Short story - 3 Arvanikal

അർവ്വാണികൾ
#############
     ഉച്ചയൂണിനു ശേഷം  അമ്മമ്മയുടെ കൈയ്യാളായി  പറമ്പിലും തൊടിയിലുമൊക്കെ ഒരു കറക്കമുണ്ട്. അമ്മമ്മ  പറമ്പിലെ  ചെടികളെ പരിചരിച്ചും നിരീക്ഷിച്ചും പണിക്കാർക്ക് നിർദ്ദേശങ്ങളും കൊടുത്ത് നടക്കുമ്പോൾ ഞാന്‍  കണ്ണാംപക്കിയോടും അടയ്കാക്കുരുവിയോടും കുളക്കോഴികളോടും കൂട്ടുകൂടാൻ പാഴ്ശ്രമം ചെയ്യും.

"അർവ്വാണീ.. നിനക്കിത്ര ധൈര്യാ... "

കൂവത്തണ്ടിലിരുന്ന പുളളിവാലനെ കിട്ടികിട്ടീലാന്നായപ്പോഴാണ് ആ അലർച്ച ചെവിതുളച്ച് ഞെട്ടിച്ചത്. ദേഷ്യംകൊണ്ട് വിറച്ച് അമ്മമ്മ !!?

"ആരോട് ചോദിച്ചിട്ടാ യ്യെന്റെ പറമ്പേലേറീത്... കടന്നോണം.. മൂശ്ശട്ട:!! കാഴ്ചയ്ക് കൊളളാത്ത വർഗ്ഗം"

അമ്മമ്മയുടെ  ശീൽക്കാരം അവസാനിക്കുന്നതിനു മുൻപ് തന്നെ കൈയ്യില്‍  വീണുകിട്ടിയ ഉണങ്ങിയ  തേങ്ങയുമുപേക്ഷിച്ച് ഒരു സ്ത്രീ  കൈയ്യാല താണ്ടി  ഓടിപ്പോയി. ..
"അപ്പുവില്ലേ അപ്പുറത്ത് വായിവിടെ.... "
വിളി തീർന്നില്ല അപ്പുനാടാർ മാറിലെ വിയര്‍പ്പിൽ കൈകെട്ടി ഓശ്ഛാനിച്ചു...
"കണ്ടില്ല്യേ നീയ്യ്. . തേവിടികളും അർവ്വാണികളും നെരങ്ങേണ്ടിടമല്ലിത്... കാലംപോയ പോക്കേ..!!  പറമ്പിപ്പോഴും കൊണ്ണിവീടരുടേതാന്ന് പറഞ്ഞേക്ക്. . കാരണവരെ പോയുളളൂ... ഏഴില് മൂന്നും ആണാ മക്കള്... അന്യം നിന്നു  പോയിട്ടൊന്നൂല്യാ... അപ്പൂന് അവിടെന്താച്ചാ ആവാം. . അത് കൊണ്ണിവീടരുടെ പറമ്പില് വേണ്ടാ... ഞാനറീണുണ്ട് ത്രിസന്ധ്യായ്ക് പറമ്പിലെ  കുളത്തിലെ  തേവാരം.. പറഞ്ഞേക്ക്  നീയ്യാ അർവ്വാണിയോട്. ഈക്കയ്യാല കടക്കേണ്ടെന്ന്....".

          "അർവ്വാണീന്ന് വച്ചാ അതെന്താ. .. അമ്മേ...? "    ഇക്കുട്ട്യോളെന്തിനാ അതൊക്കെ  അറീണത്... പൊക്കോ മുന്നീന്ന്.. " അടമാങ്ങ ഉണക്കിയത് പനമ്പായയിൽ കൂട്ടിയെടുക്കുമ്പോളാണ് അമ്മയോട് ചോദിച്ചത്... "വേണ്ടാത്തരങ്ങളെല്ലാം കേട്ടു പഠിക്കണം.. അനുസരണ പഠിക്കയുമരുത്.. "  ഉത്തരം കിട്ടാത്ത സമസ്യ പോലായി അത്.
അർവ്വാണികൾ... ... നല്ല പേര് അതാണോ അവരുടെ  പേര്, പക്ഷേ  അത് കേട്ടിട്ട് ആ സ്ത്രീ  ഓടിപ്പോയല്ലോ... രാത്രി ഉറങ്ങാന്‍ കിടന്നപ്പോൾ ഇളയമ്മയോട് ചോദിച്ചു..   ചീത്ത  സ്ത്രീകളെയത്രെ അങ്ങിനെ  പറയാറ്..  അവരോട്  നമ്മള്‍  മിണ്ടാൻ പാടില്ല.  അപ്പോള്‍  അപ്പുനാടാർ  മിണ്ടുന്നതോ ? അപ്പുനാടാരും ചീത്തയാ?.  അപ്പോ അടയ്കാ പറിക്കാനും പറമ്പ് കിളയ്കാനും  അപ്പുനാടാരെ കൂട്ടണതോ?!!..
കുട്ടികള്‍  അതൊന്നും തെരക്കണ്ടാ... മിണ്ടാണ്ടുറങ്ങ്. ഇളയമ്മയുടെ അന്ത്യശാസനം.
