Short-story
വ്യായാമം
°°°°°°°°°°°°°°°
മെഡിസിന്‍ സ്റ്റാർട്ട് ചെയ്യേണ്ടതില്ല.. വ്യായാമം അതുതന്നെയാണുത്തമം രാവിലെ ഒരു മണിക്കൂര്‍ നേരം ഓടിനോക്കൂ.. ആഫ്റ്റര്‍ ടൂ വീക്ക്.. ദെൻ റിപ്പീറ്റ് ടെസ്റ്റ്.. എന്നിട്ടാലോചിക്കാം മെഡിസിന്‍.. ഓക്കേ..
ആവശ്യത്തിനും അനാവശ്യത്തിനും മരുന്നു കുറക്കാന്‍ മടിക്കുന്ന കുടുംബ ഡോക്ടര്‍ പറഞ്ഞതുകൊണ്ട് മാത്രമല്ല കുറച്ചു കാലമായി കരുതുന്നു വ്യായാമം ചെയ്യണമെന്ന്. സർക്കാർ ജോലിയുടെ പാർശ്വഫലങ്ങളാണീ കൊളസ്ട്രോളും ഷുഗറുമെന്നറിയാം. എന്നാലും പുലർച്ചെ മൂടിപ്പുതച്ചു കിടക്കും. അവളെണീറ്റ് ചൂടുചായ ബെഡ് റൂമിലെത്തിക്കുംവരെ. പിന്നെ പത്രപാരായണം കഴിയുമ്പോഴേക്കും മകളെ തട്ടിയിളക്കണം ഒൻപതുമണിക്ക് സ്കൂളില്‍ എത്തിക്കാൻ. അതിനിടയിൽ ഗണപതിക്കല്ല്യാണം പോലായി രാവിലത്തെ നടത്തം. ഇനി മാറ്റമില്ല .. തുടരുക തന്നെ ചെയ്യും .. നാളെ അല്പം കൂടി നേരത്തേ തന്നെ ഇറങ്ങിയേക്കാം..
കിതപ്പ് കൂടുതലുണ്ട്.. ഡോക്ടര്‍ പറഞ്ഞപോലെ കൊളസ്ട്രോൾ പ്രതികരിക്കുകയാവും... അവളെയും നടക്കാന്‍ കൂട്ടണം.. നാളെ മുതൽ.. വാതിലിനു മുന്നില്‍ രാജപ്പന്‍ നായര്‍ യഥാവിധി വാത്സല്യപൂർവ്വം നിക്ഷേപിച്ച പത്രവുമെടുത്ത് അകത്ത് കയറി. പുതിയ സംരംഭം വിജയിച്ചു വന്നതിനു ചായയ്ക്കൊപ്പം ഭാര്യ ഒരു പുഞ്ചിരി സമ്മാനിച്ചതിൽ ഒരു കളിയാക്കലുണ്ടോന്നൊരു സംശയം.!?.
"നീ നോക്കിക്കോ രണ്ടാഴ്ച.. രണ്ടാഴ്ച കൊണ്ട് ഞാൻ പെർഫെക്ടാവും"..
" അത് കഴിഞ്ഞു വീണ്ടും പൊലർച്ചെ മൂടിപ്പുതച്ചു കിടക്കും.. അല്ലേ.. ഇതെത്ര കണ്ടതാ..." അവളുടെ കളിയാക്കൽ അവഗണിച്ചു പത്രത്തിലേക്കൂളിയിട്ടു..
"പുന്നാര മോളെണീറ്റിട്ടില്ലാ... വിളിച്ചിട്ടനങ്ങണില്ല നിങ്ങടെ കൊച്ചുപാറു, എനിക്കെല്ലാറ്റിനും കൂടി പറ്റില്ല.. സ്കൂളില്‍ വിടണേ വിളിച്ചെണീപ്പിച്ചേക്ക്.. എനിക്കും പോണം ആഫീസില്‍. എനിക്കും വെച്ച് വെളമ്പാൻ ഞാനേയുള്ളേയ്..."
അടുക്കളയില്‍ നിന്നുളള പരിഭവമാണത്.. കേട്ടു കേട്ടു മടുപ്പായി... മുഖപേജ്പോലും നോക്കിതീർന്നില്ല.. ചുരുട്ടിക്കൂട്ടിയെറിഞ്ഞു.
കട്ടിലിൽ പുലരിതണുപ്പിന്റെ സുഖം പറ്റി ചുരുണ്ടു കൂടി കിടക്കുകയാണ് മകള്‍.... ചുവരിലെ ക്ലോക്കിലേക്ക് നോക്കിയതപ്പോഴാണ് 8:10..!!
ചുറ്റും നോക്കി തലേന്ന് ഹോംവർക്ക് ചെയ്യിക്കാൻ അവൾ കരുതിയ ചെറിയ വടി ടേബിളിലിരുന്നത് വലിച്ചെടുത്തു. മൂടിയ പുതപ്പ് വലിച്ചു മാറ്റി ചന്തിപ്പുറത്തു തന്നെ ഒരടി..! ഒപ്പം ഒരാക്രോശവും ഞെട്ടിയെണീറ്റ് അമ്പരന്ന് മകള്‍ നോക്കി. അടുത്ത നിമിഷം കണ്ണുകള്‍ നിറഞ്ഞു തുളുമ്പി വലിയ വായില്‍ നിലവിളിയുമായി അടുക്കളയിലേക്ക്... വലിയ കരച്ചിലിനൊപ്പം അവളുടെ ശകാരം. "എത്ര വട്ടം ഞാന്‍ വിളിച്ചു. സ്കൂളില്‍ ഇനി എപ്പോഴോ എത്തുക. തിന്നുകേം കുടിക്കുകേമൊന്നും വേണ്ടായോ നിനക്ക്.. " കരച്ചില്‍ കൂടിവന്നതിനൊപ്പം വീണ്ടും പരാതി.. " ഇനീപ്പോ എനിക്ക് ഒന്നും ചെയ്യണ്ടാലോ.. ഞാനും മറ്റുള്ളോരെപ്പോലെ തന്നെ ജോലിക്ക് പോകുന്നവളുതന്നെയാ.. ഓഫീസില്‍ നിന്നുതിരിയാൻ നേരമില്ലാ.. വീട്ടിലെത്തിയാലോ.. പരമസുഖം..!!"
