Short story - kadaltheerathile kavi
കടൽത്തീരത്തെ കവി
വറചട്ടിയിൽ ഇരുമ്പ് തവികൊണ്ട് വീണ്ടും വീണ്ടും തട്ടി അയാള്‍ ശബദമുണ്ടാക്കിക്കൊണ്ടിരുന്നു. സന്ദർശകരെ ഗൗനിക്കാതെ തിരമാലകള്‍ കാറ്റിനോട് മാത്രം സല്ലപിക്കുകയായിരുന്നു. മണ്ണെണ്ണ സ്റ്റൗവിൽ നിന്നുയരുന്ന ഗന്ധം അയാളുടെ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തിയിരുന്നില്ല. കുട്ടികള്‍ ഐസ്ക്രീമും വർണ്ണകവറുകളിലെ സ്നാക്സുകളുമാണിഷ്ടപ്പെട്ടിരുന്നത്. താരതമ്യേന കുറച്ചു പേര്‍ മാത്രമാണ് വറുത്ത കടലയുടെ ആവശ്യക്കാരെങ്കിലും അലരെല്ലാം തന്റെയോ അതിനു മുകളിലോ പ്രായക്കാരെന്നത് അയാളെ കൂടുതല്‍ ഉന്മേഷവാനാക്കിയിരുന്നു. കടല പൊതിഞ്ഞു നൽകുമ്പോഴെല്ലാം അയാളവരെ പ്രതീക്ഷയോടെ നോക്കും. ഇയാള്‍, ഇയാളെങ്കിലുമിത് തുറന്നു വായിക്കും.. പിന്നെ അവര്‍ അവസാനത്തെ കടലയും വായിലേക്കിട്ട് കടലാസ് ചുരുട്ടിക്കൂട്ടി മണലിലേക്കെറിയും വരെ ഉന്തുവണ്ടി തള്ളി, അവരെ കണ്ണെത്തുന്ന ദൂരത്തില്‍ നോക്കിയാണ് കച്ചവടം. ചുരുണ്ടു വീണ് കടൽക്കാറ്റു കൈയ്യേൽക്കും മുമ്പേ മറ്റൊരു ചവിട്ടടിയിൽ ആ കടലാസ്സു കഷ്ണം മണൽ സമാധിപൂകുമ്പോൾ, അയാളുടെ കണ്ണിലെ അസ്തമയവെട്ടം മഞ്ഞിച്ചു മറയും. അവസാനത്തെ സന്ദര്‍ശകരും പോയി തീരം വിജനമാകുമ്പോൾ അയാളാ കടലാസുകള്‍ പെറുക്കിയെടുത്തു ആ വെളിച്ചം കാണാത്ത സ്വന്തം കവിതകളിലേക്ക് മണ്ണെണ്ണ സ്റ്റൗവിലെ വെളിച്ചം പകരും.. പിന്നെ ആ വെട്ടത്തിൽ ആകാശം നോക്കി കിടക്കും ഒടുവില്‍ തിരമാലകള്‍ നിശബ്ദമാകുമ്പോൾ "കാനായിയുടെ ആ സുന്ദരി "* പതിയെ അയാൾക്കരികിലെത്തും.... പരസ്പരം ചൂട് പകർന്നിരിക്കെ വീണ്ടുമവൾക്കായി അയാളെഴുതും പുതിയ പുതിയ കവിതകള്‍, നാളത്തെ സന്ധ്യയ്ക് ചൂടു കടല പൊതിയാൻ....
* ശംഖുമുഖത്തെ ശ്രീ. കാനായിയുടെ പ്രശസ്ത ശില്പം.
Sreekumarsree 8th may 2015
Comments