Short story - തേങ്ങാപ്പൂളുകൾ

തേങ്ങാപ്പൂളുകൾ

       "നാണിത്തളളയുടെ തേങ്ങാപ്പൂളുകൾ** ചെറുതായി വരണേയ്.... ചെക്കാ പറഞ്ഞേക്ക് കൊറേക്കൂടി വലുതാക്കിക്കോളാൻ. ഒരു തേങ്ങേന്റെ വെലയാകണൊണ്ട്  നാലണയ്ക്ക് വാങ്ങ്യാല്...." 
എല്ലാവരും കേൾക്കെയാണ് നീലിയുടെ പരിഹാസം  അങ്ങാടീലുള്ളോരെല്ലാം തിരിഞ്ഞു നോക്കി.. ആലിൻചുവട്ടിൽ നിന്ന പൊടിയന്  കുറച്ചു  നാണക്കേടായിപ്പോയി തേങ്ങാപ്പൂളുകൾ വിറ്റുതീർന്ന് മൂവന്തിക്ക് മുന്നേ  പൊടിയൻ പണമെണ്ണിനോക്കി കൃത്യം  പന്ത്രണ്ടണ.. രണ്ടു തേങ്ങാപ്പൂളുകൾ ബാക്കി. പതിനാറണയുടെ തേങ്ങാപ്പൂളുകൾ  കൊണ്ടാണ്  പൊടിയൻ ചന്തയിലെത്തിയത്  നാലണയ്ക്ക് മൂന്നു പൂളുകളാണ്.   നാലണയ്ക്ക് കൂടി തേങ്ങ വിൽക്കാൻ  ഒരു പൂളുകൂടി വേണം..  നാണിക്ക് കണക്കു തെറ്റാറില്ല. ഒരു പൂള് നഷ്ടമായതിനുളള കളളക്കഥ പൊടിയന് മനപാഠമാണ്. നാണിയുടെ അസഭ്യവർഷം  പൊടിയന് നിത്യഭേരിയും.
        എന്നാലും  കൈതവരമ്പ് താണ്ടി ഒറ്റവരിക്കണ്ടം കഴിയുന്നേടത്ത് എഴുത്താശ്ശാൻ പെരയുടെ തെക്കിനിപ്പുറം കയ്യാല തീരുന്നിടത്തെ ചാമ്പക്ക നിറമുള്ള  കൈകൾ.... അറിയാതെ പൊടിയനാ കൈകളിൽ  ഒരു തേങ്ങാപ്പൂള് സമർപ്പിക്കും. കുഞ്ഞു സൗഹൃദത്തിന്റെ അജ്ഞാതമായ മാനസ സഞ്ചാരങ്ങൾക്ക് അവർക്കിടയിലാ തേങ്ങാപ്പൂളുകൾ നളദമയന്തി ചരിതത്തിലെ അരയന്നത്തെപ്പോലായിരുന്നു.. എല്ലാ മൂവന്തികളിലും  എണ്ണം തികയാത്ത രണ്ടു തേങ്ങാപ്പൂളുകൾ പൊടിയന് വഴക്ക് മേടിച്ചുകൊടുത്തിരുന്നു.

          പത്തു വറ്റൽ മുളകും അരത്തൂക്കം കപ്പയും  നാലണയുടെ മത്തിയും രണ്ടു തേങ്ങാപ്പൂളും ബാക്കി ആറണയും നാണിയുടെ പക്കൽ നൽകി പൊടിയൻ ചായ്പിന്റെ മൂലയിലെ തന്റെ സപ്രമഞ്ചമാകുന്ന ഉളളിച്ചാക്ക് കുടഞ്ഞുവിരിച്ചു കിടന്നു, മത്തിക്കറി വേവുന്ന ഇടവേളക്ക്....
"പരമനാറികൾ കിടാങ്ങളുടെ കഞ്ഞീന്നാ കൈയ്യിടുന്നേ.   ചോയിക്കാനും പറയാനും ഒരാന്തൊണയില്ലാണ്ട് പോയി... കണ്ണീച്ചോരയില്ലാത്തോന്റെ സന്തതികള്പോലും  വെളങ്ങൂല..." 
       നാണിയമ്മ പതിവുപോലെ മൂവന്തി ശകാരം തുടങ്ങി മകന്റെ  തേങ്ങാവട്ടിയിൽ നിന്ന്  തേങ്ങാപ്പൂളുകൾ  സ്ഥിരം പിടിച്ചുപറിക്കുന്ന തെമ്മാടി പാക്കരനെയും കുടുംബത്തെയുമാണത്.... നഷ്ടപ്പെടുന്ന തേങ്ങാപ്പൂളുകളുടെ ഉത്തരവാദിത്വം പാക്കരന്റെ  ഗുണ്ടായിസമായി പൊടിയൻ  പണ്ടേ പറഞ്ഞുകഴിഞ്ഞിരുന്നു..

"തേങ്ങാപ്പൂളുകൾ കുഞ്ഞായിപ്പോയെന്ന്  കാരേടത്തെ  നീലിത്തളളച്ചി പറേണുണ്ട്.. എല്ലാരും  കേക്കെത്തന്നെ... ഇച്ചിരീം കൂടെ വലുതാക്കീല്ലേൽ നാളെ  ഞാമ്പോവൂല..." മത്തിയുടെ വേവുനോക്കുന്ന നാണിയുടെ നാവിന്റെ ഇടവേളയിൽ പൊടിയൻ വിളിച്ചു പറഞ്ഞു.

"പ്ഫാ...."

