Poem- Malayalam

എനിക്കൊന്നോരിയിടണം..!

എനിക്കൊന്നോരിയിടണം...!
ഈ കുമ്പിടാംകുന്നിന്റെ
നെറുകയിൽ നിന്ന്.
കഴുത്തു പിന്നോട്ടൊടിച്ച്,
കൈകൾ രണ്ടും വായ്ക്കോരം വച്ച്,
വാതുറന്നുറക്കെയുറക്കെ
എനിക്കോരിയിടണം.

ചിതറിയ, ചിലമ്പിച്ച,
അലർച്ചക്കാർ മുതൽ
ചിറകടിയാൽ ഒച്ചയുതിർക്കുന്ന
പരൽപ്രാണികൾവരെ
കേട്ടു നടുങ്ങണമപ്പോൾ.
പ്രതിധ്വനികളെ പാടെ
അവഗണിക്കും ഞാൻ
പുകഴ്ത്തലുകളിൽ വെറുതെ,
ശിരസ്സുകുനിച്ചു കാട്ടും.

വാഴ്കവാഴ്കെന്ന് പാടിക്കണം
കുന്നിന്നുടയോനും നമിക്കണം.
കൊമ്പൻ കുഴലൂത്തുകാരെ,
നാടിന്റെ കൂക്കുവിളിക്കാരെ,
ചെളിവാരിത്തേച്ചു കൂകണം
മുണ്ടുരിഞ്ഞ്കാട്ടിയോടിക്കണം.

എനിക്കിനിയുമീ നെറുകയി-
ലിരുന്നിടയ്ക്കിടെക്കൂകണം.
ചെകിടന്മാർ പോലും ചെവിപൊത്തുന്ന
പരമഭാഷയിൽ തന്നെ,
എനിക്കൊന്നോരിയിടണം...

എനിക്കിനിയുമീ കുന്നിറങ്ങണം
തുടരെക്കൂകിത്തളരുമ്പോൾ
കോഴിയൊന്നു തിന്നണം.
കുന്നിൻമുകളിലെങ്ങാനും
കോഴിമടയൊന്നുമില്ലപോൽ,
ഉണ്ടുറങ്ങിയെണീക്കണം വീണ്ടും
കുന്നിൻമുകളിലെത്തണം
പിന്നെ നന്നായിരുന്നിട്ട്.......
എനിക്ക് പിന്നെയും കൂകണം.
              Sreekumarsree#9.5.16.

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം