poem - Khavarij

ഖവാരിജ്
########

ഭൂഖണ്ഡങ്ങളിൽ നിന്നും
ഭൂഖണ്ഡങ്ങൾ തേടി
ഭൂഖണ്ഡങ്ങൾ  താണ്ടി
അദക്ഷരരുടെ
പാലായനങ്ങൾ

സ്വഗേഹങ്ങളിൽ നിന്ന്
സ്വദേശങ്ങളിൽ നിന്ന്
സ്വ സത്വങ്ങളിൽ നിന്നും
കുടിയിറക്കപ്പെടുന്നവർ

വാൾ മുനമ്പുകൾ കൊണ്ട്
സ്വർഗ്ഗരാജ്യം ചമയ്കുന്ന
ഭൂതാവിഷ്ടരുടെ
വിഡ്ഢിത്തരങ്ങൾക്ക്
വില നൽകുന്നവർ..

നിറവയറിന്
നിറബാല്യത്തിന്
നിറയൗവ്വനത്തിന്
അധിക ചുങ്കം നൽകി
മരീചിക തേടി
ഉരുവേറിയവർ...

തിരയിളക്കങ്ങളിൽ
ഗതിവേഗമില്ലാതെ
കപ്പൽ ചാലുകൾ വിട്ട
കപ്പിത്താനൊഴിഞ്ഞ
കപ്പല്‍ നിരപ്പുകൾ

കപ്പല്‍  ചൊരുക്കുകളിൽ
പുളയുന്ന അടിവയറുകളിലെ
ചെറു തുടിപ്പുകൾ..
കരകാണാ ചെറുകണ്ണിൽ
നിറയുന്ന ഭീതികൾ..

പിന്നിട്ടുപോയ മണ്ണോർത്ത്
നെടുവീർപ്പിലുലഞ്ഞു താഴ്ന്ന
ചിതലരിച്ച നെഞ്ചകം

കടൽ മാടി വിളിച്ചോരെ,
പൈതലെ.. പ്രാണനേ
അമ്മയെ സോദരജീവിയെ
ഉയിരറ്റുപോയവയൊന്നിനെയും
വൃഥാ കരുതാതെ കടലിന്നു
കാണിക്കയേകുന്നോർ..
കരയുവാനാകാതെ
കരളുറപ്പുളളവർ...

ധ്വജമൊടിഞ്ഞാടിയുലയുന്ന
കപ്പലിലുയിരിന്റെ കണികകൾ
തുളളി ജലമൊന്നു
നുകരുവാനാകാതെ കരയവെ..

ഇരുപാർശ്വവും കരിഞ്ഞമ്മയാ-
മവനിയിന്നൊരുതുളളിപോലും
നീരൊപ്പുവാനാകാതെയലയുക-
യാണു ഖവാരിജിനെത്തേടി...
ഒരു മടക്കം ഇനിയമ്മ മടിയിലേക്ക-ല്ലൊരുജീവിതത്തിലേക്കാകുമോ.?

...ഖവാരിജ് = പുറപ്പെട്ട്പോയവൻ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്