പല്ലാങ്കുഴി കളിക്കുമ്പോൾ ആ കീറാമുട്ടിക്കുത്തരം തന്നു ജലജേച്ചി... തന്നേക്കാൾ നാലു വയസ്സ് മൂപ്പുളള ജലജേച്ചി  തനിക്കൊരു സർവ്വ വിജ്ഞാനകോശമാണ്.
ചീത്തയാത്രെ അർവ്വാണികൾ  അവർ ആണുങ്ങളുടെ  ചോരയും നീരും കുടിക്കും !!?.
"അപ്പോള്‍  അർവ്വാണീന്ന് വച്ചാ  യക്ഷിയാണോ..?" 
"ങ്ഹാ.. യക്ഷി തന്ന്യാ.."
"പക്ഷേ  അപ്പു നാടാരുടെ  ചോര യക്ഷി കുടിക്കില്ലേ.. ?"
"തരം കിട്ട്യാ യെല്ലാര ചോരേനേം കുടിക്കും. .. ...പിന്നെന്താച്ചാ അപ്പുനാടാർ ദീനം വന്ന് കിടന്നപ്പോ കഞ്ഞീം കാപ്പീം കൊടുത്തത് ഈ അർവ്വാണിയാത്രെ.. "
ആ അത്ഭുതവാർത്ത  ഉൾക്കൊളളുന്നതിന് മുന്പേ ഒന്നുകൂടി ജലജേച്ചി പറഞ്ഞു. ..
ദീനം വന്ന്  കിടന്നപ്പോ  അവൾ ചോര കുടിച്ചേന്റെ പാടാണത്രെ അപ്പുനാടാരുടെ മുഖത്തു  കാണുന്ന പാടുകള്‍. .. പിന്നെന്തിനാ അപ്പുനാടാർ  ഇപ്പോഴും ആ അർവ്വാണീന്റടുത്ത് മിണ്ടണത്..
ചോദ്യം കേട്ട് ജലജേച്ചി ഉത്തരം കിട്ടാത്ത  പോലെ ഒന്നു നോക്കി ...

"ഡാ ചെക്കാ സൂക്ഷിച്ച് നടന്നോ നിന്നെ കിട്ട്യാലും അവര് ചോര കുടിക്കും ട്ടോ.." 
നീളൻ മുടി  തന്റെ മുഖത്തേയ്ക് വെട്ടി   ജലജേച്ചി തിരിഞ്ഞു നടന്നു.

        ""കരിമ്പനയുടെ പട്ട പോലുളള കറുകറുത്ത  തൊലി.. തീപ്പന്തം പോലുളള കണ്ണുകള്‍ വായ്കിരുവശവും നീണ്ടു  ചുവന്ന നാവിന് വേലിപോലെയുളള  കൂർത്ത പല്ലുകള്‍. . കരിനാഗങ്ങൾ പുളയുന്ന  മുടി.. "
നിലവിളിക്കാൻ പോലും  ശബ്ദം കിട്ടാതെ..... നിലവിളിച്ചു. . പിന്നെ  പൊളളുന്ന പനിച്ചൂടിൽ നേരം പുലർന്നു.
പുലർച്ചെ  തന്നെ  കുഞ്ഞൻ കണിയാർ വെളളം ജപിച്ചു, തുളസ്സിക്കതിരും തെച്ചിപ്പൂവും ചേര്‍ത്ത്  മുഖത്ത്  മൂന്നു  വട്ടമുഴിഞ്ഞു അല്പം വായിലേക്കിറ്റിച്ച് മൊന്തയിലെ ബാക്കി ജലം കൊണ്ട്  മുഖവും  കൈയ്യും  കാലും കഴുകിച്ചു..
"ഭയപ്പാട് കാണണൂ... കാവിലേക്ക് ഒരു അന്തി വിളക്കൂടെയാവാം.. ഇവ്ടുത്തെ കിടാങ്ങളെ തമ്പിരാൻ കൈവിടില്ലാല്ലോ... പരിഭ്രമോന്നും ഉണ്ടാവണ്ടാ.. പരീക്ഷണങ്ങളേയ്... " ദക്ഷിണ വാങ്ങുന്ന നേരം യാത്ര പറയുംപോലെ കണിയാർ  പറഞ്ഞിറങ്ങി.
"വെളുത്തിരുട്ടുവോളം കളി.. തൊടീന്നില്യാ... കാവെന്നില്യാ .. തൊടക്കും നോക്കില്ലാ.. വെടക്കുമില്യാ.... നാരായണാ വല്ലാത്ത കാലം തന്ന്യാണേ.." അമ്മമ്മ പരിതപിച്ചുതുടങ്ങി. എങ്കിലും  ആ സ്വപ്നം ഇടയ്കിടെ ഉച്ചയുറക്കങ്ങളിൽ പോലും ഭയപ്പെടുത്തിയിരുന്നു.....

"കാവിലെ വിളക്കിന് കാലായി.. വൃശ്ചികത്തിന് അധികം കാലമില്ലാ.. അഞ്ചെട്ടെണ്ണമെങ്കിലും വേണം കദളിപഴം. പാകമായി കിട്ടുമോന്ന് നോക്കണം ഇല്ലാച്ചാ പഴന്തടീന്നേലും കരുതിവയ്കാൻ പറഞ്ഞോളൂ.... തൊടീലുളളത്  അണ്ണാന്‍  കരളാതെ പൊതികെട്ടണം.. അപ്പൂ കേക്കണുണ്ടേ..?" ഉവ്വ്. . കൈകള്‍  പിണച്ച് ഓച്ചാനിച്ച ഉടലിലെ തലയും  നാവും  അനങ്ങി. .. അവളോടും പറഞ്ഞേക്ക്. .. കുളം തീണ്ടണം..!