     നീട്ടിയൊരാട്ടലിൽ ആ നാലുകാൽപ്പുരയുടെ മോന്തായമൊന്നാടിയുലഞ്ഞു. " ആ തേവിടിശ്ശി വിക്കട്ടെ  വലിയ കണ്ടം*.. നീട്ടിമുറിച്ച് വിക്കാനേ*... തേങ്ങാ ഞാൻ  കട്ടെടുക്കണതല്ല. കണ്ട ചെട്ടിയാരുടെ തേങ്ങാപെരേക്കെടന്ന് നടുവെട്ടിയിട്ടാ..... കെട്ടിയോനൊരുത്തൻ മൊണ്ടിയാണേലെന്താ..  പുന്നത്തൊടീല് അവക്ക് രാവെന്നോ പകലെന്നോ ഇല്ലല്ലോ സംബന്ധങ്ങൾക്ക്,  അവന്മാര് കൊടുക്കട്ട് വലിയ കണ്ടം... നാണി പാടുപെട്ടാ ജീവിക്കണെ, മാനംവിറ്റല്ല.  അവള് നാണീടെ തേങ്ങാപ്പൂള് കൂട്ടണ്ട അറുതല..." 
തെമ്മാടി പാക്കരനെ വിട്ട് നാണി നീലിയുടെ കുടുംബത്തിന്റെ  പൂരപ്പാട്ടു തുടങ്ങി  അവളുടെ കണ്ണിലുറക്കം വരുംവരെ അവളാ  നശിച്ച ദുരവസ്ഥയെ പഴിച്ചും പ്രാകിയും അത്താഴം  കഴിഞ്ഞ്  ഉറങ്ങിപ്പോയ പൊടിയനെ ചേർത്ത്പിടിച്ചു കിടന്നു. 

""..... തേങ്ങാപ്പൂളുകൾ വിറ്റുണ്ടാക്കിയ കാശുമായി  പുതിയ സെറ്റ് മുണ്ടും നേര്യതുമുടുത്ത്,  പുതുകുപ്പായമിട്ട പൊടിയനെയും കൊണ്ട് നാണി കണാരൻ മാഷിന്റെ  എഴുത്തു പുരയിലെത്തി. മകനെ എഴുത്തിനിരുത്തി മടങ്ങുമ്പോൾ  പുന്നത്തൊടീൽ കരിയല കിലുക്കം.  ചട്ടമ്പി  പാക്കരൻ മുണ്ട് വലിച്ചുടുത്തു...  മാനാഭിമാനമില്ലാത്ത നീലിപ്പെണ്ണ് അവന്റെ കീഴിൽ നിന്നെണീറ്റ് പമ്മിയൊതുങ്ങുന്നു. രണ്ടിന്റേയും  മുഖത്തേയ്ക്കൊരാട്ട് പിന്നെ ആഢ്യത്വം കൈവിടാതൊരു നടപ്പും . ഒരു മധുരപ്രതികാരത്തിന്റെ നിറവിൽ  നീലി സ്വപ്നത്തിലും പുഞ്ചിരിച്ചു......""

. ""...എഴുത്താശ്ശാൻ പുരയുടെ കയ്യാലപ്പുറം താണ്ടി വെളുവെളുത്ത മെല്ലിച്ച കൈകളിൽ നിറയെ ചാമ്പക്കായുമായി പൊടിയന്റെ  ബാല്യകാലസഖി പൊടിയനൊപ്പം പറമ്പിലൂടെ  കാക്കണം കമ്പിന്റെ മതിലുകടന്ന്  പായിപ്പുഴയുടെ മണൽത്തീരത്തുകൂടി അവൻ  പറഞ്ഞ കഥകേട്ട് നടന്നു.  തളർന്നപ്പോൾ വള്ളപ്പുരയിൽ  കമഴ്ത്തിവച്ച പഴയ വള്ളത്തിന്  ചാരെ ഇരുവരുമിരുന്നു. അപ്പോഴും  ആ കുഞ്ഞുമാലാഖയുടെ കണ്ണുകൾ  പൊടിയന്റെ കണ്ണുകളിൽ  സാകൂതം  എന്തോ തിരയുകയായിരുന്നു.....""

       ആ രാവിനെ പകലാക്കി പൂനിലാപ്രഭ ചുരത്തി പുഞ്ചിരിച്ച പൂർണ്ണചന്ദ്രൻ ആ അമ്മയുടെയും മകന്റെയും  പാഴ്ക്കിനാവുകൾക്ക്  മേൽ വെളളിയുരുക്കിയൊഴിച്ചുകൊണ്ടിരുന്നു.. നിശ്ശബ്ദമായി.
        Sreekumarsree.

(** ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഗ്രാമങ്ങളുടെ സ്പന്ദനകേന്ദ്രമായിരുന്നു അന്തിച്ചന്തകൾ.. ദരിദ്രനാരായണന്മാർ ചെറിയ നാട്ടുവിഭവങ്ങൾ ശേഖരിച്ച് ഇവിടങ്ങളിൽ  വിറ്റ് നിത്യവൃത്തി കഴിച്ചുപോന്നു. അക്കൂട്ടത്തിൽ നാളികേരം ചിരട്ടയിൽ നിന്ന് വേർതിരിച്ച്  നീളത്തിൽ മുറിച്ച് ആവശ്യക്കാർക്ക് വില്പനയ്ക്ക് വച്ചിരുന്നു. ഇതിനെയാണ്  തേങ്ങാപ്പൂള്  എന്നറിയപ്പെട്ടിരുന്നത്. ഇവ വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിൽ സാമ്പത്തികമായി ഒരന്തരവും ഇല്ലായിരുന്നു എന്നതിനാൽ തന്നെ  അതൊരു വലിയ വാണിഭമല്ലായിരൂന്നു.
** കണ്ടം- കഷ്ണം .. * വിക്കാനേ - വിൽക്കാനേ )

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്