Short story - hridayathil
ഹൃദയത്തിൽ വളരുന്ന പെൺമക്കൾ.
...... ....
-പോലീസിന്റെ മുന്നിൽ വച്ച് ആ അമ്മ പൊട്ടി പൊട്ടി കരഞ്ഞു.. പലപ്പോഴും മകളുടെ കൈ കവർന്നെടുക്കുകയും അവളെ മാറിൽ ചേർത്ത് കരയുകയും ചെയ്തു.. സമാധാനപ്പെടുത്താൻ ശ്രമിച്ച വനിതാ പൊലീസിനോട് ആറ്റുനോറ്റുണ്ടായ ആ മകളെ കഴിഞ്ഞ പത്തൊന്പത് വർഷങ്ങളായി നെഞ്ചിൽ ചേർത്ത് വളർത്തിയ കഥ പറഞ്ഞ് ഏങ്ങലടിച്ചു കരയുകയും പിന്നെ ചെറിയൊരു മോഹാലസ്യത്തിലേക്ക് വഴുതി വീഴുകയും ചെയ്തു-
സബ് ഇൻസ്പെക്ടർ ആ മകളോട് ഒരിക്കൽ കൂടി അവസാനമായി ചോദ്യം ആവർത്തിച്ചു..
" കുട്ടീ നിങ്ങൾ പ്രായപൂർത്തിയായവരാണെന്നറിയാം എന്നാലും ഈ അമ്മയുടെയും അച്ഛന്റെയും കൂടെ പോകുന്നതാണ് ഉചിതമായ കാര്യമെന്ന് തോന്നുന്നു. സാവകാശം നിങ്ങളുടെ ഇഷ്ടം മാതാപിതാക്കളുടെ അനുഗ്രഹത്തോടെ സാധിച്ചെടുക്കാം എന്തു പറയുന്നു.? "
പെൺകുട്ടി കസേരയിൽ ചരിഞ്ഞു കിടന്ന മാതാവിനെയും അരികിൽ ഇതികർത്തവ്യമൂഡനെപ്പോലെ നിന്ന പിതാവിനെയും മാറിമാറി നോക്കി.. പിതാവിന്റെയും മകളുടെയും കണ്ണുകൾ ഒരു നിമിഷം ഇടഞ്ഞു നിന്നു.. പിന്നെ അവളുടെ കണ്ണുകൾ താഴേക്ക് നോക്കി ചെറുപ്പക്കാരന്റെ കൈയ്യിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു " അച്ഛനെന്നോട് ക്ഷമിക്കണം എനിക്ക് രാജീവിനെ വിട്ടു വരാൻ വയ്യ... എന്നെ ബലമായി കൊണ്ട് പോയാൽ ഞാൻ ചത്തുകളയും..."
പിതാവിന്റെ മുഖത്തെ വികാരം വായിക്കാനെനിക്കായില്ല...അസ്പഷ്ടമായി എന്തോ പുലമ്പിയ മാതാവിൽ നിന്ന് ഒരു തേങ്ങൽ തൊണ്ടതടഞ്ഞു വിങ്ങിയത് ഏവർക്കും കേൾക്കാനായി....
ആ ചെറുപ്പക്കാരന്റെ കൈപിടിച്ച് അവന്റെ വീട്ടുകാരോടും കൂട്ടുകാരോടുമൊപ്പം ഏകമകൾ പൊലീസ് സ്റ്റേഷൻ പടിയിറങ്ങിപ്പോകുന്നത് കാണാനാകാതെ ആ പിതാവ് മുഖം തിരിച്ചു നിന്നു.
തിരികെ വീട്ടിലെത്തുംവരെയും അദ്ദേഹം നിശ്ശബ്ദനായിരുന്നു. എന്നാൽ പിൻസീറ്റിനെയാകെ ഉലച്ചുകൊണ്ട് ആ സ്ത്രീ പുലമ്പുകയും മകളെ തട്ടിയെടുത്തവനെ ശപിച്ചും നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്ത് ഇനി എങ്ങിനെ നോക്കും എന്നും മറ്റും പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്നു.. ഇടയ്ക്കിടെ മകളെ ലാളിച്ചു വഷളാക്കിയതിനുളള ശിക്ഷയാണിതെന്ന് പറഞ്ഞ് ഭർത്താവിനെ കുറ്റപ്പെടുത്താനും അവർ മറന്നില്ല. മറ്റേതോ ലോകത്തകപ്പെട്ടതുപോലെ ഇരുന്ന ഭർത്താവ് ഇവയൊന്നും ശ്രദ്ധിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല..