കാവിലെ വൃശ്ചികവിളക്കിനുളള ഒരുക്കങ്ങൾ.... അമ്മമ്മയുടെ  കണിശത.. വിളക്കിന് മുന്പേ  തൊടിയിലെ വലിയ കുളം ശുചിയാക്കും വിളക്കിന് തേവരുടെ ആറാട്ടിന്... ആറാട്ട് കഴിഞ്ഞാൽ കുളത്തിൽ ആദ്യം  കുളിക്കേണ്ടത് മുത്തശ്ശി  വഴക്ക്  പറയാറുള്ള  ആ അർവ്വാണിയാത്രെ. .!  കുളത്തിലെ ദേവ സാന്നിധ്യം മാറിപ്പോകാനത്രെ...!  അതിന് മുമ്പ്  വീട്ടിലുള്ളോർ കുളിക്കാന്‍  പാടില്ല.  ഇല്ലാച്ചാ  കുടുംബത്തിലെ കന്യകമാരുടെ മേൽ ദേവരേറും പിന്നെ മാംഗല്യം നടക്കില്ലാന്ന്... അർവ്വാണിക്ക് മാംഗല്യം  വേണ്ടല്ലോ..
          കാലങ്ങള്‍  വേണ്ടിവന്നു ആ അർവ്വാണിയെ അടുത്തൊന്ന്  കാണാന്‍! ! . കൊച്ചുശങ്കരൻ അമ്പിട്ടൻ ദീനം വന്ന്  കിടന്നപ്പോൾ വീട്ടിലെത്തി  തല വടിക്കാൻ ഉണ്ടപ്പാറയിലെ അമ്പിട്ടൻ  തയ്യാറാകാതെ വന്നപ്പോഴാണ്, അപ്പുനാടാരെ  കൂട്ടി വിട്ടത്... മൊട്ടയാണ്ടിയായി കൈത വരമ്പ് പിന്നിടുമ്പോളാണ് കണ്ടത്. ചാഞ്ഞ് കൊരണ്ടിപ്പഴങ്ങൾ നിറഞ്ഞ  ചോലക്കാടിനരികിൽ ഒരു സ്ത്രീ.  അമ്മയുടെ പ്രായം  വരുന്ന  ഗോതമ്പ്  നിറമുള്ള  ഇളേമ്മയെക്കാൾ സുന്ദരിയായ ഒരു സ്ത്രീ..!!  വലിയകോവിലിലെ തിരുനടയ്കിരുവശവും നെയ്യ് വിളക്കിന്റെ  വെട്ടത്തിൽ നിറമുലകളുന്തി നിൽക്കുന്ന ശില്പം പോലെ.. ചിരപരിചിതയെപ്പോലെ വശ്യമായി  പുഞ്ചിരിച്ചുകൊണ്ട്.....നിൽക്കുന്നു.
" അപ്പുവണ്ണാ ഇതേതാ എളേത് .. ?"
"കൊണ്ണിവീട്ടിലേത്.. മുടി വടിക്കാനക്കൊണ്ട് പോയതാ.. തൊട്ട് വെടക്കാക്കാണ്ട് മാറ് നീയ്യ്. .. മൂത്ത മോളുടെ  മൂന്നാത്തതാ.."
" സാവു ചേച്ചിയുടെ  മകനാണോ.?.. കൊച്ചമ്പ്രാനാ....
അപ്പുനാടാരുടെ  എതിർപ്പു വകവയ്കാതെ അവരെന്റെ കവിളിലൊന്നു നുള്ളി. . ചെറു വേദനയെക്കാൾ അവരുടെ  ഉടലില്‍  നിന്നുയർന്ന നിർവ്വചിക്കാനാകാത്ത ഗന്ധം  കണ്ണുകളിലിരച്ചെത്തിയ വാത്സല്യം.... എല്ലാം  എന്റെ ഓർമ്മച്ചെപ്പിലിപ്പോഴുമുണ്ട്..
~~~~~~~~~~~~~~~~~~~~~~~~        
        ബാല്യത്തിന്റെ ശൈശവ ദശ കഴിഞ്ഞപ്പോൾ തന്നെ   ആമ്മമ്മയുടെ ആ വലിയ  തണൽ  നഷ്ടപ്പെട്ടു. അച്ചിവീടിന്റെ ഔദാര്യങ്ങൾ  പറ്റി വച്ച മീശ പാഴാക്കണ്ടെന്ന് കരുതീട്ടാവും അച്ഛന്‍  സാവിത്രി  അമ്മയെന്ന സാധുവിനെയും ഞങ്ങള്‍  നാലുമക്കളെയും കൂട്ടി പിതാവിന്റെ നാട്ടിലേക്ക് പറിച്ചു നട്ടപ്പോൾ നഷ്ടമായത് കുഞ്ഞു സൗഭാഗ്യങ്ങളുടെ ഒരായിരം കണ്ണാന്തളിപ്പൂക്കൾ....

