A story of Sooffi
ഒരു സൂഫിക്കഥ
ഒരിക്കൽ രണ്ടുപേർ സ്വജീവിതത്തിൽ സമാധാനം ലഭിക്കുന്നില്ലെന്ന പരാതിയുമായി ഒരു സൂഫിവര്യന്റെ സമീപമെത്തി... രണ്ടുപേരും വിവാഹിതരായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. കുടുംബത്തിലാണെങ്കിൽ മുറുമുറുപ്പും പരസ്പരപരിചാരലും അവഗണനയും കലഹവുമാണെന്നും. രണ്ടുപേരും ഭാര്യപുത്രാദികളെ വെറുത്തും ലൗകികജീവിതത്തിൽ വിരക്തിതോന്നിയതിനാലും തുടർന്ന് സംന്യാസജീവിതം കാംക്ഷിക്കുന്നു...
സൂഫിവര്യൻ ഇരുവരുടെയും കദനകഥ വളരെ അനുകമ്പയോടെ കേട്ടിരുന്നു. തുടർന്ന് ചോദിച്ചു. നിങ്ങൾക്ക് കാമുകിമാരുണ്ടോ...
ഇല്ല ഗുരോ.. ഇരുവരും ഒരേസ്വരത്തിൽ പറഞ്ഞു.. ആ പ്രായവും കഴിഞ്ഞിരിക്കുന്നു. സൂഫിവര്യൻ ഇരുവരെയും ചെറുപുഞ്ചിരിയോടെ നോക്കി തുടർന്നു പറഞ്ഞു.
"നിങ്ങളിപ്പോൾ അവരവരുടെ ഭവനങ്ങളിലേക്ക് മടങ്ങിപ്പോകുക. ആറുമാസത്തെ സമയംതരാം അതിനിടയിൽ വളരെ ഗോപ്യമായി നിങ്ങളോരോരുത്തരും ഓരോ കാമുകിമാരെക്കൂടെ കണ്ടെത്തുക പ്രേമബന്ധം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞാണ് എന്നെ വന്ന് കാണേണ്ടത്. അന്ന് സന്യസിക്കാനാവശ്യമായ സഹായം നൽകാം". ഇരുവരും സൂഫിയുടെ അനുഗ്രഹം വാങ്ങിമടങ്ങി.
നാലുമാസം കടന്നുപോയി.. ഒരുദിനം രണ്ടുപേരും വീണ്ടും സൂഫിവര്യന്റെ സമീപമെത്തി.. ഇരുവരുടെയും മുഖത്ത് സന്തോഷം അലതല്ലിയിരുന്നു. വന്നയുടനെ ഇരുവരും തങ്ങളുടെ പുതിയ പ്രണയനായികയെപറ്റി സൂഫിയോടു വാചാലനായി.. മാത്രമല്ല ഇക്കാര്യം തങ്ങളുടെ ഭാര്യമാരിൽനിന്ന് മറച്ചുവയ്ക്കുന്നതിലുള്ള സാമർത്ഥ്യത്തിലും ഇരുവരും കേമന്മാരായിരുന്നു. കഥകൾകേട്ട സൂഫിവര്യൻ ഏറെ നേരം മൗനമായിരുന്നു.
ഇപ്പോൾ നിങ്ങൾ സന്തോഷം അനുഭവിക്കുന്നുണ്ട്. എന്നാൽ ഈ സന്തോഷം എത്രനാൾ. നിങ്ങളുടെ ഈ പുതിയ ഇടപാടുകൾ നിങ്ങളുടെ ഭാര്യ അറിയുമ്പോൾ നിങ്ങളുടെ സന്തോഷം എന്നെന്നേക്കുമായവസാനിക്കും മക്കളും സമൂഹവുമറിയുമ്പോൾ സമാധാനവും നഷ്ടമാകും.. അതേ നിങ്ങളിപ്പോളനുഭവിക്കുന്ന സന്തോഷം ഗൂഢവും നൈനിമിഷികവുമാണ്. സോപ്പുകുമിളപോലെ പൊട്ടിപോകാമത്... ഗുരു പറഞ്ഞുനിർത്തിയപ്പോൾ രണ്ടുപേരുടെ മുഖവും മ്ലാനമായി... വരാൻപോകുന്ന വിപത്തിനെയോർത്തവർ ആകുലചിത്തരായി.
