ചിതറാൽ
ചിതറാലിനെ അറിയുക
``````````````°°°°````````````
"ചിതറാൽ"
തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാതയില്‍, മാര്‍ത്താണ്ഡത്തു നിന്നും തിരുനെല്‍വേലി റൂട്ടിലൂടെ ഏകദേശം നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആറ്റൂര്‍ ഗ്രാമമായി. അവിടെ നിന്നും ഇടത്തോട്ടു 3 കിലോമീറ്റർ സഞ്ചരിച്ചാല്‍ ചിതറാല്‍ എത്തിചേരാം. ഇവിടെയുള്ള ഒരു കുന്നിന് മുകളിലാണ് ഒന്‍പതാം നൂറ്റാണ്ടിലേത് എന്നു കരുതപ്പെടുന്ന ജൈന സ്മാരകങ്ങള്‍ ഉള്ളത്.
ഈ സ്ഥലം ചരിത്രപരമായി അറിയപ്പെടുന്നത് "തിരുച്ചരണാത്തുപള്ളി" എന്നാണു. സഞ്ചാരികള്‍ക്ക് കുന്നിന്റെ അടിഭാഗം വരെ വാഹനത്തില്‍ പോകാവുന്നതാണ്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, പ്രാഥമിക ആവശ്യങ്ങള്‍ നിർവഹിക്കുവാനുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്. എകദേശം 1.5 കിലോമീറ്റര്‍ മുകളിലേക്കു കയറിയാല്‍ കുന്നിന്റെ മുകളിലെത്താം. ഈ കുന്നിന്റെ നല്ലൊരു ഭാഗവും ഇപ്പൊള്‍ ആര്‍ക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ഈ സ്ഥലം വേലികെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കും, ചരിത്രകുതുകികള്‍ക്കും വിപുലമായ സൗകര്യങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
വലിയ പാറക്കെട്ടുകള്‍ നിറഞ്ഞതാണ് ചിതറാല്‍ കുന്ന്. കുന്നിന്റെ മുകള്‍ഭാഗം വരേക്കും കരിങ്കല്ലു പാകിയ വഴിയുണ്ട്. വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന വഴിയുടെ ഇരുവശവും നാനാതരത്തില്‍ പെട്ട ചെടികളും, മരങ്ങളും വച്ചുപിടിപ്പിച്ചിരിക്കുന്നു. ഇടക്കിടക്കു വിശ്രമിക്കാനുള്ള ബഞ്ചുകളും, പൂന്തോട്ടങ്ങളും സഞ്ചാരികള്‍ക്കു കയറ്റം കയറുമ്പോഴുള്ള ക്ഷീണം ലഘൂകരിക്കാൻ ഉതകുമെന്നതു തീര്‍ച്ചയാണ്. വലിയ പാറക്കെട്ടുകള്‍ പൊട്ടിച്ചാണ് കുന്നിലേക്കുള്ള വഴിയില്‍ പാകിയിരിക്കുന്നത്. ഇങ്ങനെ പൊട്ടിച്ചെടുത്ത പാറക്കെട്ടുകള്‍ വഴിയില്‍ കാണാനാകും. വഴിയുടെ ഇരുവശത്തേക്കു നോക്കിയാലും പ്രകൃതി രമണീയമായ കാഴ്ചകളാണ് ഉള്ളത്. മുകളില്‍ ചെന്നാൽ മലകയറ്റത്തിന്റെ തളര്‍ച്ചയെല്ലാം എങ്ങോ പോയ്മറയും. അത്ര മനോഹരമാണ് അവിടം. വലിയ രണ്ടു പാറകള്‍ക്കരികെ നില്‍ക്കുന്ന പേരാല്‍ മരത്തിന്റെ തണലില്‍ കല്‍ബഞ്ചുകള്‍ ക്രമീകരിച്ചിരിക്കുനു. ഇതു ക്ഷീണിച്ച യാത്രികര്‍ക്കു ശരിക്കും അനുഗ്രഹമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വലിയ രണ്ടു പാറകള്‍ക്കിടയിലൂടെ നടന്നു വേണം പാറക്കെട്ടുകളുടെ അപ്പുറത്തെത്താന്. ഈ വഴിയുടെ ആദ്യഭാഗത്തു കല്ലുകൊണ്ടുള്ള ഒരു കവാടം ഉണ്ട്. ഈ കവാടം കടന്ന്, പാറകളുടെ വിടവിലൂടെ നടന്ന് അപ്പുറത്തെത്താം. ഇതില്‍ ഒരു പാറയുടെ മുകളില്‍ പണി പൂര്‍ത്തിയാവാത്ത ഒരു ചെറിയ മണ്ഡപം ഉണ്ട്. . ധ്യാനിച്ചിരിക്കുന്ന ബുദ്ധന്റെ വിവിധ രൂപങ്ങള്‍ പാറയുടെ വശങ്ങളില്‍ കൊത്തിവച്ചിരിക്കുന്നു. കൂടാതെ, നഗ്‌നരായ ആൺപെൺ സന്യാസിമാരുടെ രൂപങ്ങളും ഉണ്ട്. സിംഹത്തിന്റെ സമീപത്തു നില്‍ക്കുന്ന ഒരു ദേവിയുടെ ശില്‍പവും ശ്രദ്ധയാകര്‍ഷിക്കുന്നു.