(എല്ലാ സ്കൂള്‍  വെക്കേഷനും അമ്മമ്മയുടെ വീട്ടില്‍  രണ്ടു  മാസജീവിതം അനുവദിച്ചത് അച്ഛന്റെ  ഔദാര്യമല്ലായിരുന്നു. നാലു വയറുകളിൽ ഒന്നെങ്കിലും നാലുനേരം നിറയട്ടെ  എന്ന്  കരുതിയായിരുന്നെന്നറിയാൻ ഒരുപാട് കാലം വേണ്ടി  വന്നു.  സംസാരാബ്ദിക്കു മുന്നില്‍,  അത്താഴ  പഷ്ണിക്കു മുന്നില്‍  ആ ദുരഭിമാനം  പിന്നീടൊരിക്കലും അച്ഛനില്‍  കണ്ടില്ല).

      ഞാന്‍  ആറാം  തരം  പഠിക്കുമ്പോളാണ് അയൽപക്കത്ത് നാലു സെന്റിൽ പുതിയ  താമസക്കാരെത്തിയത്.. ഒരമ്മയും   എന്നക്കാൾ ഇളയ രണ്ടു  കുട്ടികളും. പൂച്ചക്കണ്ണുളള അനിതാ സ്റ്റീഫനും ചെമ്പൻ മുടിക്കാരൻ പയസ്സ് സ്റ്റീഫനും. . കളിക്കൂട്ടിന് രണ്ടു  പേർ കൂടി എന്ന  പ്രതീക്ഷ  ആദ്യദിനം തന്നെ  അച്ഛന്‍ തകര്‍ത്തുകളഞ്ഞു.. "കൂടണ്ടാ അക്കൂട്ടത്തിനൊപ്പം.. ആരാന്റെ വിത്ത്കളാ ആ അർവ്വാണിക്ക്  പിറന്നത്.. രണ്ടിനേം  കൂട്ടണ്ടാ... നിനക്ക് കൂടി കേൾക്കാനാ" അമ്മയ്കും കൂടിയുള്ള  താക്കീത്.. അവർ ചീത്ത സ്ത്രീയാത്രെ.. ഒരു സായിപ്പിന്റെ കൂടെ കഴിഞ്ഞേലുളള  കുട്ടികളാത്രെ അവർ.. ...
അങ്ങനെയാണ്  എന്റെ  ചെറിയ  അറിവിന്റെ  ഭ്രമണത്തിലേക്ക്  രണ്ടാമതൊരു        " അർവ്വാണി" കൂടി കടന്നു  വന്നത്.
    പിന്നെ പാതിരാവിൽ വിലയ്ക്ക് വച്ച നിർവൃതി തേടിയെത്തിയ കാമുകന്മാർ തമ്മിലുള്ള  കശപിശയും മറ്റും  പല രാത്രികളിലും ഉറക്കം ഞെട്ടിച്ചു....  എന്നിരിക്കലും അച്ഛനില്ലാത്ത ഇടവേളകളിൽ ഞാനാ 'അർവ്വാണി'യുടെ മക്കളുമായി സാറ്റ് കളിച്ചിരുന്നു....
       ഇടവപ്പാതിയുടെ കലക്കവെളളത്തിൽ ജീവിതത്തിന്റെ മീൻ പിടിക്കാൻ കഴിയാതെ പോയ അച്ഛന്‍  മിക്കപ്പോഴും പട്ടിണി സമ്മാനിക്കാൻ തുടങ്ങിയപ്പോൾ.... കർക്കിടകത്തിന്റെ കരിമേഘങ്ങൾ വിതറിയ  തുളളിക്കൊരുകുടം തടയാന്‍  യഥാകാലം മേയാത്ത കൂരയുടെ പഴയോലപ്പൊളികൾക്കാകാതെ  ചാണകത്തറയെ ചെളിക്കുഴിയാക്കിയപ്പോൾ... അവസാനത്തെ വറ്റ്  കണ്ണീരിന്റെ ഉപ്പ്  ചേര്‍ത്ത്  മക്കൾക്ക് പകുത്തു നൽകി വെള്ളം  കുടിച്ച് അരവയർ മുറുക്കി  കിടക്കേണ്ടിവരുമ്പോൾ..  നഷ്ട പ്രതാപത്തിന്റെ ഭൂതകാലമോർത്ത്  അമ്മ പതം പറഞ്ഞില്ല. പകരം ഹബീബ്  സായിപ്പിന്റെ  ചായക്കടയിൽ പാത്രം  മോറി, പുട്ടിന് അരിയിടിച്ചു.. പോരുമ്പോൾ  റബ്ബര്‍  മരത്തിന്റെ  ഉണക്കകായ് ശേഖരിച്ച്  കുരു പൊട്ടിച്ച് വിറ്റു അരി വാങ്ങി... സുഖിയനും അലവാങ്കും വാങ്ങിത്തന്നു... മക്കളെ വളർത്തി.. അസുഖക്കാരനായും അലസനായും അച്ഛനതിന്റെ പങ്കുപറ്റി.. ഇടയ്ക് ദുരഭിമാനം  തലയുയർത്തുമ്പോൾ ഞങ്ങളെ  അർവ്വാണിയുടെ മക്കള്‍ക്കൊപ്പം കളിക്കുന്നത്  വിലക്കാന്‍  അച്ഛന്‍  മറന്നില്ല ... അവരോട് ഇടപഴകരുതെന്ന് അമ്മയെ ഓർമ്മിപ്പിച്ചു..