നിങ്ങളാദ്യം എന്നെകാണാനെത്തിയപ്പോൾ ഉണ്ടായിരുന്ന മാനസികാവസ്ഥയിലാണിപ്പോഴും സാഹചര്യങ്ങൾ മാത്രമേ മാറിയിട്ടുളളൂ ശരിയല്ലേ?
ഗുരുവിന്റെ ചോദ്യത്തിന് അതേയെന്നവർ തലയാട്ടി.. ലൗകികമുക്തിയും സമാധാനവും വേണമെങ്കിൽ കുടുംബവും കൂട്ടുമുപേക്ഷിക്കതന്നെവേണമെന്നവർ തീർച്ചപ്പെടുത്തുകയും ഗുരുവിനോട് അഭ്യർത്ഥന നടത്തുകയും ചെയ്തു. ഗുരു സ്വതസിദ്ധമായ പുഞ്ചിരിയോടെ ഒരു ഔഷധം രണ്ടുപേർക്കും നൽകി എന്നിട്ട് മൊഴിഞ്ഞു. " പ്രിയരെ.. ഇതൊരു ദിവ്യമായ ഔഷധമാണ്.. വീട്ടിലെത്തി രാത്രിയിൽ ആരും കാണാതെ ഇത് സേവിക്കുക പുലരുമ്പോൾ നിങ്ങൾ ശരീരം തളര്‍ന്ന് കിടപ്പിലാകും.. തുടർന്ന് നിങ്ങളിരുവരും വിവരം കാമുകിമാരെയും അറിയിക്കുക. ഒരു ചന്ദ്രമാസം കഴിയുമ്പോൾ നിങ്ങൾ പൂർവ്വസ്ഥിതി പ്രാപിക്കും അന്ന് ഇവിടെ വരിക. അപ്പോൾ നിങ്ങൾക്ക് സന്യാസജീവിതം ആരംഭിക്കാം.. " ഇതുപറഞ്ഞ് സൂഫിവര്യൻ ഇരുവരെയും യാത്രയാക്കി.
ദിവസങ്ങൾ കഴിഞ്ഞു.. ചന്ദ്രമാസം കഴിഞ്ഞ് ഏതാനും നാളുകൾക്കുശേഷം രണ്ടുപേരും യഥാവിധി സൂഫിവര്യനുമുന്നിലെത്തി. വന്നപാടെ ഒന്നാമൻ കഥ തുടർന്നു...
" ഗുരോ അങ്ങ് പറഞ്ഞപോലെ മരുന്ന് സേവിച്ച ഞാൻ കിടപ്പായി.. ആദ്യദിനങ്ങൾ ഭാര്യ ഏറെ പരിഭ്രമിച്ചു പിന്നെ അവളൊരു വൈദ്യനെ സമീപിച്ചു.. അദ്ദേഹം നൽകിയ മരുന്നും. അവളുടെ നിരന്തരപരിചരണവുംകൊണ്ടാണെന്ന് തോന്നുന്നു. അങ്ങ് പറഞ്ഞ ദിനമത്രയുമാകുംമുമ്പേ ഞാൻ എണീറ്റിരുന്നു. പക്ഷെ അവളെന്നെ പുറത്തുപോകാനോ.. ശരീരമിളകുന്ന ഒരു ജോലി ചെയ്യാനോ അനുവദിച്ചില്ല. മാത്രമല്ല അവൾ സദാ സമയം എന്നെ വിട്ടുപിരിയാതെ പരിചരിച്ചു. എന്റെ പരിചരണാർത്ഥം മക്കളെ നോക്കാൻ തത്കാലത്തേയ്ക്ക് മക്കളെ അവൾ അവളുടെ മാതാവിന്റെ അടുത്തേയ്ക്കയയക്കുകയും ചെയ്തു" -"ആട്ടെ നിങ്ങളുടെ കാമുകി വിവരമറിഞ്ഞില്ലേ "- സൂഫിവര്യന്റെ ചോദ്യത്തിന് അല്പനേരത്തെ മൗനത്തിനുശേഷം അയാൾ മറുപടിപറഞ്ഞു. " പ്രഭോ... എന്റെയൊരു സ്നേഹിതൻ മുഖാന്തിരം വളരെ ഗോപ്യമായി അവളെ വിവരമറിയിച്ചു... പക്ഷേ അവൾ എന്റെ അസുഖത്തിൽ സംശയം പ്രകടിപ്പിച്ചു.. മാത്രമല്ല എന്റെ ഭാര്യ വൈദ്യശാലയിലേയ്ക്ക് പോകുന്ന തക്കംനോക്കി അവൾ എന്റെ സമീപം വരികയും അവളെ ഒഴിവാക്കാൻ വേണ്ടി ഞാൻ മന:പൂർവ്വം രോഗിയായി ചമയുകയാണെന്നും എനിക്കിപ്പോളവളോട് തീരെ സ്നേഹമില്ലെന്നും പരാതി പറഞ്ഞിരുന്നു... ആറേഴുദിനങ്ങൾ കഴിഞ്ഞശേഷം അവൾ വരാതായി.... ഞാൻ രോഗമുക്തിനേടിയശേഷം അവളെ അന്വേഷിച്ചതിൽ അവൾ പുതിയൊരു സ്നേഹിതനെ തേടിയതായും മനസ്സിലായി."