കൊത്തുപണികളുടെ പരിപൂര്‍ണത എടുത്തു പറയേണ്ട ഒന്നാണ്. നൂറ്റാണ്ടുകളായി മൂകം നില്‍ക്കുന്ന ഈ ശില്‍പങ്ങൾ കടന്ന് മുന്നോട്ടു നടന്നാൽ മുഴുവനായും കല്ലില്‍ തീര്‍ത്ത ഒരു ക്ഷേത്രവും, ബലിപീഠവും കാണാം ക്ഷേത്രത്തിന്റെ ഇടതു വശത്തായി ചെറിയ ഒരു നാഗരാജ പ്രതിഷ്ഠയും കാണാം. ക്ഷേത്രത്തിന്റെ തറഭാഗം എകദേശം 67 അടി ഉയരം വരും പടിക്കെട്ടുകള്‍ കയറിച്ചെല്ലുന്നതു കൊത്തുപണികളോടു കൂടിയ, കരിങ്കല്ലു തൂണുകള്‍ ഉള്ള ഒരു വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രധാന വാതില്‍. പ്രധാന വാതില്‍ തുറക്കുന്നതു ഒരു ഹാളിലേക്കാണ്. ഈ ഹാളിലും കരിങ്കല്ലു കൊണ്ടുള്ള തൂണുകളില്‍ കൊത്തുപണികള്‍ ചെയ്തു ഭംഗിയാക്കിയിട്ടുണ്ട്. അടുത്തടുത്തായി സ്ഥാപിച്ചിരിക്കുന്ന 3 ഗര്‍ഭ ഗൃഹങ്ങളുടെ വാതിലുകള്‍ തുറക്കുന്നതു ഈ ഹാളിലേക്കാണ്. അമ്പലത്തിനു മുന്നില്‍ പ്രകൃത്യാ തന്നെ രൂപപ്പെട്ട ചെറിയ ഒരു കുളം ഉണ്ട്. ഇതിലേക്കു ഇറങ്ങാന് കരിങ്കല്ലില്‍ പടികള്‍ ഉണ്ടാക്കിയിരിക്കുന്നു. ഈ കുളത്തിലെ വെള്ളം ചെറിയ അണ കെട്ടി സംരക്ഷിച്ചിരിക്കുന്നു. പണ്ടെന്നോ സ്ഥിരമായി വെള്ളം ഒഴുകിയിരുന്ന സ്ഥലമായിരുന്നു അത് എന്ന്, പന്തലിച്ചു നില്‍ക്കുന്ന കൈതകള്‍ സാക്ഷ്യപ്പെടുത്തുന്നു. കുളം കഴിഞ്ഞാല്‍, ഒരു വലിയ പാറയുടെ അപ്പുറം ചെങ്കുത്തായ താഴ് വരയാണ്. അമ്പലത്തിന്റെ പരിസരം വളരെ വൃത്തിയായി സംരക്ഷിച്ചിട്ടുണ്ട്.. ഈ അമ്പലത്തിന്റെ വലതു ഭാഗത്തായി ഒരു മടപ്പള്ളി ഉണ്ട്. ഇവിടെയാണ് ഭക്തര്‍ നിവേദ്യം ഉണ്ടാക്കുന്നത്. ഇതിനു വലതുഭാഗത്തായി പാറയുടെ വശങ്ങളില്‍ പുരാതന ലിപിയില്‍ എന്തോ രേഖപ്പെടുത്തിയിരിക്കുന്നു. ഈ ലിപികള്‍, ഒന്പതാം നൂറ്റാണ്ടിലേതെന്ന് വിശ്വസിക്കപ്പെടുന്നു ക്ഷേത്രത്തിനകത്തു മഹാവീരൻ, പരസ്വനാദ്, പദ്മാവതി ദേവി എന്നിവര്‍ക്കായി 3 ഗര്‍ഭഗൃഹങ്ങളാണ് ഉള്ളത്. 1913 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ പദ്മാവതി ദേവിയെ മാറ്റി ഭഗവതിയെ കുടിയിരുത്തി. അന്നു മുതല്‍ ഈ സ്ഥലം ഭക്തരുടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്.
ജൈനന്മാരുടെ, പ്രതേകിച്ചും ദിഗംബരന്മാരുടെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് തിരുച്ചരണാത്തുപള്ളി. പണ്ടുകാലത്തു ജൈനന്മാരുടെ പാഠശാലയായ ഇവിടെ ലിംഗ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം നടത്തിയിരുന്നതായാണ് ചരിത്രം. തമിഴ് നാടിന്റെ ഈ ഭാഗത്തു ജൈന സ്വാധീനം ഉണ്ടാവാനുളള കാരണം ജൈന രാജാവ് മഹേന്ദ്ര വര്‍മൻ (610- 640 എഡി ) ആണെന്ന് കരുതപ്പെടുന്നു. എന്തായാലും, സഞ്ചാരികള്‍ക്ക്, പ്രത്യേകിച്ചും ചരിത്രത്തിലേക്ക് ഒരു മടങ്ങിപോക്ക് ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ഒരു സ്ഥലമാണു ചിതറാല്‍.
ഇവിടേക്കു വരുന്ന സഞ്ചാരികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. സ്വന്തം വാഹനത്തില്‍ വരുന്നതാണ് നല്ലത്. വെള്ളം ധാരാളം കൊണ്ടുവരണം. കുന്നിന്റെ മുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ല. കൂടുതല്‍ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ലഘുഭക്ഷണം കരുതുന്നത് നന്നായിരിക്കും. അതിരാവിലെയൊ വൈകിട്ടൊ ആണ് യാത്രയ്ക്ക് അഭികാമ്യം, പ്രത്യേകിച്ചും ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക്, നല്ല ലൈറ്റിങ് കിട്ടും.
കടപ്പാട്.... ശ്രീ.
Comments