      അന്നെന്റെ ഏറ്റവും  വലിയ  കൗതുകം പകൽ മുഴുവനും  അലസമായി  ഉറങ്ങി തീർക്കുന്ന  അദ്ധ്വാനിക്കാൻ അച്ഛനില്ലാത്ത ആ അർവ്വാണീയുടെ ചെറുമാടത്തിൽ എന്തുകൊണ്ടാണ് പട്ടിണിയില്ലാത്തത് എന്നായിരുന്നു.. ആ സാമ്പത്തിക  ശാസ്ത്രം  സാമൂഹ്യപാഠ പുസ്തകത്തിന് പുറത്തായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്..

          ഒരു പട്ടിണിയുടെ മൂന്നാം നാളാണ്  വിശന്ന് തളർന്ന് സ്കൂളില്‍  പോകാനാകാതെ ചെറിയ  വെളളരി മാവില്‍  ചോട്ടിലിരുന്നപ്പോഴാണ് അത്... മുന്നിലേക്ക്  ഒരു അലുമിനിയം  വട്ട പത്രത്തിൽ നിറയെ  ഗോതമ്പ്  മാവ് കൊണ്ടുണ്ടാക്കിയ ദോശയുമായി അവര്‍, നിറപുഞ്ചിരിയുമായി അച്ഛന്‍  പറയുന്ന "അർവ്വാണി"...!!. അച്ഛന്റെ ദുരഭിമാനത്തിന്റെ പരമ്പര്യ  ബീജങ്ങൾ ശരീരത്തിൽ നിറഞ്ഞു.. വേണ്ടാന്ന് തല ചലിപ്പിച്ചു.. "വാങ്ങി കഴിക്കു കുഞ്ഞേ... സാവൂച്ചേച്ചി വഴക്ക്  പറയില്ല..." അനുമതിക്കെന്നപോലെ അടുക്കള  വാതിലിലെ  അമ്മയെ നോക്കി..  കണ്ണുകൾകൊണ്ട് അമ്മ അനുമതി തരുന്നു.. ആ കണ്ണുകള്‍  സജലങ്ങളായിട്ടുണ്ടാവും. ഇരുകൈകളും  നീട്ടി  ആ വട്ടപ്പാത്രം വാങ്ങി  അടക്കിപ്പിടിച്ച് ആ സ്ത്രീയെ നോക്കി... ഈശ്വരന്‍  ഭക്ഷണരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.. അവരുടെ മുഖത്ത്  പ്രത്യക്ഷമായ വികാരം സഹതാപമോ ഒരാത്മ സംതൃപ്തിയോ എന്ന് മനസ്സിലാക്കാനായില്ല. ഒന്നെനിക്കുറപ്പുണ്ട് എന്റെ ബാല്യത്തിലെ ആദ്യത്തെ സുന്ദരിയായ  അർവ്വാണി, വലിയ കോവിലിലെ  നടയ്കിരുവശവും നിറമുലകളേന്തിയ സ്ത്രീയുടെ ശില്പം  പോലായിരുന്നെങ്കിൽ ഇവർ ഈ സുന്ദരിയല്ലാത്ത അർവ്വാണി... തീർച്ചയായും  എനിക്കാ കോവിലിലെ ദേവിയായിരുന്നു. അന്നപൂർണ്ണേശ്വരി...
~~~~~~~~~~~~~~~~~~~~~~
      ബാല്യ ശൈശവ കുതൂഹലങ്ങൾ   കാലത്തിനൊപ്പം കടന്നു  പോകാന്‍  സ്വാഭാവികമായും  അമാന്തിച്ചില്ല. കൗമാരം യൗവ്വനത്തിന് വഴിമാറാൻ തയ്യാറാകാതെ  നിന്ന്  പരുങ്ങിയ പ്രായം.. കാണുന്നതെല്ലാം സ്വന്തമാക്കാൻ.. കൈയ്കലാക്കിയതെല്ലാം കാണിക്കാൻ... വെമ്പുന്ന  പ്രായം. തൊട്ടതിലെല്ലാം കൈയ്യൊപ്പ്  ചാർത്തി പ്രണയാർദ്ര  മാനസ്സവുമായി കൂട്ടുകൂടി നടന്ന കാലം...  ഇന്ദ്രിയങ്ങളിൽ കുളിരും  തേന്മഴയും തീയും  ഒന്നിച്ചുണർത്തി ഉന്മത്തമാക്കുന്ന ചർച്ചകളിലേക്ക്, എന്റെ  ജീവിതത്തിലെ മൂന്നാമത്തെ "അർവ്വാണി" കടന്നു വന്നു.
"നസീമ" .
