Tsunami

ഒരു സുനാമിയുടെ ഓർമ്മ.
°°°°°°°°°°°°°°°°°°°°°°°°°°°
ഔദ്യോഗിക ജീവിത്തിന്റെ ഭാഗമായി   " ഇബ്രാഹിം ഖാലിഫ് ഉളള"  എന്ന സീനിയർ ഹൈക്കോടതി ജഡ്ജിയുടെ പ്രോട്ടോക്കോളായി ജോലി.  കൃത്യമായിപ്പറഞ്ഞാൽ 2004 ഡിസംബർ 20 തിങ്കൾ മുതൽ ഞാനദ്ദേഹത്തിന്റെ കൂടെയാണ് അന്നുച്ചയ്ക്ക് 12.30 ന് തിരുവനന്തപുരം ഇന്റർ നാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ എന്റെ മേലുദ്ദ്യോഗസ്ഥൻ തന്ന " Ibrahim kalifulla " എന്ന പ്ലക്കാർഡുമായി ഞാൻ കാത്തുനിന്നു. യാത്രക്കാരെല്ലാം വന്നുകഴിഞ്ഞു.. ഞാൻ പരിഭ്രാന്തനായി പ്ലക്കാർഡുയർത്തിപിടിച്ചു. ഒടുവിൽ അവസാനയാത്രക്കാരനായി  ഒരു സെക്യൂരിറ്റിയുമായി സംസാരിച്ചുകൊണ്ട്  വന്ന ആറരയടി ഉയരമുള്ളൊരു വലിയമനുഷ്യൻ കൈയ്യിലിരുന്ന  പ്ലക്കാർഡ് പിടിച്ചുവാങ്ങി അതിൽ നോക്കി ഉറക്കെച്ചിരിച്ചു.... 
Bhai... your  goodname please..?
Sir.. I am Sreekumar coming from district court, trivandrum... വല്ലവിധേനെയും കാണാപാഠം പഠിച്ചുവച്ച ഇംഗ്ലീഷിൽ തട്ടിവിട്ടു....
good..  bhai... Ibrahim khalif ulla.. is my correct  name...
Sorry sir my presiding officer make that....പ്ലക്കാർഡിനെപ്പറ്റി മുഴുമിപ്പിക്കാനവസരം തരാതെ അദ്ദേഹം ലഗ്ഗേജ്കൗണ്ടറിലേക്ക്നടന്നു.. ചമ്മലൊതുക്കി അദ്ദേഹത്തിന്റെ ചെറിയ ലെഗ്ഗേജെടുക്കാനദ്ദേഹം അനുവദിച്ചില്ല.. മാത്രമല്ല VIP ലോഞ്ചിലിരിക്കാനും തയ്യാറായില്ല. സാധാരണക്കാരിൽ ഒരാളെപ്പോലെ അദ്ദേഹം എനിക്കൊപ്പം പുറത്തുവന്നു കാത്തുകിടന്ന ഔദ്യോഗിക വാഹനത്തിലേറി.
എനിക്കറിയാവുന്ന ഇംഗ്ലീഷ് അദ്ദേഹത്തിന് മനസ്സിലാകുന്നില്ല..( ഇംഗ്ലീഷ് ഭാഷ എനിക്കിപ്പൊഴും സ്പീച്ചിംഗ് തെറാപ്പിയിലാണ്) മാത്രമല്ല അദ്ദേഹം പറയുന്ന ഇംഗ്ലീഷ് വാക്യങ്ങളിൽ ഇടയ്ക്കിടെ ഉറുദുവും ഹിന്ദിയും കടന്നുവരുന്നു.... നമ്മുടെ മംഗ്ലീഷ്പോലൊരുതരം ഭാഷ... ആകെ പൊല്ലാപ്പായി എന്നിരുന്നാലും  ആംഗ്യത്തിലൂടെയും മൂളിയുമൊക്കെ പറഞ്ഞ് പരസ്പരം മനസ്സിലാക്കുമ്പോൾ സരസഹൃദയനായ അദ്ദേഹം പൊട്ടിച്ചിരിക്കും..
നാലുദിവസം കൊണ്ട് അദ്ദേഹത്തിന് ജില്ലയിലെ പരമാവധി കാട്ടിക്കൊടുക്കാവുന്നതൊക്കെ കാട്ടിക്കൊടുത്തു.  ചില സമയങ്ങളിൽ 'ഭായ്' എന്നഭിസംബോധനചെയ്ത്  ചുമലിൽ തട്ടിയും ഒരുയർന്ന തസ്തികയുടെ  സ്ഥാനമോ ലവലേശം അഹങ്കാരമോ ഇല്ലാതെ പെരുമാറുന്ന ആ ഓഫീസറുമായി ഞാൻ അടുപ്പത്തിലായി ഒപ്പം നല്ല സൗഹൃദമുണ്ടെങ്കിൽ ഭാഷയും ദേശവുമൊന്നും വേലിതീർക്കില്ലെന്നും എനിക്കുമനസ്സിലായി.
കൃത്യം 2014 ഡിസംബർ 26   വേളി കായലോരത്ത് ഇളനീരും കഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി അദ്ദേഹം ചോദിച്ചു.

