INDIANS
ഇന്ത്യയിൽ ജനിച്ചതിനാൽ ഞാനും ഹിന്ദുവാണ്.
ബുദ്ധനും മഹാവീരനും ജീവിച്ച കാലത്ത് ഭാരതത്തിൽ ഹിന്ദുമതം ഉണ്ടായിരുന്നില്ല. അവർ എതിർത്തിരുന്നത് ഹിന്ദു മതത്തെയുമല്ല. സമൂഹത്തിൽ നിലനിന്നിരുന്ന വൈദികമതത്തിന്റെ കൊളളരുതായ്മകളെയാണ് അവർ എതിർത്തത്.
ഇന്ത്യയിലെ ജനസമൂഹത്തെയോ അവരുടെ ജീവിതചര്യകളെയോ കുറിക്കാൻ വിദേശികൾ ഉപയോഗിച്ച, സിന്ധു എന്നതിന്റെ പേർഷ്യൻ നാമമായ വാക്കാണ് ഹിന്ദു. അതിൽ സിന്ധൂ നദീതടത്തിൽ ഉത്ഭവിച്ചവരോ.. അവിടങ്ങളിൽ കുടിയേറിയവരോ അവയിൽ നിന്നുത്ഭവിച്ച സങ്കര സന്തതി പരമ്പരകളോ ഒക്കെയാകുന്നു. അതല്ലാതെ ഹിന്ദു എന്നാൽ നിലവിൽ ഹൈന്ദവ മതം അനുവർത്തിക്കുന്നവർ എന്ന് പറയുന്നതുതന്നെ ശുദ്ധ അബദ്ധമാണ്. കടൽകടന്നെത്തിയ വൈദേശികർക്ക് ഭാരതത്തിലെ നിലവിലിരുന്ന ബഹു വിശ്വാസ വിഭാഗങ്ങളെ പരിചിതമല്ലാതിരുന്നതിനാലും പലരൂപത്തിൽ ആ ജനവിഭാഗത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത് അപ്രാപ്യമായതിനാലും അവർ ഈ വ്യത്യസ്ത ജനവിഭാഗത്തെ " ഹിന്ദു " എന്നു വിളിച്ചുപോന്നു.
രണ്ടായിരം കൊല്ലത്തിലധികം പഴക്കമുളള പുരാണ ഗ്രന്ധങ്ങളിലോ ജാതി വ്യവസ്ഥയെ എതിർക്കുന്ന ബൗദ്ധരുടെ പുസ്തകങ്ങളിലോ പോലും ഹിന്ദു എന്ന വിഭാഗത്തെ പരാമർശിക്കുന്നില്ല. ഭാരതത്തിന്റെ സിംഹഭാഗങ്ങളും വൈദികവിഭാഗം കൈയ്യടക്കിയപ്പോൾ അവർ വിദേശികൾ നൽകിയ "ഹിന്ദു" എന്ന പേര് സ്വീകരിച്ചു.
ചുരുക്കത്തിൽ ഹിന്ദു എന്നാൽ ഇസ്ലാമും ക്രിസ്തുവും ബുദ്ധരും ജൈനരും എന്നുവേണ്ട ഇന്ത്യയിൽ അധിവസിക്കുന്ന, അധിവസിച്ചിരുന്ന മുഴുവൻ ജനങ്ങളുമാണെന്ന് ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്നിട്ടും ചരിത്ര സത്യങ്ങളെ അവഗണിച്ച് അല്ലെങ്കിൽ ബോധപൂർവ്വം അവയെ തിരസ്കരിക്കുകയോ തിരുത്താൻ ശ്രമിക്കുകയോ ചെയ്യുകയാണ് ചില രാജ്യസ്നേഹികളും കുത്സിത മതസ്നേഹികളും.
