Poem- Malayalam

വ്യർത്ഥശബ്ദങ്ങൾ
~~~~~~~~~~~~
ആർക്ക് വേണ്ടി
ആരെയാണ് ഞാൻ
പകരം വയ്ക്കേണ്ടത്..?
ആര് ആർക്ക്
പകരക്കാരനാകും.
സൃഷ്ടിയിലെ നനാത്വം
ഏകത്വമാക്കുവതെങ്ങിനെ..?
തിരിച്ചറിവുകൾ
പഠിപ്പിച്ചതിതാണ്.
"ആരൊരാളും
പരക്കാരനല്ലപോൽ".
പകരം വന്നവർ
സ്വയം തിരിച്ചെടുക്കുന്നു.
കടപ്പെട്ടവർ
സ്വയം വിരമിക്കുന്നു.
കൂട്ടിച്ചേർക്കലുകൾ
അനുചിതമാകുന്നു.
ഉചിതമായതെല്ലാം
അപ്രാപ്യമായ ഉയരത്തിലാക്കി-
കൊതി തീറ്റിക്കുന്നുണ്ട്,
കൈയ്യെത്തിക്കിട്ടാത്തതിൽ
ഇളിഭ്യമാകുന്ന ജീവിതം.
കാഴ്ചക്കാരനുമുന്നിലെ
കുമ്മാട്ടി വേഷങ്ങളാണെന്ന
വൈകിയ തിരിച്ചറിവുകൾ-
സമ്മാനിച്ച തിരുമുറിവുകൾ,
അല്ലെങ്കിൽ നിലാവു നഷ്ടപ്പെട്ട
പൗർണ്ണമികളിൽ
കണ്ണീരുവറ്റിയ ആത്മാവിന്
ചികഞ്ഞു രസിക്കാൻ
ചില നൊമ്പരങ്ങൾ...
ഇതാണ് ജീവിതം.
കാലിടറിയാൽ
വാ പിളർന്ന് നില്പുണ്ട്
ഞാനെന്ന  പൊളളത്തരം...
സ്വയം വിഴുങ്ങാൻ..
ആര് ആരെയാണ് 
വിശ്വസിക്കേണ്ടത്...?
ആരെയാണവിശ്വസിക്കേണ്ടത്.?
പരസ്പരം മനസ്സു വായിക്കുന്ന
യന്ത്രമുണ്ടായിരുന്നെങ്കിൽ
നമുക്കിനിയെങ്കിലുമീ-
വാക്കുകളുപേക്ഷിക്കാമായിരുന്നു.
              Sreekumarsree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്