അദ്ദേഹം വളരെയേറെ വർഷങ്ങളായി തന്റെ സുഹൃത്താണ്. വെടിവെട്ട കമ്മിറ്റിയോ മദ്യസൽക്കാരമോ ഒന്നുമില്ലാതെ തന്നെ സഹോദരങ്ങളെപ്പോലെയാണ് ഇടപഴകിയിരുന്നത്. അതിനാൽ തന്നെ കുടുംബങ്ങൾ തമ്മിലും നല്ല ബന്ധം തന്നെയാണ്. തന്റെ ഏകമകൾ കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയി എന്നറിയിച്ചതും അദ്ദേഹം തന്നെയായിരുന്നു. വാർത്ത വിശ്വസിക്കാൻ സമയമെടുത്തു.. ഉടൻ അടുത്ത കാൾ വന്നു.
വേഗം വരണം പോലീസ് സ്റ്റേഷൻ വരെ പോകണമെന്ന്.. അപ്പോഴേയ്ക്കും കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി... പിൻസീറ്റലേക്ക് തിരിഞ്ഞു നോക്കി അദ്ദേഹത്തിന്റെ മുഖം വായിക്കാനായില്ല.
സ്വന്തം വീടിന്റെ മുന്നിൽ വിവരാന്വേഷികളായി ആരെയും കണ്ടില്ല. എന്നാൽ മതിലിനും ബോഗൺ വില്ലകൾക്കുമിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും കണ്ണുകൾ വീടിന്റെ ഉമ്മറത്തേയ്ക് പാത്തുപതുങ്ങുന്നത് കാണാത്ത പോലെ അകത്തു കയറിയവർക്ക് പിന്നാലെ കടന്നുചെന്നു. അകത്തു കയറിയപാടെ ആ അമ്മ ആർത്തലച്ചു വീണ്ടും കരയാൻ തുടങ്ങി. വസ്ത്രം മാറാൻ പോലും ശ്രമിക്കാതെ അദ്ദേഹം സോഫയിൽ ഇരുന്നു... നിശ്ശബ്ദനായി ഞാനും മുന്നിൽ തന്നെയിരുന്നു. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നോർത്ത് ആ കണ്ണുകളിലേക്ക് നോക്കി.. ആ മിഴികൾ അണപൊട്ടിയൊഴുകുന്നു..! ആ മനസ്സ് ഏങ്ങലടിച്ചു കരയുകയാണ്.. ആ കൈകൾ കവർന്നെടുത്തു..
"എന്റെ ജീവൻ, എന്റെ ജീവനാണ് പടിയിറങ്ങിപ്പോയത്.. ഞാനിനി....."
പതറിയ വാക്കുകൾ. മുറിഞ്ഞടർന്നു.. അകത്തു മുറിയിൽ കിടന്നു കരയുകയായിരുന്ന ഭാര്യ, ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞു വന്നു..
"കരയുന്നു..... കൊഞ്ചിച്ച് വഷളാക്കിയിട്ട് വീട്ടിലിരുന്ന് കരയുന്നു. ഒരു വാക്ക് ഒരു തുളളി കണ്ണുനീർ ആ സ്റ്റേഷനിൽ വച്ച് കണ്ടില്ലല്ലോ..? എന്നാലെങ്കിലും അവൾ പോകില്ലായിരുന്നു.. കണ്ടില്ലെ വീട്ടിൽ വന്നിരുന്നു മോങ്ങുന്നു...." ഭാര്യയുടെ സങ്കടം രോക്ഷമായി രൂപാന്തരപ്പെടുന്നു...
എന്നാലും അതിലും ചില സത്യങ്ങൾ ഇല്ലേയെന്ന് തോന്നിപ്പോയി.. സംശയം ചോദ്യരൂപത്തിൽ കണ്ണുകൾ പ്രതിഫലിപ്പിച്ചിരിക്കണം. അദ്ദേഹം സജലമിഴികൾ തുടച്ചു പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു.
