Malayalam - Theerthadanam

തീർത്ഥാടനം
```````````````````
       മനുഷ്യന്‍ തീർത്ഥാടനം ചെയ്യാന്‍ തുടങ്ങിയത് എന്ന് മുതലാണ് എന്നതിന് കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ എന്തിനാണ് ഈ തീർത്ഥാടനം എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളായി ശരാശരി ഭക്തന്റെ മറുപടി " ഭഗവത് ദർശനമാണ് ലക്ഷ്യം " എന്നു തന്നെയാണ്. തീർത്ഥാടകരിൽ ആരൊക്കെ അല്ലെങ്കിൽ എത്രപേര്‍ ഈ പറഞ്ഞ ദർശനസായൂജ്യം നേടി എന്ന് ചോദ്യത്തിന് ആരും ഉത്തരം നല്‍കി കണ്ടിട്ടുമില്ല.

      ഹിന്ദുക്കൾ ശബരിമല മുതല്‍ കാശിവരെ പോയി വരുന്നതും മുസ്ലിം സമുദായക്കാർ നാട്ടിലെ തയ്കാവുകൾ മുതല്‍ മക്കയിലും മദീനയിലും പോകുന്നതും ക്രിസ്തുമതക്കാർ കുരിശുമല മുതൽ വത്തിക്കാൻ വരെയും തീർത്ഥാടനം ചെയ്യുമ്പോൾ പറയുന്ന കാരണം " ഭഗവത് ദർശനമാണ് ലക്ഷ്യം " എന്നു തന്നെയാണ്. അതിലൂടെ അളവറ്റ  സൗഭാഗ്യങ്ങളും  സമ്പത്തും രോഗപീഡകളിൽ  നിന്നുള്ള  മുക്തിയുമൊക്കെയാണ് പരമമായ ലക്ഷ്യം  എന്നത് ഒരു സത്യമാണ്. എന്നാല്‍  തന്നിലെ ഈശ്വരനെയും ചെകുത്താനെയും തിരിച്ചറിയാനാകാത്തവർ അമ്പലങ്ങളിൽ പോയി ദൈവത്തെ വണങ്ങുകയും സാത്താനെ കല്ലെറിയുകയും ചെയ്യുന്നത് എത്രമാത്രം നിഷ്ഫല പ്രവർത്തിയാണ്..

      ശബരിമല  തീർത്ഥാടകർ മലകയറി  സന്നിധാനം  പൂകുമ്പോൾ "തത്വമസി " എന്ന  വചനമാണ്.  "തത് - ത്വം - അസി = അത്  നീ തന്നെയാണ്  അല്ലെങ്കിൽ  നീ തേടുന്നതെന്തോ അത് നിന്നിൽ തന്നെയാണ്  കുടികൊളളുന്നത് എന്നാണ്  ആ മഹത് വാക്യത്തിന്റെ സാരം. ഈ ഉപനിഷത് മഹാവാക്യവും തീർത്ഥാടകന്റെ മനോനിലയും തമ്മില്‍  എങ്ങനെയെങ്കിലും പൊരുത്തപ്പെടുന്നുണ്ടോ.?  മക്കയിൽ പോയി ചെകുത്താനെ കല്ലെറിയുകയും  തിക്കിലും തിരക്കിലും പെട്ട് ജീവന്‍  പൊലിഞ്ഞു പോയവര്‍  നിരവധിയാണ്.  എന്നാല്‍  സ്വ മനസ്സിലെ ചെകുത്താനെ ആട്ടിപ്പായിക്കാനായാൽ പിന്നെന്തിനു നാം പ്രതീകാത്മക പ്രവൃത്തികളിൽ ആശ്വാസം  കൊളളണം. സ്വമനസ്സുകൾ ശുദ്ധിയാക്കാതെ വത്തിക്കാനിലെത്തി മാർപ്പാപ്പയെ വണങ്ങിയാലോ കരം മുത്തിയാലോ  ഈശ്വരാനുഗ്രഹം സിദ്ധിക്കുമെന്ന തീർത്ഥാടക മോഹം എത്ര  അർത്ഥശൂന്യമാണ്.

    വർഷാവർഷം ശിവഗിരി  തീർത്ഥാടനം  ചെയ്യണമെന്ന് ശ്രീനാരായണ  ഗുരുദേവന്‍  ഉദ്ഘോഷിച്ചത്, അദ്ദേഹത്തിന്റെ  ആശ്രമത്തിലോ ശാരദാപ്രതിഷ്ഠയിലോ ചെന്നാല്‍  അനുഗ്രഹം ലഭിക്കും  എന്ന് കരുതിയല്ല മറിച്ച്,   അധ:സ്ഥിതനായി പൊതു സമൂഹം  ഭ്രഷ്ട് കൽപിച്ചകറ്റിയ താരതമ്യേന  വിദ്യാഭ്യാസം കുറഞ്ഞവനുമായിരുന്ന  ഈഴവ സമുദായക്കാർക്കും അതുപോലെ അധസ്ഥിതരായ മറ്റു സമുദായ  സമൂഹത്തിനും വേണ്ടി   ഇങ്ങനെയുളള തീർത്ഥാടന കാലയളവില്‍ വിവിധ മേഖലകളില്‍ നിന്നും  വിവിധ  സ്ഥലങ്ങളിൽ  നിന്നും  നാനാ വിഷയങ്ങളിൽ  പ്രാവീണ്യം  നേടിയ വിദഗ്ധരെ കൊണ്ട്  വന്നു പ്രഭാഷണങ്ങളും പ്രദര്‍ശനങ്ങളും നടത്തി  പരിശീലനങ്ങൾ നടത്തിയും  സമുദായത്തിന് ശാക്തീകരണം നടത്തണമെന്നാണ്  ഗുരുദേവന്‍  ഉദ്ദേശിച്ചത്.  (ഈയുള്ളവനും പലപ്പോഴും ആ പുണ്യഭൂവിലെത്തി തീർത്ഥാടനത്തിൽ പങ്കുകൊണ്ട് നീണ്ട ക്യൂ നിന്ന്  പ്രസാദം  വാങ്ങി  മടങ്ങിയിട്ടുണ്ട്. എന്നാല്‍  തീർത്ഥാടനത്തിന്റെ തിരക്കുകളില്ലാത്ത സമയം ആ ആശ്രമമുറ്റത്ത് നിന്നാല്‍  കിട്ടുന്ന ആത്മശാന്തി തീർത്ഥാടനകാലത്ത് ലഭിക്കുമോ എന്ന് സംശയമുണ്ട്.)