സൂഫി രണ്ടാമന്റെ മുഖത്തേയ്ക്ക് നോക്കി അയാളും സ്വന്തം കഥ ആരംഭിച്ചു.
" പ്രഭോ ശയ്യാവലംബിയായ എന്നെ എന്റെ ഭാര്യയോ മക്കളോ ആദ്യദിനങ്ങളിൽ തിരിഞ്ഞുനോക്കിയില്ല. തുടർന്ന് മൂന്നാം നാൾ ഞാനെന്റെ പ്രണയിനിയെ വിവരമറിയിച്ച് ആളെവിട്ടു. എന്നാൽ അയാളെ അവർ വീട്ടിൽ പ്രവേശിപ്പിക്കുകയോ മുഖം കൊടുക്കുകയോ ചെയ്തില്ല.. ജനാലയ്ക്കപ്പുറം മറഞ്ഞുനിന്ന് അയാളെയവൾ ഓടിച്ചുവിട്ടു.. വിവരമറിഞ്ഞ് ഏറെ വേദനിച്ചു സ്വബോധം നഷ്ടമായ ഞാൻ ബോധം വീണ്ടുകിട്ടിയപ്പോൾ കണ്ടത് കാൽക്കലിരുന്നു കരയുന്ന ഭാര്യയേയും മക്കളെയുമാണ്.. ആദ്യദിനങ്ങളിൽ ഞാൻ നടിക്കുന്നതാണെന്ന് സംശയിച്ചായിരുന്നു അവരെന്നെ അവഗണിച്ചത്. തുടർന്നുളള ദിനങ്ങളിൽ അവരെനിക്ക് പരിചരണം നൽകി സുഖപ്പെടുത്തുകയുണ്ടായി... "
- നന്നായി നിങ്ങളാ പ്രണയിനിയെ പിന്നീട് തേടിയില്ലേ.?
" രോഗം ഭേദമായെങ്കിലും മനസ്സിലേറ്റ മുറിവുണങ്ങിയിരുന്നില്ല.. ആ നയവഞ്ചകിയെ അപായപ്പെടുത്തണമെന്ന്തന്നെ കരുതിയാണ് ഞാനവിടെ എത്തിയത്. പക്ഷെ അവരുടെ ഭൃത്യയാണ് എന്നെ എതിരേറ്റത്.. എന്റെ പ്രണയിനി കൃത്യം മൂന്നുദിനംമുമ്പ് മരണപ്പെട്ടുപോയതായി ആ നല്ലവളായ ഭൃത്യ പറഞ്ഞുവിലപിച്ചു. മരിക്കുന്നതിനുമുമ്പ് അവരെനിക്കായി എഴുതിവച്ചൊരു കുറിമാനം ആ ഭൃത്യ എനിക്കുനീട്ടി....." രണ്ടാമൻ പറഞ്ഞുനിർത്തി.. പിന്നെ കൈയിൽ കരുതിയിരുന്ന കത്ത് സൂഫിയുടെ നേർക്കുനീട്ടി.
സൂഫിവര്യന്റെ നിർദ്ദേശിച്ചതിൻപ്രകാരം ഒരു ഭൃത്യൻ ആ കുറിമാനം ഉറക്കെ വായിച്ചു...