"Bhai... VELI LAKE.... What the meaning VELI...?. "
ഒരോർമ്മയിൽ എനിക്കാകുന്ന വിധത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു... സാർ.. VELI  is Malayalam word  meaning is marriage.  Sea is groom  and earth  is bride.  അവർ സംഘമിക്കുന്ന വിവാഹമണ്ഡപമാണിവിടം എന്നൊക്കെ സാഹിത്യംചേർത്ത് പറഞ്ഞുകൊടുക്കണമെന്നുണ്ട്.. പക്ഷെ എന്റെ ഭാഷപരിജ്ഞാനമതിനനുവദിക്കുന്നില്ല..   എന്നാലും  ha.. wonderful ... fantastic  എന്നിങ്ങനെയുളള വാക്കുകൾ കേട്ടപ്പോൾ അദ്ദേഹത്തിനത് മനസ്സിലായതിൽ സന്തോഷം തോന്നി...
തിരികെപ്പോകാൻ ശംഖുമുഖം എയർപോർട്ടിലേക്ക് വണ്ടിനീങ്ങവെ അദ്ദേഹം ഇനി ശംഖുമുഖത്തിന്റെ meaning ചോദിക്കുമോ എന്ന ഭയമുണ്ടായിരുന്നു... കാരണം അന്നെനിക്കതറിവില്ലായിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" വിവാഹശേഷം പാശ്ചാത്യരീതിയിൽ വരൻ വധുവിനെ വാരിപ്പുണരുന്നു.... പിന്നെയൊരു ദീർഘചുംബനം... കരയും കടലും വിവാഹം ചെയ്യുമ്പോഴും കടൽ കരയെ ഗാഢം പുണരുന്നത് മനസ്സിൽ തെളിഞ്ഞുവന്നു... പാശ്ചാത്യരെപ്പോലെ നാണമേതുമില്ലാതൊരു ദീർഘാലിംഗനം...."
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ശംഖുമുഖം ഇന്റർനാഷണൽ എയർപോർട്ടിനു മുന്നിലുളള റോഡിൽ ജലം..! പാദം നനയാവുന്നവിധം കടൽജലം കയറിയിരിക്കുന്നു..! അസമയത്തൊരു വേലിയേറ്റംപോലെ തോന്നിച്ചു...
എയർപോർട്ടിനുളളിലെ നടപടികൾക്കിടെ അദ്ദേഹം സമീപത്തെ വലിയ ടിവി സ്ക്രീനിലേക്ക് നോക്കി പറഞ്ഞ്...
" bhai... see that...."
ദേശീയചാനലിലെ ഏതോ ഹിന്ദിവാർത്താചാനലിൽ തിര തീരത്തെപുണരുന്ന ചലച്ചിത്രം... ഏതോ ഇംഗ്ലീഷ്ചിത്രത്തിലേത്പോലെ കരയിലുളളതിനെയെല്ലാം നക്കിതുടച്ച് ഗാഢംപുണരുന്ന മണവാളനായ കടൽ... ആദ്യമൊന്നും മനസ്സിലായില്ല,
ലോകം  " Tsunami " എന്ന ഓമനപ്പേരിട്ട് വിളിച്ചൊരു വൻദുരന്തത്തിന്റെ  തത്സമയ ആകാശദൃശ്യമായിരുന്നു അതെന്ന്...;
"Bhai... something wrong  u can go now..."
ആ നല്ലമനുഷ്യൻ ഗാഢമായൊന്നുകെട്ടിപ്പിടിച്ചു... പിന്നെ ഞങ്ങൾ പിരിഞ്ഞു.
തിരികെ ബസ്സിനായി നടക്കവെ കടൽജലം തിരിച്ചുപോയ പാതയിലെ നനവനുഭവപ്പെട്ടു. അപ്പോഴും ആർക്കും വ്യക്തമായിരുന്നില്ല സംഭവിച്ചതിനെക്കുറിച്ച്. നാട്ടിലെത്തി... ടീവിയും റേഡിയോയുമൊക്കെ Tsunami യെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതുകണ്ടു. ഒരുപാട് ജീവനുകളെ നക്കിത്തുടച്ച കടലാകും മണവാളന്റെ ഗാഢാലിംഗനം ഇന്നും നമുക്ക് മറക്കുവാനായിട്ടില്ല. 
12 വർഷങ്ങൾ കടന്നുപോകുന്നു.. ചിലർ പറയുന്നപോലെ അപ്പുറവുമിപ്പുറവും തകർത്തെറിയവെ നടുവിൽ കോവളംമുതൽ തിരുവനന്തപുരംഭാഗത്തിനെ ഒരത്ഭുതം പോലെ ഒഴിവാക്കിയ Tsunami....
സംഭവിച്ചുപോയെങ്കിൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിക്കാവുന്നതീരം തീർച്ചയായും ഞാനുമുണ്ടായിരുന്ന  ശംഖുമുഖം തന്നെയാകുമായിരുന്നേനെ... 
പന്ത്രണ്ട് വർഷങ്ങൾക്ക്ശേഷം ഈ കുറിപ്പെഴുതാനീശ്വരൻ കനിഞ്ഞതും പഴമക്കാർ പറയുന്നപോലെ പത്മനാഭന്റെ  കൃപതന്നെയാകണം...
    Sree. 25.10.16

{വാലറ്റം -  ശ്രീ പത്മനാഭൻ തിരുവനന്തപുരത്തിന്റെ സംരക്ഷകനായുളളതിനാലാണ് സുനാമിതിരകൾ തിരുവനന്തപുരത്തെ ഒഴിവാക്കിയതെന്ന് അന്ന് പലരും പറയുമായിരുന്നു}.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്