കേട്ടില്ലാന്നു കരുതി ബ്രഷുമായി പുറത്തെ കുളിമുറിയിലേക്ക് കയറി..
ഡൈനിംഗ് റൂമിലെത്തിയപ്പോൾ മകൾ തയ്യാറായി ഇരിക്കുന്നു. കാപ്പി കഴിക്കവെ അവൾ കരഞ്ഞു ചുവന്ന കണ്ണുകള്‍ കൊണ്ട് ഒളിഞ്ഞു നോക്കി മുഖം വെട്ടിയിരുന്നു. ഭാര്യ ഉച്ചഭക്ഷണം പൊതിയുന്നതിനൊപ്പം നിന്നുകൊണ്ട് തന്നെ കാപ്പി കുടിച്ചെന്നു വരുത്തുന്നു.
(എന്റെ ഡോക്ടറെ ഈ ഓട്ടം ശരിയാകുമെന്ന് തോന്നുന്നില്ല.. അവളുടെ പെടാപ്പാട് കണ്ടില്ലേ... തേങ്ങ ചുരണ്ടാനും അത്യാവശ്യം പച്ചക്കറി വെട്ടാനോ ദോശചുടാനോ.. മകളെ തയ്യാറാക്കനോ.. അതുമല്ലെങ്കിൽ അടുക്കളയിലിരുന്ന് അവളോടെന്തെങ്കിലുമൊക്കെ പറയാനുളള സമയമാണ് ഞാന്‍ കൊളസ്ട്രോള് കളയാന്‍ പോയത്)..
ചില്ലറ വീർത്തുകെട്ടലും മുഖത്ത് നോക്കാതെയുമൊക്കെ സമയംതെറ്റിയെങ്കിലും അന്നത്തെ പ്രഭാതപരിപാടികൾ അവസാനിച്ചു.
വൈകുന്നേരം പതിവിനു വിപരീതമായി അടുക്കളയില്‍ അവളെ സഹായിച്ചു നിന്നു. മകളുമായി.. സ്കൂളില്‍ നിന്നു കൂട്ടിയപ്പോഴെ മകളുടെ പിണക്കം മാറിയിരുന്നു.
"അച്ഛന്‍ എന്തിനാ എന്നെ അടിച്ചെ.. വാവയ്ക് വേദനിച്ചു കേട്ടോ... രാത്രി ഉറങ്ങാന്‍ കിടന്നപ്പോൾ മകൾ.. അതുകൊണ്ട് അച്ചനു ഞാനിന്നു സ്വീറ്റ് കിസ്സ് തരില്ല. അതൂടെ അമ്മയ്ക് കൊടുക്കും രണ്ടുമ്മ.."
മകളോട് പറയാൻ മറുപടിയ്കായി അല്പം തപ്പിപിടഞ്ഞു. പിന്നെ പതിയെ ചേര്‍ത്ത് കിടത്തി പറഞ്ഞു.
മോളിപ്പോ ഒന്നാം ക്ലാസിലല്ലേ.. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ തനിയെ പുലർച്ചെ തന്നെ എണീക്കണം കേട്ടോ...
" അത് വാവയ്ക് അറിയാല്ലോ.. വാവ എന്നും നേരത്തേ തന്നെ എണീക്കുമല്ലോ..." മകള്‍ നിഷ്കളങ്കമായിമൊഴിയുന്നു..
"പിന്നെന്താ അച്ചന്റെ കുഞ്ഞുവാവ ഇന്നെണീക്കാഞ്ഞത്."
മകള്‍ കുഞ്ഞു കൈകള്‍ പതിയെ എന്റെ കഴുത്തില്‍ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു
" അതേ.. അച്ഛനിന്നെനിക്കു മുത്തം തന്നില്ലല്ലോ.. എന്നുമച്ഛൻ മുത്തംതന്നല്ലേ എന്നെ വിളിക്കുന്നേ..."
മകളെ നെഞ്ചിലേക്ക് ചേര്‍ത്ത് മനസ്സറിയാതെ വിതുമ്പിപ്പോയി.. നശിച്ച പ്രഭാതം.. നശിച്ച വ്യായാമം... മകൾ വീണ്ടും കൊഞ്ചി.. "അച്ഛാ ഒരു കഥ".
മകൾക്കായി ഇതുവരെ പറയാത്ത ഒരുകഥയ്കായി മനസ്സ് ഓർമ്മച്ചെപ്പുകൾ തുറക്കവെ ബെഡ് ലൈറ്റ് അണച്ചു ഭാര്യ പുലമ്പി ഒരു മകളും അച്ഛനും കൊഞ്ചിച്ചു വഷളാക്കി വച്ചേക്കുന്നു. പെണ്ണാണ് കുട്ടി , ഓർമ്മ വേണം.
By SreekumarSree 17.5.15
Comments