   ഞാനവരെ അറിയും ഒരിക്കല്‍  സൈക്കിള്‍ സവാരിയ്കിടെ  പെട്ടെന്ന്  സുഹൃത്ത് പറഞ്ഞു  ഇനി കുറച്ചു  ദൂരം ഉരുട്ടിപോകാമെന്ന്.. കൈതവരമ്പ് വഴി എലിയാവൂർ  കടവ് കടന്നപ്പോഴാണ് ആ ഉരുട്ടലിന്റെ ഗുട്ടന്‍സ്  പിടികിട്ടിയത്. കൈതോടിന് ചിറകെട്ടി കുളിക്കടവുണ്ടാക്കീട്ടുളള പാതാരുമൂല പാലത്തിന് ചുവട്ടില്‍  മുലക്കച്ച കെട്ടി ഒരു സ്ത്രീ  കുളിക്കുന്നു..  പോക്കുവെയിലേറ്റ് അവരുടെ മുലക്കച്ചയുടെ മേൽഭാഗവും കണങ്കാലുകളും സ്വർണ്ണവർണ്ണത്തിൽ പ്രശോഭിക്കുന്നു....  കാലുകളിൽ  സോപ്പുതേയ്കാൻ  കുനിഞ്ഞ അവരുടെ നിതംബത്തിൽ നിന്നു  കണ്ണുകളെ പറിച്ചെടുത്തു..  ഒന്നുകൂടി തിരിഞ്ഞുനോക്കി. വായിച്ച അറബികഥയിലെ പാദുഷായുടെ അന്തപുരത്തിൽ ഗസ്സലിന്റെ ഈണത്തില്‍  നൃത്തം ചെയ്യുന്ന  പേർഷ്യൻ നർത്തകിയെപ്പോലെ സുന്ദരമായ  നീണ്ട മുഖവും  മൂക്കും.. പാതിയടഞ്ഞപോലെ മദാലസമായ കണ്ണുകളും ചുണ്ടുകളും  കൊണ്ട് സുന്ദരമായ  പുഞ്ചിരിപോലെ ഒരാംഗ്യം അവളിൽ നിന്നുണ്ടായി. ഹൃദയത്തിലെവിടെയോ ഒരായിരം  പെരുമ്പറ  താളമില്ലാതെ മുഴങ്ങുന്നു.
"നസീമ "..
സൗന്ദര്യത്തിന് സീമയില്ലാത്തവൾ. പക്ഷേ  അവൾ ഒരു അർവ്വാണിയാണെന്ന് വിശ്വസിക്കാൻ മനസ്സ് കൂട്ടാക്കുന്നില്ല. 
       "നൂറ്  രൂപ വീതം കൊടുക്കണം  സുരേഷേട്ടൻ എല്ലാം  ശരിയാക്കും" . ഒരു വലിയ  ദൗത്യം ഏറ്റെടുത്ത്  വിജയകരമായി  പൂർത്തിയാക്കിയപോലെ ഗിരീഷ് പറഞ്ഞു നിര്‍ത്തി.  വീട്ടില്‍ നിന്നും  രാത്രി  പുറത്തുപോകണം നൂറ്  രൂപ വേണം. രണ്ടും  കീറാമുട്ടിയാണ്.  ആദ്യാനുഭവമാണ് പിന്തിരിയണോ...        കൂട്ടുകാരുടെ    മുന്നില്‍   ""കന്യകാത്വം "" നഷ്ടപ്പെടാത്തതിന്റെ നാണക്കേടുമൊന്ന് മാറ്റണം. മറ്റുളളവരൊക്കെ ഇക്കാര്യത്തിൽ phd യ്ക് പോകാന്‍  തുടങ്ങി.  തന്നെ കളിയാക്കി തോല്പിക്കുന്ന ഒരേ ഒരു കാര്യമാണിത്.. എല്ലാറ്റിനുമുപരി കുളിക്കടവിൽ കണ്ട സുവര്‍ണ  രൂപം  ജലകണങ്ങൾ ആ സ്വർണ്ണനിറം കടം കൊണ്ട്, അവളുടെ മേനിയിൽ‍  നിന്നിറ്റ് വീണത് തന്റെ  ഹൃദയത്തിലേക്കായിരുന്നു. പുഞ്ചിരിക്കും പോലുളള  ആ ആംഗ്യം... എത്ര തവണ   ആ സ്വപ്നാലസ്യത്തിൽ രാത്രികളിൽ സ്വയം......
              രാത്രിയിലെ  ആ യാത്രയില്‍  അല്പം പോലും  ഭയം തോന്നിയില്ല. എന്നാല്‍  ചിരപരിപിതമായിരുന്ന ആ കൈതവരമ്പ്  പെട്ടെന്ന്  അപരിചിതമായതെങ്ങിനെ? .കൈതോലകൾ തന്നെ നോക്കി വികൃത സ്വരം പൊഴിക്കയാണെന്ന് തോന്നി. ചെന്നികൾക്കടിയിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പുചാലുകളെ ധനുമാസരാത്രിയുടെ കുളിരിളം കാറ്റ്  ഒപ്പിയെടുത്തുകൊണ്ടിരുന്നു. സുരേഷേട്ടൻ  മുന്നില്‍ കുട്ടൻ, ഞാന്‍,  ഗിരീശൻ വരിയായുളള ആ നാൽവർ സംഘത്തിന്റെ നിശബ്ദ യാത്ര മൂന്നു വരമ്പുകളുടെ സംഗമസ്ഥാനത്ത് നിന്നു. ഇടത്തേയ്ക് തിരിഞ്ഞ് ഒന്നാം  കണ്ടംകടന്ന് ചിറവരമ്പ് താണ്ടിയാൽ വയസ്സൻ തെങ്ങുകൾ  നിറഞ്ഞ പണ, കാരപ്പടപ്പൻ മുളളുകൾ നിറഞ്ഞ പണയ്ക് മേക്ക് പുറമ്പോക്ക് വിളയിൽ  മൺകട്ട കെട്ടി ഓലമേഞ്ഞ ചെറിയ വീട്. ചാണകം തേച്ച ഉമ്മറത്തിണ്ണയിൽ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്ക്..... നസീമയുടെ വീട്..!
