Short notice - ഇന്നിന്റെ രാഷ്ട്രീയങ്ങൾ

ലോകത്തെവിടെയും എല്ലാ മത അദ്ധ്യക്ഷത വഹിക്കുന്ന സംഘടനകളെല്ലാം തന്നെ  ഇപ്പോള്‍  അതത്  രാജ്യത്തെ പ്രവിശ്യകളുടെ ജില്ലകളുടെ കേവലം പഞ്ചായത്തുകളുടെ പോലും  അധികാരം  പിടിച്ചെടുക്കാനുളള മത്സരത്തിലാണ്. ഇസ്ലാം മതത്തിന്റെ പേരില്‍  കൊടുംകൃത്യങ്ങൾ ചെയ്തു കൂട്ടുന്ന ഇസ്ലാമിക്  സ്റ്റേറ്റ് മുതല്‍  നമ്മുടെ പഞ്ചായത്ത്  ഇലക്ഷനിൽ മൽസരിക്കുന്ന  പരമേശ്വരൻ  വരെ മതത്തിന്റെ  കപടമുഖവുമായി മുന്നില്‍  നിൽക്കുമ്പോൾ  അറിയാതെയെങ്കിലും ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ്  ഒന്നൊന്നായി അടയുന്നത്.

എന്നിരിക്കലും നമ്മള്‍ യഥാര്‍ത്ഥ  ദൈവവിശ്വാസികളുടെ ഇടയിലേക്ക് ഈ കപടദൈവ ദല്ലാളന്മാർക്കും അവരുടെ  പിണിയാളർക്കും കടന്നു കയറാന്‍  ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ആശാവഹമാണ്. എന്നാലും  ഈ കുതന്ത്രതയുടെ ചതിക്കുഴികളിൽ പെട്ട് നമ്മുടെ  ജനാധിപത്യത്തിന്റെ  കോവിലുകളിൽ അത്താഴ പൂജകൂടി  മുടങ്ങിയാൽ നമ്മളും  ഈ മതവർഗ്ഗഭ്രാന്തിന്റെ ഇരകളാകുന്ന ദിനം വന്നുകൂടാതെയില്ല.

"മതപരമായോ ജാതിപരമായോ വർഗ്ഗപരമായോ അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന് അധികാരവർഗ്ഗമാണ് തടസ്സമെങ്കിൽ ആ അധികാരം നമ്മള്‍  പിടിച്ചെടുക്കണം"

ഇങ്ങനെ  അല്ലെങ്കിൽ  ഇതിന്  സമാനമായ ഒരു  മുദ്രാവാക്യം ലോകത്തെ  എല്ലാ മത തീവ്രവാദ സംഘടനയ്കും ഉണ്ടാകും. എന്നിട്ടിവരെന്താണ് ചെയ്യുന്നത്?.  കൊല്ലും  കൊലയും നടത്തി ബലാൽ പിടിച്ചെടുത്ത ഒരു സാമ്രാജ്യവും നിലനിന്ന ചരിത്രമില്ല. ആ സാമ്രാജ്യങ്ങൾ നിലനിന്നിരുന്ന സമയങ്ങളിലൊന്നും അന്നാട്ടിലാർക്കും സമാധാന ജീവിതം ലഭ്യവുമായില്ല. രൂക്ഷമായ ആഭ്യന്തര കലാപവും  രക്തചൊരിച്ചിലും കൂട്ടപലായനവുമായിരുന്നു ആ സാമ്രാജ്യങ്ങൾ  അവസാനിക്കുംവരെയും. രക്തരഹിത സമരങ്ങളിലൂടെ മാത്രമേ  സമാധാനപൂർണ്ണമായ രാഷ്ട്രം നിർമ്മിക്കാനാകൂ എന്നതിന്റെ  മകുടോദാഹരണമാണ് ഇന്ത്യ എന്ന ജനാധിപത്യരാജ്യം.
ഈ സത്യം  തിരിച്ചറിയാത്തവരോ ചരിത്രം  തിരിഞ്ഞു  നോക്കാത്തവരോ ഒന്നുമല്ല ഇന്നാട്ടിലെ മതകലാപകാരികൾ. അപ്പോള്‍  ലക്ഷ്യം  മതസ്നേഹമോ സമുദായ  നവീകരണമോ അല്ലായെന്ന് സ്പഷ്ടം.
"ദീപസ്തംഭം മഹാശ്ചര്യം  നമുക്കും കിട്ടണം  അധികാരം".

അധികാരം പിടിച്ചെടുക്കലാണ് സമുദായ  മത ജാതി നവീകരണത്തിന് അല്ലെങ്കിൽ  സമാധനത്തിന് തന്നെ  എന്ന ചിന്ത   തെറ്റാണെന്ന് നമ്മെ ചരിത്രം  പഠിപ്പിക്കുന്നു.
     ഒരു സമൂഹ സൃഷ്ടിക്ക് ശ്രീനാരായണ ഗുരുവിന് ഒരധികാരവും വേണ്ടിവന്നില്ല. സമൂഹത്തെ നവീകരിക്കാൻ സ്വന്തം അധികാരം  ഉപേക്ഷിക്കുകയാണ് ശ്രീബുദ്ധൻ ചെയ്തത്. നല്ലമനുഷ്യനെ വാർത്തെടുക്കാൻ കുരിശിലേറിയ യേശുദേവന്‍, തനിക്ക്  വച്ചുനീട്ടിയ സ്ഥാനമാനങ്ങളും പദവിയും  തിരസ്കരിച്ചവനാണ്. ജനാധിപത്യ ഇന്ത്യയുടെ  രാഷ്ട്രപിതാവ് ഒരു സംഘടനയുടെയും മെമ്പര്‍  പോലുമായിരുന്നില്ലല്ലോ. ഇസ്ലാം  പ്രവാചകന്‍  ഭരണകാര്യങ്ങളെക്കുറിച്ച് ഒരു നിർദ്ദേശങ്ങളും പറഞ്ഞു  കാണുന്നില്ല. അദ്ദേഹം  മതവും  ഭരണവും ഒരു  സാഹചര്യത്തിലും കൂട്ടിക്കുഴച്ചതായി കാണുന്നില്ല.

      വിശ്വാസപരമായി നമ്മളെല്ലാം  അനേകം  വൈരുദ്ധ്യങ്ങളുള്ളവരാണെന്നത് മാറ്റിവച്ച് എല്ലാവരും  മനുഷ്യരാണെന്നും യഥാർത്ഥ  ദൈവവിശ്വാസികളുടെ ഭാഷയില്‍ പറഞ്ഞാല്‍  എല്ലാവരും  ഏകദൈവത്തിന്റെ സന്തതികളാണെന്ന ബോധത്തിൽ, മധ്യസ്ഥതകളിലെ കപടതകളെ ആശ്രയിക്കുന്നതിനെക്കാൾ  ജാഗരൂകരായിരിക്കണം  നമ്മൾ എന്നും,  എപ്പോഴും. എന്നിരുന്നാൽ മാത്രമേ ഇത്തരം ഭ്രാന്തമനസ്സുകളുടെ വ്യാപനം  തടയാന്‍ കഴിയുകയുളളൂ.

"ചോര മണക്കും  ചുടുകാറ്റിനിടം
കൊടുക്കാതിരിക്കണം നമ്മളീ മണ്ണിൽ..മതിലുതീർക്കണം
മനസ്സാം മാമരത്തിനാലിന്നേ.."

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്