Poem - ozhinja kalimuttam
ഒഴിഞ്ഞ കളിമുറ്റം
`````````````````
ചെപ്പും കളിപ്പന്തു-
മൊത്തിരി വളപ്പൊട്ടുമായ്
ഇത്തിരി നേരമിരുന്നു-
ഞാനൊത്തിരിയാശ-
നിറഞ്ഞ പകലുകള്‍.
എത്തിയില്ലെൻകളി-
മുറ്റം നിറയ്കുവാനാരു-
മിങ്ങെത്തിയില്ല,
കൊച്ചു തെന്നൽ പോലും.
കൂട്ടുകൂടുവാൻ
നീട്ടിവിളിച്ചു ഞാൻ
കേട്ടതില്ലാരും, കൊച്ചു-
ടീവിതന്നൊച്ചയിൽ.
ഏറ്റുപാടുവാനാശിച്ച
പൂങ്കുയിൽ പാർക്കുവാൻ ചില്ല
കാണാഞ്ഞതെങ്ങുപോയ്?
തേൻവരിക്ക പഴുത്തുവെന്നാകിലും
കാട്ടുമൈന ചിലച്ചതില്ല,
കൂട്ടിൽ നീലവാലന്മാരൊച്ചയില്ലാത്തവർ
പഞ്ചസാരപ്പൊടിതിന്നുറക്കമായ്.
ആറ്റരികുകൾ വേലിതീർത്തീടുന്ന
കാട്ടുകൊന്നകൾ പൂത്തതില്ലൊന്നുമേ,
തേൻപഴങ്ങളാൽ ചാഞ്ഞൊരാമാകന്ദ-
ശാഖവെട്ടിയെറിഞ്ഞതെന്തിങ്ങനെ.
കൂട്ടരില്ല കുറമ്പുകാട്ടാനാരും
കൂട്ടുവന്നീല കൂടെ കളിക്കാനും
ഈർക്കിൽ പ്ലാവില മച്ചിങ്ങ കൂട്ടിയ,
കൊച്ചുവണ്ടിയുരുട്ടുവതാരിനി,
കെട്ടു ചങ്ങാടമെങ്ങു തുഴഞ്ഞിടും.
ചോദ്യമാരോട്?, മുമ്പേ നടപ്പവർ
കാട്ടിടുന്നു നീ "യോ..യോ" പഠിക്കുക!.
........ശ്രീകുമാർശ്രീ.
Comments