Short stories -Ariyathe poyathu
അറിയാതെ പോയത്
▪▪▪▪▪▪▪▪▪▪▪▪▪▪▪▪
സമയം പതിനൊന്നിലേക്കായുന്നു.. സഹപ്രവർത്തകൻ ചായ കുടിക്കാൻ ക്ഷണിച്ചു. ഫയലുകള്‍ മടക്കി പതിയെ എണീറ്റു. ഓഫീസില്‍ കാന്റീൻ ഉണ്ടെങ്കിലും പുറത്തെ രാധാകൃഷ്ണന്റെ തട്ടു കടയിലെ ചൂടു ചായയും പഴംപൊരിയുമാണ് പഥ്യം. ഒപ്പം അല്പം പരദൂഷണം കൂടിയാകുമ്പോൾ ഉഷാറായി..
ചായ മൊത്തിക്കഴിഞ്ഞപ്പോഴേയ്കും മൊബൈല്‍ റിംഗ് ചെയ്തു.. സുമിത്രയാണ്. ഭാര്യയുടെ സെക്ഷനില്‍ ജോലിചെയ്യുന്ന സുമിത്ര സാധാരണ വിളിക്കാറില്ല എന്തേലുമുണ്ടെങ്കിൽ അടുത്ത സീറ്റിലിരിക്കുന്ന ഭാര്യ വഴിയാണ് ബന്ധപ്പെടാറുളളത്.. "ചേച്ചി, തലചുറ്റിവീണു സാറൊന്നു വേഗം വന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോകണം "
ഉപചാരങ്ങൾക്ക് നിൽക്കാതെ സുമിത്ര പറഞ്ഞു വച്ചു..
ഒരേ കോമ്പോണ്ടിൽ ഒരേ ഡിപ്പാർട്ട്മെന്റിൽ രണ്ടു കെട്ടിടങ്ങളിലാണ് ജോലിചെയ്യുന്നതെന്ന് മാത്രമല്ല ഒരുമിച്ചാണ് വന്നു പോകുന്നത്.. വന്നപ്പോഴൊന്നും ബുദ്ധിമുട്ടുകൾ ഒന്നും പറഞ്ഞില്ല എന്താണാവോ.. മനസ്സിനെ നിയന്ത്രിച്ച് അടുത്തുള്ള വലിയ ഹോസ്പിറ്റലിൽ എത്തിച്ചു... ടെസ്റ്റ്കളും ടെന്‍ഷനുമായി ഒരു മണിക്കൂര്‍... ഇതിനിടയിലെപ്പോഴൊ.. മനസ്സ് റിവേഴ്സ് ഗിയറിട്ടതറിഞ്ഞില്ല.
പതിവ് പോലെ അഞ്ച് മണിക്കാണ് രാവിലെ എണീറ്റത് ട്രാക്ക് സ്യൂട്ട് ധരിക്കെ തന്നെ അവളെ വിളിച്ചുണർത്തി.. അവളടുക്കളയിലേക്ക് കയറുമ്പോൾ പതിവു പോലെ വ്യായാമ കസർത്തിനിറങ്ങും. ഏഴുമണിക്ക് തിരിച്ചെത്തിയാൽ ചൂടു ചായ, പത്രം റെഡി.. അപ്പോഴേക്കും അവൾ തുടങ്ങും കുട്ടികളെ ഉണർത്തുന്ന ബഹളം, പല്ലു തേപ്പിക്കൽ മുതല്‍ യൂണിഫോമിലാക്കി സ്കൂള്‍ ബസ്സിലേറ്റി വിടും വരെ കേൾക്കാം അവളും കുട്ടികളുമായുളള പൊടിപൂരം.. ഇതിനിടയിൽ തന്നെ കുളികഴിഞ്ഞെത്തുമ്പോൾ മേശമേൽ കാപ്പിയുണ്ടാകും.. കഴിക്കുന്ന നേരത്തും കുളിമുറിയിൽ നിന്നും അവളുടെ നിർദ്ദേശങ്ങൾ വന്നുകൊണ്ടിരിക്കും.. സമയം 9.30 കെട്ടിവച്ച ചോറും ബാഗുമായി വണ്ടിയില്‍ കയറിയാലും ഉടുത്തൊരുങ്ങലിന്റെ പണി തീരില്ല.. നീണ്ട ഹോണടിയിൽ സമയം ഓർമ്മിപ്പിക്കുമ്പോഴേക്കും വാരിചുറ്റിയ സാരിയുമായി ഓടി വന്ന് വണ്ടിയില്‍ കയറും.. പിന്നത്തെ ആവശ്യം റിവ്യൂ ഗ്ലാസ്സ് മുഖത്തിന് നേരെ തിരിക്കാനാണ്.. മുഖത്ത് പൗഡർ കൂടുതലാണോ.? പൊട്ട് ചരിഞ്ഞു പോയോ.? ഇത്യാദി കാര്യങ്ങളെല്ലാം വണ്ടിയില്‍ വച്ചാണ്.. ദേഷ്യം മുഖത്ത് പുത്തുലയുന്നതവൾക്കറിയാം.. എന്നാലും ഒരു പുഞ്ചിരി നൽകി സെക്ഷനിലേക്ക് വേഗത്തിലോടിക്കയറുന്നതു കണ്ടാണ് വണ്ടി ഒതുക്കി വയ്കുന്നത്..
എണീറ്റത് അര മണിക്കൂര്‍ വൈകിയതൊഴിച്ചാൽ പതിവുകൾക്കൊരു മാറ്റവും ഉണ്ടായില്ല. മുഖത്ത് പ്രത്യേകിച്ച് ക്ഷീണമോ മറ്റോ തോന്നിയില്ല.. പിന്നിപ്പോ... എന്താ ഇങ്ങനെ.... ഡോക്ടര്‍ വിളിപ്പിച്ചപ്പോഴാണ് ചിന്തകള്‍ കുടഞ്ഞെറിഞ്ഞത്..
" നോക്കൂ മിസ്റ്റര്‍.. താങ്കളുടെ ഭാര്യയ്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ല.. പക്ഷെ ഇന്നവർ ഇതിനകം ഒന്നും കഴിച്ചിട്ടില്ല.. അതാണ് പ്രശ്നം.. ക്ഷീണം മാറ്റാന്‍ ഡ്രിപ്പ് നൽകുന്നുണ്ട് കഴിയുമ്പോൾ പോകാം.. അവർക്ക് ഭക്ഷണം വാങ്ങി കൊടുക്കൂ...."
കുറച്ചേറെ സമയമെടുത്തു ഡോക്ടറോട് നന്ദി പറയാന്‍. അപ്പോഴെക്കും ഡോക്ടര്‍ നടന്നകന്നിരുന്നു..
ഒരുപാട് സമയം ആ കൈകളും നെറ്റിയും തടവി ബെഡ്ഡിനരികിലിരുന്നു.. മയങ്ങി ഉറങ്ങിയ ഭാര്യയോട് മനസ്സാലെ ഒരായിരം വട്ടം മാപ്പ് ചോദിച്ചു.. പിന്നെ കുറ്റബോധത്താൽ ഈറനായ കണ്ണുകള്‍ തുടയ്കാൻ തൂവ്വാല തേടി.. അവളുണരുമുൻപേ... അവളറിയാതെ.
.......ശ്രീ.
Comments