"നിക്ക്  ഞാന്‍  പോയി വന്നേക്കാം  എല്ലാരും കാശെട്..." സംഘത്തലവന്റെ നിർദ്ദേശം ശിരസ്സാ വഹിച്ചു ക്ഷമയോടെ...

        അഞ്ചു മിനിറ്റിനകം സുരേഷേട്ടൻ മടങ്ങിയെത്തി  പിന്നെ കാജാബീഡി കത്തിച്ച് പുക ആഞ്ഞുവലിച്ചുവിട്ടു.  ബീഡിപ്പുകയും വാറ്റുചാരായത്തിന്റെ ചീഞ്ഞ  ഗന്ധവും  മുഖത്തേയ്കൂതിവിട്ട് കൊണ്ട് ആജ്ഞ  വന്നു. നീയാണാദ്യം പൊക്കോ ...
     കതിനകളായിരം ഒന്നിച്ചു പൊട്ടാൻ വെമ്പി നെഞ്ചിലിരുന്ന് വിറയ്കുംപോലെ ഉളളിൽ നിന്നൊരു വിറയൽ ഒരേസമയം പാദം വരെയും  തലച്ചോറിലേക്കും പടർന്നു. "എനിക്ക്  വയ്യ ... വേണ്ടിത് ഞാന്‍. .. ഞാൻ....". ശബ്ദം  പുറത്തേയ്ക് വരുംമുമ്പ് ഗിരീശൻ,  "പേടിയൊണ്ടാ... ന്നാ ഞാൻ  പോവാം. .."
       ആത്മാഭിമാനത്തിന്റെ കടയ്കലൊരു കോടാലി  വീശുമ്പോലെയാണാ വാക്കുകള്‍. .. "ഞാന്‍  പോകാം...." മറ്റുളളവരോടാണെങ്കിലും സ്വ മനസ്സിന് കടിഞ്ഞാണ്‍  പിടിക്കാൻ  കൂടിയായി ആ വാക്കുകൾക്ക്.. സുരേഷേട്ടന്റെ അനുഗ്രഹാശംസകളേറ്റ് ചിറവരമ്പിലൂടെ നടക്കവെ മനസ്സില്‍  നിറയെ  ആ സുവര്‍ണ്ണ  സൂര്യ കിരണങ്ങള്‍  തഴുകിയ രൂപം തികട്ടിവന്നു. കാരപ്പടപ്പൻ മുളളുകൾ  ഒന്നുരണ്ടെണ്ണം കാലുകളിൽ  നീണ്ട ചുവന്ന വരകളിട്ടു.. ആ  ചെറുവീടിന് മുന്നിലെത്തിയത് ഓർക്കാപുറത്താണ്  ഒരു ചെറിയ  ഭയം കാറ്റു പിടിച്ചു വളരുന്ന പോലെ.. കരുതിവച്ച ധൈര്യമെല്ലാം മണൽ ഘടികാരത്തിൽ നിന്ന്  മണല്‍  ചോരും പോലെ..... അറിയാതെ തിരിഞ്ഞുനോക്കി.. മൂന്നു രൂപങ്ങള്‍  അവ്യക്തമായി നിലാവെട്ടത്തിൽ  കാണുന്നുണ്ട്... കാപട്യം  കണ്ണിറുക്കും പോലെ ആ ബീഡീത്തീ  മങ്ങുകയും തെളിയുകയും ചെയ്യുന്നു.
"അകത്തേക്ക്  പോന്നോളൂ.... അവ്ടെ  നിക്കണ്ടാ..." 
       മായാലോകത്തിൽ നിന്നെന്നപോലൊരു ശബ്ദം. .. യാന്ത്രികമായി കാലുകൾ ആ വീടിന്റെ  ഒറ്റമുറിയിലേക്ക്.... അകത്ത്  അവൾ.. നസീമ.... മുടിയഴിച്ച് പിൻഭാഗത്ത് പരത്തിയിട്ട് നീണ്ട സുറുമയെഴുതി ചുവന്ന ബ്ലൗസും  വെളുത്ത ഒറ്റമുണ്ടിൽ.  മണ്ണെണ്ണ വിളക്കിന്റെ  പ്രകാശത്തിൽ   ആ വയറും ഒറ്റമുണ്ടിന്റെ അതിരുകളും  തിരിച്ചറിയാനാകാതെപോയി..
കൈതപ്പൂവിന്റെ സുഗന്ധം പരത്തികൊണ്ട് മുന്നിലൂടെ കടന്ന് വാതിലടയ്കാൻ തുടങ്ങിയ  നസീമയുടെ  പിൻകാഴ്ചയിൽ കണ്ണുകളുടക്കിനിന്നുപോയി..
"ന്താപ്പാ ഇത്.... കാഴ്ചയ്ക് വന്നതാ നീയ്യ്....  കൈകള്‍  കടന്നെടുത്ത് അടുത്തു ചേർന്ന് നിന്നവൾ.. അറിയാതെ ആ കൈകളുപേക്ഷിക്കാതെ ഒപ്പം വെറും  നിലത്ത് വിരിച്ച പുൽപായയിലിരുന്നു... പിന്നെ  അവളുടെ  കണ്ണുകളിലേക്ക്  നോക്കാന്‍  കഴിയാതെ....