" പ്രിയപ്പെട്ട സ്നേഹിതാ.. നാം തമ്മിൽ പരിചയപ്പെടുമ്പോഴും അടുക്കുമ്പോഴും ഒരു മായാലഹരിയാൽ ഞാനടിമപ്പെട്ടിരുന്നു. നിങ്ങളെ ഞാനത്രമാത്രം പ്രണയിക്കുന്നു.. ഇപ്പോഴും. എന്നാൽ ദൈവഹിതം മറ്റൊന്നായിപ്പോയി... ഏതുനിമിഷവും ഈ ലോകത്തോട് വിടപറയാനുളള തയ്യാറെടുപ്പിലാണ് ഞാൻ... ഈ വൈകിയവേളയിലാണ് എനിക്ക് വിവേകമുണരുന്നത്.. ക്ഷമിക്കുക ഞാൻ നിങ്ങളുടെ പ്രിയതമയെക്കണ്ടിരുന്നു. ഞാനവരോട് നമുക്കു രണ്ടുപേർക്കുമായി മാപ്പപേക്ഷിച്ചു. എനിക്കിനി സമാധാനത്തോടെ മരിക്കാം..അവരെനിക്ക് മാപ്പുതന്നു.. ഒരിക്കലും ഈ ബന്ധംപറഞ്ഞ് അവർ നിങ്ങളെ ഭർത്സിക്കയില്ലെന്നും സത്യം ചെയ്തിരിക്കുന്നു... ഇനിയുളളകാലം കുടംബവുമായി സന്തോഷത്തോടെ ജീവിക്കുക.. നിങ്ങൾക്കു നല്ലതു വരട്ടെ.."-
അവസാനവരികൾക്കുമുമ്പേ രണ്ടാമന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
ഏറെ നേരത്തെ മൗനത്തിന്ശേഷം സൂഫിവര്യൻ കണ്ണുകൾ തുറന്നു, പിന്നെ അനുചരനോടായി മൊഴിഞ്ഞു..
" ഇവർ പരീക്ഷണങ്ങൾ അതിജീവിച്ചിരിക്കുന്നു... ഇവർക്കിനി സന്യാസജീവിതം ആരംഭിക്കാം അതിനുളള ഒരുക്കങ്ങൾ ആരംഭിക്കുക... "
"ക്ഷമിക്കുക ഗുരോ."-. രണ്ടുപേരും ഒരേസ്വരത്തിൽ കൈകൾകൂപ്പി പറഞ്ഞു...
"ഞങ്ങളോട് ക്ഷമിക്കുക കുടുംബവും ജീവിതവുമാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് ഞങ്ങൾക്ക് ബോധ്യമായി. ദയവായി ഞങ്ങളുടെ ലൗകികജീവിതം തുടരാനനുവദിച്ചാലും."
സൂഫിവര്യൻ ഇരുവരെയുംനോക്കി മന്ദഹസിച്ചു..
നോക്കൂ പ്രിയരെ ഭൂമിയിൽ സമാധാനവും ശാന്തിയും തീർക്കുന്നത് സ്വയമായിരിക്കണം.. കൈവശമുളള വൈഡൂര്യപ്രഭയെ പഴന്തുണിയാൽ മറച്ച് കാക്കപ്പൊന്ന് തേടുന്നവരാണ് ശരാശരി മനുഷ്യൻ.. നിങ്ങളിന്ന് ആ ശരാശരി വിട്ട് ബോധവാന്മായിരിക്കുന്നു.. ശിഷ്ടജീവിതം ഇനിമേൽ നിങ്ങൾക്ക് സ്വർഗ്ഗസമംതന്നെയാകും... പോകുക നല്ലതുവരട്ടെ.. സൂഫിവര്യൻ ഇരുവരെയും അനുഗ്രഹിച്ചു.
NB. കഥ ഞാനുമായോ നീയുമായോ നമ്മളാരെങ്കിലുമൊക്കെയായോ ഒരു ബന്ധവുമില്ലാത്തതാകുന്നു. അങ്ങനെ തോന്നിയാൽ ദയവായി മെക്കിട്ട് കേറാൻ വരരുത്- വിനീതൻ.(S/d).
Sreekumarsree. 8.2.17
Comments