Poem- Ekakinee
ഏകാകിനീ നീ
°°°°°°°°°°°°°°°°°°°
തിരയെത്ര തീരം പുണർന്നു കടന്നുപോയ്
തിരയേണ്ട നീയിനിയോമലാളെ,
കരളിന്റെ പാതിയായ്
കനവിലും കാത്തവൻ
കഥപോലെ നിന്നേ
പിരിഞ്ഞുപോയി.
പൂക്കളില്ലാത്ത
വനം പോലെ നിന്നുടൽ
കാത്തുസൂക്ഷിച്ചൊരാ-
യൗവ്വനം തീർന്നുപോയ്.
കാമിനീ നീ കാത്തുവച്ച കിനാക്കളിൽ
നീലിച്ച വർണ്ണം നിറച്ചതാരോ?.
നീവരച്ചോമനിച്ചാശിച്ച ചിത്രങ്ങ-
ളാരാണ് കീറിപ്പറിച്ചെറിഞ്ഞു.
നീയേറ്റുപാടിയ പൂങ്കുയിലെങ്ങുപോയ്
നീവച്ചൊരന്തിവിളക്കണഞ്ഞോ.
നീല മിഴികളാൽ നീയോമനിച്ചൊരാ
മാതള സൂനങ്ങളെങ്ങുപോയീ..
ഒരുവേള നിന്നെപ്പിരിയില്ല ഞാനെന്ന്
മൃദു മൊഴി പാടി കവർന്നു, നിന്നെ-
പ്പിന്നെ കനവിൽ മറഞ്ഞവൻ-
കൊണ്ടു പോയോ നിന്റെ
കളിയും ചിരിയുമെൻ കൂട്ടുകാരീ.
ചൂടിമുഷിഞ്ഞ കുസുമങ്ങളാരിനി
വാസനതൈലത്തിനായെടുക്കും.
വാടിക്കരിഞ്ഞ നിൻ ജീവിത വാടിയി-
ലേതു മധുപൻ വിരുന്നിനെത്തും..
SreekumarSree28/04/2015
Comments