദ്ദേഹത്തെ "ഹിരണ്യസിംഹനല്ലൂർ രാജകുമാരൻ"(ഏരാനല്ലൂർ/ഇരണിയൽ) ആയി വാഴിക്കുകയും ചെയ്തു. കൊല്ലവർഷം 871 ( 1696)-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.
*ചരിത്രത്തിൽ മുഗൾ സിർദർ(മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് എത്തിച്ചേർന്ന്, മണകാട് തമ്പടിച്ചുവെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, ആ സമയത്ത് രാജകാര്യങ്ങളിൽ റാണിയെ സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി. തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ മുഗൾ സിർദറിനേയും കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണോദ്ദേശത്തെ പരാജയപ്പെടുത്തുകയും ചെയ്തു.
“ ... എന്നെ മഹാറാണിയുടെ മുന്നിലേക്കു കൊണ്ടുചെന്നു. അവരെ ചുറ്റി 700 നായർ പടയാളികളുണ്ടായിരുന്നു, എല്ലാവരും മലബാർ രീതിയിൽ തന്നെയായിരുന്നു; റാണിയുടെ വേഷം അരയിൽ ചുറ്റിയിരുന്ന ഒരു കാലിക്കോ തുണിയിലധികം വരില്ല, മുകൾ വശം ഏകദേശം മുഴുവൻ നഗ്നമാണ്, മറ്റൊരു കഷണം കാലിക്കോ തുണി അശ്രദ്ധമായി അവരുടെ തോളിനെ ചുറ്റി അണിഞ്ഞിരുന്നു. അവരുടെ കാതുകൾ, വളരെ നീളമുള്ളവയായിരുന്നു, കഴുത്തും കൈകളും വിലപിടിപ്പുള്ള രത്നക്കല്ലുകളും സ്വർണ്ണ മോതിരങ്ങളും നെക്‌ലേസും കൊണ്ടലംകൃതമായിരുന്നു, ഒരു വെള്ള കാലിക്കോ തുണികൊണ്ട് അവരുടെ തലമറച്ചിരുന്നു. അവർ മധ്യവയസ്സു പിന്നിട്ട തവിട്ടു നിറമുള്ള സ്ത്രീയായിരുന്നു, അവരുടെ തലമുടി തലയുടെ പിന്നിൽ ചുരുട്ടി രാജോചിതമായ രീതിയിൽ കെട്ടി വെച്ചിരുന്നു, ഒരു രാജകുമാരിയായ അവരുടെ ഇടപെടലുകൾ വളരെ നല്ല സ്വഭാവത്തോടു കൂടിയുള്ളതായിരുന്നു. ”
-ഡച്ച് പ്രതിനിധിയായ വില്ല്യം വാൻ ന്യൂഹോഫ് ഉമയമ്മറാണിയെ ഇങ്ങനെയാണ് വിവരിക്കുന്നത്.
ആറ്റിങ്ങൽ തമ്പുരാട്ടിമാരെയും ഉമയമ്മ റാണിയെയും നേരിൽക്കണ്ട ഒരു യൂറോപ്യൻ സൈനികൻ, ക്രി.വ.1677-ൽ അവരെ ഇങ്ങനെ വിവരിക്കുന്നു:
“ ആറ്റിങ്ങൽ റാണി തിരുവിതാംകൂറിന്റെ മാതൃഗൃഹമാണ്; മാത്രമല്ല, തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നു. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. മൂത്ത തമ്പുരാട്ടിക്കൊപ്പം ഒരു ഇളയ തമ്പുരാട്ടിയുമുണ്ട്. പൗരുഷവും കുലീനതയും തികഞ്ഞ അവരെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്. അവരുടെ സ്ത്രീത്വത്തെ ചിലർ ബഹുമാനിക്കുന്നു. മറ്റുചിലർ മൂത്ത തമ്പുരാട്ടിയോടുളള ബഹുമാനംകൊണ്ട് അവരെ വന്ദിക്കുന്നു. ഇങ്ങനെ കിട്ടുന്ന ആദരവിനെ തനിക്കനുകൂലമായി ഉപയോഗിക്കാൻ ഈ ഇളയ തമ്പുരാട്ടിക്ക് നല്ല കഴിവാണ്. അതിലൂടെ അവർ ആറ്റിങ്ങൽ മാത്രമല്ല, തിരുവിതാംകൂർതന്നെ ഭരിക്കുന്നു. അവിടത്തെ ആചാരപ്രകാരം തിരുവിതാംകൂറിലേക്ക് തമ്പുരാട്ടിമാർ കാലെടുത്തുവച്ചുകൂടാത്തതാണ്. കരമനയാറു കടന്നാൽ കളങ്കമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ പൗരുഷക്കാരി ആ മാമൂൽ ലംഘിച്ചു. രാജാവുപോലും അവരുടെ മുന്നിൽനിന്ന് പറപറക്കുന്നു.....
(വിവരങ്ങൾക്കും വിവരണത്തിനും കടപ്പാട്.) SreekumarSree.
Comments