       വിദ്യാഭ്യാസം, ശുചിത്വം ഈശ്വരചിന്ത, സംഘടന, കൃഷി, കച്ചവടം,  കൈത്തൊഴിൽ, ശാസ്ത്ര സാങ്കേതിക പരിശീലനം  എന്നിങ്ങനെ  തീർത്ഥാടനത്തോടനുബന്ധിച്ച് നടത്തേണ്ട  സംഗതികളെന്തൊക്കെയാകാമെന്ന് ഗുരുദേവന്‍  തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ  ചിലരെങ്കിലും ശിവഗിരി തീർത്ഥാടനത്തെ മറ്റ് തീർത്ഥാടനം പോലെതന്നെ ഗുരുദേവ അനുഗ്രഹലബ്ദിക്കെന്ന പോലെ ആചരിച്ചു കാണുന്നു.
        ..................................

     സ്വന്തം  ആത്മാവിനെ  മറ്റെവിടെയോ കുടികൊളളുന്നതായി കണ്ട് മൂഢഭക്തി ആചരിക്കുന്നതിനാലാണ് പലപ്പോഴും  തീർത്ഥാടനം  വഴിതെറ്റാനുളള മൂലകാരണം. ബ്രഹ്മശ്രീ. ശ്രീ. ആത്മാനന്ദ ചൈതന്യ  പറഞ്ഞ  കഥ നോക്കാം. ഒരിക്കല്‍ ഒരു  സന്യാസി എങ്ങിനെയോ കൈയില്‍  വന്ന ഒരു ഗോളത്തിലാണ് തന്റെ  ദൈവം അധിവസിക്കുന്നതെന്ന് കരുതി  അതിനെ ആരാധിച്ചുകൊണ്ടിരുന്നു. ആ ആരാധന അദ്ദേഹം വളരെയധികം  ആനന്ദം  കണ്ടിരുന്നു. ഇതറിഞ്ഞ  മറ്റൊരു  സന്യാസി  ഗോളത്തിനുളളിൽ എന്താണെന്നറിയാനുളള അതിയായ ആകാംഷയിൽ ഒരുനാൾ ഗോളത്തെ പകുത്തു നോക്കി..  ശൂന്യതയല്ലാതെ മറ്റൊന്നും  അദ്ദേഹത്തിന് കണ്ടെത്താനായില്ല. ഇതുപോലെയാണ് യഥാര്‍ത്ഥ  ഈശ്വരവിശ്വാസവും ദൈവാന്വേഷണവും... സ്വന്തം  മനസ്സിനുളളിലെ ദൈവത്തിനെ മറന്ന്  നാം തേടിച്ചെന്ന് ആരാധിക്കുന്നത് വെറും  ശൂന്യതയെയാണ്. " മോക്ഷപ്രാപ്തിക്ക് കാശിക്കു  പുറപ്പെട്ട ബ്രാഹ്മണന്റെ   കൈയില്‍  പാവക്ക  കൊടുത്തു വിട്ട് അതിന്റെ  കയ്പ് മാറ്റിക്കൊണ്ട് വരണമെന്ന് പറഞ്ഞ  പഴയ പാക്കനാരുടെ കഥ ഇവിടെ ഓര്‍ക്കാം...

തീർത്ഥാടനത്തെപ്പറ്റി പറയുമ്പോൾ പുരാണത്തിൽ  ശ്രീ പരമേശ്വരൻ പ്രിയ പത്നിക്കുപദേശിക്കുന്ന ഒരു പദ്യം കൂടി  ചേര്‍ത്ത്  വായിക്കാം...

   "ഇദം തീർത്ഥമിദം തീർത്ഥം
ഭ്രാമൃന്തി താമസാ ജന:
സ്വാത്മതീർത്ഥം ന ജനാതി
കഥം ശാന്തീം ശ്രുണുപ്രിയ"...

   ""പ്രിയ പത്നീ.. ഇതാണ് പുണ്യ തീർത്ഥം...   അതിനെക്കാൾ കേമം മറ്റേതാണ്..  എന്നിങ്ങനെ  അന്ധരായ ജനങ്ങൾ ഓരോരോ ഇടങ്ങളില്‍  ഓടി നടക്കുകയാണ്..ആത്മാവിലാണ് യഥാര്‍ത്ഥ  തീർത്ഥം അതാണ്  നാം പാനം ചെയ്യേണ്ടത്  എന്നറിയാത്ത ഈ ജനങ്ങൾക്ക്  എന്നാണ്  ശാന്തിയുണ്ടാകുക.?""

○● അതെ ഈശ്വരൻ മനയിലുമല്ല മലയിലുമല്ല മർത്യാ... അവൻ നിന്റെ മനസ്സില്‍  മാത്രമാണ് ●○.
                      ....ശ്രീ....കടപ്പാട്/വായന/ഗുരു ശ്രീ ആത്മാനന്ദ ചൈതന്യ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്