ചരിത്രമനുസരിച്ച് ലോകത്തിന് സമാധാനത്തിന്റെ സന്ദേശം ആദ്യമായും വ്യക്തമായും ഉയര്‍ന്നത് ഇന്ത്യയിൽ നിന്നുതന്നെയാണ്. എന്നാൽ മതത്തിന്റേതെന്ന് ഊറ്റംകൊള്ളുന്ന പുണ്യപുരാണ ഗ്രന്ധങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്താണ്... ചതിയുടെ വഞ്ചനയുടെ കാപഠ്യങ്ങളുടെ യുദ്ധക്കൊതികളുടെ കഥകൾ.... കാലാകാലമായി നമ്മെ വായിക്കാൻ പഠിപ്പിച്ച ഭക്തി പാരായണ സമ്പ്രദായം ഒഴിവാക്കി അവ നിഷ്പക്ഷമായി വായിച്ചാൽ ഈ പുസ്തകങ്ങളുടെ സന്ദേശമെന്താണ്. ധർമ്മത്തിനുവേണ്ടി എന്ത് കുതന്ത്രങ്ങളും നടത്തി അധികാരം പിടിച്ചെടുക്കണം എന്നാണ്. അതെ അധികാരമാണ് മുഖ്യം. എന്നാൽ ഹിന്ദുമതത്തിൽ വിശ്വസിച്ചിരുന്ന ഗാന്ധിജിപോലും "അഹിംസ"യാണ് ധർമ്മയുദ്ധത്തിന്റെ ആയുധമായി ഉപയോഗിച്ചത്. ഗാന്ധിജിയും ഗോഡ്സെയും പതിവായി ഗീത വായിച്ചിരുന്നത്രെ.. പക്ഷേ ഇരുവരും അതിൽനിന്ന് സ്വംശീകരിച്ചത് വിഭിന്നമായിരുന്നു. ഇതുപോലെ പുതിയ ചില മതപരിപാലകരും ആരെയാണ് മാതൃകയാക്കുന്നത് ഏത് സത്താണ് സ്വാംശീകരിക്കുന്നത്. ആരെയാണ് അന്യരായി പ്രതിപാദിക്കുന്നത്. കുരുക്ഷേത്രഭൂമിയിലെ അർജ്ജുനനെപ്പോലെ സ്വസഹോദരരായ നാനാവിധ സമൂഹത്തിനെതിരെയല്ലേ പാണ്ഡവരായി സ്വയം ചമഞ്ഞ ചില പക്ഷത്തിന്റെ പോർവിളികൾ.. കൗശലങ്ങളും കുശാഗ്രബുദ്ധിയുമായി ഇരുഭാഗത്തും ശകുനിയും യൂദാസുമെല്ലാം നഖമുരയ്ക്കുന്നത് കാണാതെ പോകുന്നിവർ.
ഒന്നോർക്കേണ്ടതുണ്ട് സമാധാനപരമായ അടിച്ചമർത്തലും അധിനിവേശവും അസംഭവ്യമാണ്. കുരിശുയുദ്ധം പോലെ നൂറ്റാണ്ടുകൾ നീണ്ടാൽപ്പോലും ഇന്ത്യയിൽ ഒന്ന് മറ്റൊന്നിലെ ഇല്ലാതാക്കില്ല . കാരണം ഇന്ത്യയുടെ ഈ നാനാത്വം ഇന്ത്യയിൽ ഉത്ഭവിച്ച് വേരോടി പടർന്ന് പന്തലിച്ചതാണ്.
നാനാത്വത്തിലെ ഏകത്വമാണ് ഭാരതമെന്ന് അമ്മ. അവളെ അനാഥമാക്കി വൈദേശിക വൃദ്ധസദനത്തിലാക്കുകയാവും ഈ പോക്കിന്റെ അനന്തരഫലം.
അതെ ഞാനും ബഷീറും ജോസഫുമെല്ലാം മഹത്തായ ഇന്ത്യയിൽ ജനിച്ചവരാണ്. അതിനാൽ ഞങ്ങളുടെ ഈശ്വരന്മാർ കൃഷ്ണനും ക്രിസ്തുവും അല്ലാഹുവും ബുദ്ധനും മഹാവീരനുമൊക്കെയാണെങ്കിലും ഞങ്ങളെല്ലാം ഹിന്ദുക്കളാണ്. സിന്ധു നദീതട സംസ്കാരത്തിന്റെ പിൻതുടർച്ചക്കാരാണ്. ഞങ്ങളുടെ പ്രപിതാക്കന്മാരിൽ പലരെയും ആദിമകാലംമുതൽ സിന്ധു സംസ്കാരം ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്.
സർവ്വോപരി ഇന്ത്യയിൽ ജനിച്ചതിനാൽ ഞങ്ങളും ഹിന്ദുവാണ്.
അസഹിഷ്ണുതകളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്തത്തിന്റെയും ഓഷധലേപനമാണാവശ്യം. അകറ്റിനിർത്തലുകൾ വിഷബീജങ്ങളുടെ സൃഷ്ടിക്കു മാത്രമേ ഉതകുകയുളളൂ. നനാത്വത്തിലെ ഏകത്വത്തിനെ ഇനിയുമിനിയും പാലൂട്ടിവളർത്തണം നമ്മൾ.
Comments