Self story- Yakshiyum njangalum
യക്ഷിയും ഞങ്ങളും
`````````````````````````````````
പഴയ കഥയാണ്.. വിദ്യാഭാസമൊക്കെ മതിയെന്ന് രക്ഷിതാക്കൾ പറഞ്ഞപ്പോൾ അതിനിടയിൽ ആകെ പഠിച്ച തൊഴിലായ വായ് നോട്ടവുമായി കഴിഞ്ഞ കാലം.. സൗഹൃദങ്ങൾക്ക് ഒരു പഞ്ഞവുമില്ല.. കാണുന്നവരെല്ലാം കൂട്ടുകാർ.. എന്നിരിക്കിലും അഞ്ചുപേർ അടങ്ങുന്ന ഒരു ഗ്രൂപ്പുണ്ടായിരുന്നു ഞങ്ങൾക്ക്. എല്ലാ നല്ലതും ചീത്തയുമായ കാര്യങ്ങളിൽ ഞങ്ങള്‍ ഒന്നിച്ചു പങ്കെടുക്കും. ക്രമേണ നാട്ടില്‍ ഞങ്ങൾക്ക് പഞ്ചപാണ്ഡവർ എന്ന വിളിപ്പേരുമായി. ഞങ്ങൾക്ക് സൗകര്യമായി വർത്തമാനം പറയാന്‍ ഒരിടമില്ലാത്തത് വലിയൊരു പ്രശ്നമായിരുന്നു. എവിടിരുന്ന് സംസാരിച്ചാലും ആൾക്കാർ ശ്രദ്ധിക്കുന്നെന്ന തോന്നൽ.. (ഞങ്ങളുടെ സംസാര വിഷയങ്ങള്‍ അത്രയ്കങ്ങട് സുതാര്യമല്ലാത്തതാണ് യഥാര്‍ത്ഥ പ്രശ്നം )
അങ്ങിനെയാണ് ഞങ്ങള്‍ ഞങ്ങളുടെ വീടിനടുത്തുളള ഞങ്ങള്‍ പഠിച്ച സ്കൂള്‍ കോമ്പോണ്ടിൽ ഒരറ്റത്തു നിൽക്കുന്ന വലിയ ഏഴിലംപാലയുടെ തറയില്‍ ഇരിപ്പു തുടങ്ങിയത്.. വൈകുന്നേരത്തെ ക്രിക്കറ്റ് കളിയൊക്കെ കഴിഞ്ഞ് സന്ധ്യ മുതല്‍ ഏകദേശ പതിനൊന്നു മണിവരെ( എല്ലാവരുടെയും വീടുകള്‍ അടുത്തു തന്നെയായിരുന്നു) ഞങ്ങളവിടിരുന്നു സൂര്യനു കീഴെയും സൂര്യനു മുകളിലുമുള്ള സകല വിശയങ്ങളും കൂലങ്കുഷ ചർച്ചയ്ക് വിധേയമാക്കി. നാട്ടിലെയും പ്രാദേശിക ദേശീയ അന്താരാഷ്ട്ര പ്രശ്നങ്ങളെ ഞങ്ങള്‍ ചർച്ചകളിലൂടെ തുണിയുരിഞ്ഞ് നാണം കെടുത്തി.
അതിനോടൊപ്പം തന്നെ ബിയർ എന്ന മാസ്മരത്തിൽ തുടങ്ങി ലോകത്തിലെ ലഭ്യമായ എല്ലാതരം ലഹരി പാനീയങ്ങളും ഞങ്ങള്‍ പരിചയപ്പെടുകയും പട്ടച്ചാരായം ഞങ്ങളുടെ ഇഷ്ട തോഴനുമായി മാറിക്കഴിഞ്ഞിരുന്നു. കലാപരിപാടികൾ ഗംഭീരമായി മുന്നേറിയതിനൊപ്പം നാട്ടില്‍ ഞങ്ങളുടെ കൂട്ടത്തെ പറ്റി മുറുമുറുപ്പുകളും ആരംഭിച്ചു. ഒപ്പം ഞങ്ങളുടെ സ്വകാര്യസ്ഥലമായ പാലച്ചുവട് അന്യാധീനമാകുമെന്നും തോന്നി. അങ്ങനെയാണ് ആ പാലയില്‍ ഞങ്ങള്‍ ഒരു യക്ഷിയെ താമസമാക്കാൻ തീരുമാനിച്ചത്..
