Poem - THULAMAZHA
തുലാമഴ
-------------------------------------
തുലാമഴ,
പ്രിയാക്ഷരങ്ങളായി
പൊഴിയുകയാണിന്ന്.
നിലാവ് വറ്റിയരാവിൽ.
നിയോൺ ദീപങ്ങളിലെ
പട്ടുപ്രകാശത്തിന്റെ
നൂലിഴകളെപിന്നി
നിപതിക്കുന്ന -
വെളളിരേഖകൾ.
തിരമാലകളുടെ
താരാട്ടുപോലെ,
മലയിറങ്ങിവന്നൊരു
കുളിർകാറ്റിന്റെ
പാഴ്ശ്രുതിപോലെ...
അലസഗമനയാമൊരു
നാടൻപെൺകൊടിപോലെ.
പ്രിയസഖീ...
ചെവിയോർക്കുക..
നാട്ടുമാവിന്റെ ചോട്ടിൽ,
മുക്കുറ്റിപ്പൂക്കൾ
തോരണമിട്ട പാതയിൽ,
തേവരുറങ്ങിയ
വഴിയമ്പലമുറ്റത്തെ
കൽവിളക്കിനരികിൽ..
ചുണ്ടുവിതുമ്പിയ
സന്ധ്യകളിലെന്നോ..
നാം പറയാൻ മറന്ന
അക്ഷരങ്ങളാണിവ..
ചിതറിവീണ്
മൃതിയാകുന്ന വാക്കുകൾ
ശുഷ്കമാണിന്നെൻ
വിരലുകളെങ്കിലും
പെറുക്കിച്ചേർത്തൊരു
മാലകോർക്കുകിൽ
സ്വീകരിക്കുമോ നീയിനി..?
ശ്രീ...
Comments