   " തോട് കടക്കെ ഇയ്യാള്  തോട്ടില് വീണോ... നനഞ്ഞ  കോഴീനെ പോലെ... ദ് ആദ്യാട്ടാ... വിറയ്കണുണ്ടല്ലോ..."
    "എനിക്ക്  അറീല്ല ഒന്നും  ആദ്യായിട്ട്... . ഞാനിതുവരേം ഒന്നും. .."
      ദുരഭിമാനത്തിന്റെ  കെട്ട്പൊട്ടി  ചിതറി വീണ അക്ഷരങ്ങളെ  ശ്രദ്ധയോടെ  അവൾ പെറുക്കിയെടുത്തു.... നീണ്ട ഇടവേള.. പിന്നെ  പൊളളുന്ന  എന്റെ  ശരീരത്തെ അവൾ ചേര്‍ത്ത് പിടിച്ചു.. അറിയാതെ തന്റെ  ഉള്ളില്‍  മറ്റൊരാള്‍  ഉദയം കൊളളുന്നു. കൈകൾ അവളുടെ വയറിനെ ആർത്തിയോടെ തടവാനാഞ്ഞതും അവളവയെ തടഞ്ഞു...
  " വേണ്ട.. നിക്കു  വയ്യ നിന്നെ എന്നിലേക്ക് വലിച്ചിടാൻ.... നിക്ക്  വയ്യ  ന്നെ വെടക്കാക്കാൻ... പാടില്ല  നീയ്യ്  നല്ല കുട്ടിയായിരിക്ക്... നിനക്ക്  തുടക്കക്കാരിയാവാൻ കഴീണില്ല..."  ഇരു കവിളുകളിലും അവൾ തലോടി... പിന്നെ  വലതുകവിളിൽ അമർത്തി ചുംബിച്ചു....
"ആരോടും  ഒന്നും  പറയണ്ട... ഒന്നും.. .. ഇനി ഒരിക്കലും  വരരുത്..  ..  "
     ഇടച്ചുവരിനിടയിൽ സുക്ഷിച്ച തകരപ്പെട്ടിതുറന്ന് നൂറിന്റെ  ഒരു നോട്ടെടുത്ത് കൈയ്യില്‍  പിടിപ്പിച്ചു..
    വീണ്ടും  അവളുടെ  ശരീരത്തിൽ  ചേര്‍ത്ത്  നിർത്തി വീണ്ടും വീണ്ടും  അമർത്തി  പുണർന്നു. പിന്നെ വാതില്‍  തുറന്നു  പിടിച്ചു. "നേരമേറെയായി ഇനി പൊയ്കോ..." മുറ്റം കടക്കുമ്പോൾ തിരിഞ്ഞു നോക്കാതിരിക്കാനായില്ല. വാതിലിന് പകുതി മറഞ്ഞു  നിൽക്കുന്ന  ആ സ്ത്രീയുടെ  കണ്ണു നിറഞ്ഞിട്ടുണ്ടോ..  തോന്നലാകാം.
"നീയ്യാള് പുലിയാണല്ലെടാ... പഹയാ.. മിണ്ടാപ്പൂച്ച കലമുടയ്കുമെന്ന് കേട്ടിട്ടുണ്ട് ദിപ്പോ  കണ്ടൂ... ബാക്കിയുള്ളോരെ പട്ടിണിക്കിട്ടല്ലോടാ തെണ്ടീ... "
തിരിച്ചു നടക്കുമ്പോൾ  കൂട്ടുകാരന്റെ കമന്റ്. .. രണ്ടാമൂഴക്കാരനോടവൾ പറഞ്ഞത്രെ, ഇന്നിനി വയ്യാന്ന്.! ക്ഷീണാത്രെ.. കാശും  മടക്കി കൊടുത്തു വിട്ടു...
" അർവ്വാണിയെ പോവാമ്പറ ക്ഷീണം  പോലും. . ഫൂ... നമ്മളിതെത്ര കണ്ടതാ അവടമ്മേടെ....." സുരേഷേട്ടൻ  പിറപിറുത്തുകൊണ്ടിരുന്നു..
    വീട്ടിലെത്തി പാതിരാവായിട്ടും ഉറങ്ങാന്‍  കഴിയുന്നില്ല... ആരാണവർ.. മനസ്സിലായില്ല.. ഈ അർവ്വാണിയെ..  ക്ഷേത്ര ശിൽപങ്ങളോ ദേവതയായോ ഉപമിക്കാനാവില്ല ഇവളെ... ധനുത്തിരുവാതിര  രാത്രിയിൽ  നിറയെ സ്നേഹവുമായി കാത്തിരിക്കുന്ന കാമുക ഹൃദയങ്ങള്‍ക്കുമാത്രം  നിലാവെട്ടത്തിൽ നീലാകാശത്ത് ദർശനം  നൽകുന്ന വിശ്വപ്രമത്തിന്റെ മാലാഖ....!! അതെ ഒരു    മാലാഖയാണിവൾ.!...
Sreekumar sree / 26th  march 2015

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്