കുറച്ചുദിവസം ഞങ്ങള്‍ സ്ഥലം മാറിയിരുന്നു.. ചോദിച്ചവരോട് വളരെ ഗോപ്യമായി ആ വസ്തുത ഞങ്ങള്‍ വെളിപ്പെടുത്തി..
"ആ പാലയില്‍ എന്തോ പ്രശ്നമുണ്ട്.. പലപ്പോഴും മുകളില്‍ നിന്ന് ദീർഘനിശ്വാസം പോലെ ഒരു ശബ്ദം.. പിന്നെ ഞങ്ങള്‍ സംസാരിക്കുമ്പോൾ ആരോ മുകളില്‍ മൂളി കേൽക്കുന്നപോലെ ഒരു ശബ്ദം. ചിലപ്പോളൊരു മണിനാദം.."
ഇങ്ങനെ പൊടിപ്പും തൊങ്ങലും വെച്ച് നാട്ടിലെ ഒരുവിധം കഥ പ്രചരിപ്പിക്കുന്നവരോടും അമ്മച്ചിമാരോടുമൊക്കെ തട്ടിവിട്ടു.. കഥ പതുക്കെ വലുതാകുന്നത് ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ പറഞ്ഞതും പറയാത്തതുമൊക്കെ പാവം പാലയെപ്പറ്റി പ്രചരിക്കാൻ തുടങ്ങി പലരും രാത്രി പാലമേൽ എന്തെക്കെയോ കണ്ടു. പേടിച്ചവർക്ക് കോമ്പോണ്ടിൽ ചേർന്നുളള ഭഗവതി ക്ഷേത്രതന്ത്രി ചരട് ജപിച്ചു നൽകി.. ഹരം കേറിയ ഞങ്ങളുടെ കൂട്ടത്തിലൊരുവൻ വെളളിയാഴ്ച രാത്രികളിൽ പാലയില്‍ കയറിയീരുന്നു കർപ്പൂരം കത്തിച്ചണച്ചു. ദീപം കണ്ടവര്‍ വീണ്ടും ചരട് കെട്ടി.. പിന്നെ പാലയ്ക് മുകളില്‍ ചെറിയ മണികിലുക്കം കേൾക്കാൻ തുടങ്ങി. ചുവടിൽ അല്പം മാറി കൂട്ടുകാരൻ കറുത്ത ചരടുവലിച്ച് മണിനാദം കർണ്ണാനന്ദമാക്കി. അങ്ങനെ ആ പാല മുറിക്കണമെന്ന അഭിപ്രായം പലരും പറയാന്‍ തുടങ്ങി.
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ കൊല്ലുമെന്ന നിലയിലായി. പാലച്ചുവട് നഷ്ടമാകുന്നത് ഞങ്ങൾക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു. ഞങ്ങളുടെ എല്ലാ രഹസ്യവും അറിയുന്ന ആറാമത്തെ ആൾ ആ പാലയായിരുന്നു. അതിനാല്‍ തന്നെ ഞങ്ങൾ കലാ പരിപാടി അവസാനിപ്പിച്ചു വീണ്ടും പാലച്ചുവട്ടിൽ ഇരിപ്പു തുടങ്ങി. ഒപ്പം ക്ഷേത്രതന്ത്രിയോട് ക്ഷമാപണം നടത്തി യക്ഷിയുടെ സത്യവും അറിയിച്ചു. ഏതായാലും ഞങ്ങള്‍ പാലച്ചുവട് ഉപേക്ഷിക്കും വരെ പിന്നെയാരും ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ട് അങ്ങോട്ട് വരില്ലായിരുന്നു.. പിന്നിട്ട കാലത്തിലേക്കെത്തി നോക്കുമ്പോൾ രസാവഹമായ എത്രയെത്ര കഥകള്‍.. ആ പാല ഇപ്പോഴും സ്കൂള്‍ മുറ്റത്തുണ്ടാകും സൗഹൃദങ്ങൾ പലവഴിയായി. കണ്ടുമുട്ടലുകൾ വിരളവും ഔപചാരികമായി. ഓർമ്മകൾ മാത്രം മധുര ദീപ്തമായി നിലനിൽക്കുന്ന. ( മാന്യ വായനക്കാരെ ബോറടിപ്പിച്ചെങ്കിൽ ക്ഷമിക്കുക. ചിത്രം പകർത്തി പോസ്റ്റ് ചെയ്തപ്പോൾ എന്തെങ്കിലും കുറിക്കണമെന്ന വികാരത്തിലുണ്ടായ ഓർമ്മക്കുറിപ്പാണിത്).
Comments