" ശരിയാണ് കണ്ണുനീർ കാട്ടിയോ ഭീഷണിപ്പെടുത്തിയോ മകളെ തിരികെ കൊണ്ടുവരാമായിരുന്നു.. എന്നിട്ട്..? രണ്ടു ദിവസം മുമ്പ് ഒളിച്ചോടിപ്പോയ മകളെ കൊണ്ടുവന്നിട്ട് എന്താണ് കാര്യം... അവളെ ജീവിതകാലം പരിഹാസ കഥാപാത്രമാക്കാനോ...? ഞാനവിടെവച്ച് കണ്ണുനീരൊഴുക്കാതിരിക്കാൻ മനസ്സിന് വിലങ്ങിട്ടിരുന്നു... കാരണം അവളാ പയ്യനെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും... അവൾ ഈ അച്ഛനെയും ഒരുപാട് സ്നേഹിക്കുന്നുണ്ട്... അല്ലെങ്കിൽ സ്നേഹിച്ചിരുന്നു... ഞാനവിടെവച്ച് കരഞ്ഞാൽ അവൾക്കവനെ ഉപേക്ഷിച്ചു വരാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ അവിടെ വീഴുന്ന എന്റെ കണ്ണുനീരും അവൾക്ക് മറക്കാനാകില്ല... എത്ര സന്തോഷത്തോടെ ജീവിച്ചാലും അവളെയത് അലട്ടുക തന്നെ ചെയ്യും. അതെനിക്കറിയാം.. ഞാനവളുടെ അച്ഛനാണ് ഞാൻ കാരണം, എന്നെപ്രതി അവൾ വേദനിക്കരുത്.... കാരണം ഞാൻ എന്റെ മകളെ അത്രയും സ്നേഹിക്കുന്നുണ്ട്.. ഇപ്പോഴും.."
വാക്കുകളിലൂടെ ഒരച്ഛന് മകളോടുളള വാത്സല്യം എത്രയെന്നറിയാൻ കഴിഞ്ഞു.
ആ പിതാവിനോട് എനിക്ക് ഒന്നും പറയാനുണ്ടായില്ല.
തിരികെ വീട്ടിലേക്ക് പോകുമ്പോൾ മലയാള ചലച്ചിത്രം " കളിയാട്ടം " എന്ന സിനിമയുടെ ഒരു രംഗം മനസ്സിൽ ഓടിയെത്തി.. പെരുമലയനെ പ്രണയിച്ച് ജീവിക്കാൻ പോകുന്ന താമരയെ നോക്കിയിട്ട് പിതാവിന്റെ കഥാപാത്രം ശ്രീ. നരേന്ദ്രപ്രസാദ് പെരുമലയനോട്(sureshgopi) പറയുന്നു " പെരുമലയാ... ഇന്നിവൾ അച്ഛനെ വഞ്ചിച്ചു.. നാളെയിവൾ നിന്നെയും വഞ്ചിക്കും ഓർത്തോ ". പിന്നീട് ആ സിനിമയുടെ അവസാനം സംശയം മൂത്ത് പെരുമലയനവളെ കൊല്ലുന്നു.. അറിയാതെയെങ്കിലും ആ സംശയത്തിന്റെ ആദ്യ വിത്ത് പാകിയത് താമരയുടെ അച്ഛൻ തന്നെയാണ്.
ശരിയാണ് ദാമ്പത്യ ജീവിതത്തിൽ മറ്റുള്ളവരുടെ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും ദൂരവ്യാപകമായ ഫലങ്ങളുളവാക്കുന്നു. അത് രക്ഷിതാക്കളിൽ നിന്നാകുമ്പോൾ പ്രത്യാഘാതം തീവ്രവുമായിരിക്കും.
ഈ കഥയും മേൽ വിവരിച്ച സംഭവവുമായി ചേർത്ത് വായിച്ചപ്പോൾ മനസ്സ് വീണ്ടും ആ പിതാവിന് മുന്നിൽ വണങ്ങിനിന്നു.
Sreekumarsree.
Comments