Poem - PATHA THEERTHAVAN

പാത തീർത്തവൻ
××××××××××××××××
പൂഞ്ചോല കുടിലിലാണ്
ഞാന്‍  ജനിച്ചത്.
കളകളാരവമായിരുന്നു
എനിക്കുളള താരാട്ട്.
കാട്ടരുവിയുടെ മണലിലാണ്
ഞാന്‍  കളിച്ചത്..
മാനത്തുകണ്ണികളാണെന്നെ
നീന്താന്‍  പഠിപ്പിച്ചത്..
വെളളാരം കല്ലുകള്‍  മാത്രമായിരുന്നെന്റെ സമ്പാദ്യം
ചന്ദനക്കാടുകളിലാണ് ഞാന്‍  കണ്ണാരം പൊത്തിക്കളിച്ചത്..
നീലമിഴിയാൾ മാൻപേടയായിരുന്നു
എന്റെ കളിക്കൂട്ടുകാരി...
കൊടുങ്കാറ്റിനൊപ്പമാണ് ഓടികളിച്ചത്
മലമ്പാമ്പാണെനിക്ക് ഊഞ്ഞാലിട്ടത്.
............................................
യന്ത്രക്കിളിയുടെ ചിറകടിയൊച്ചയിൽ..
വർണ്ണവിസ്മയങ്ങളുടെ പശ്ചാത്തലത്തിൽ...
മന്ത്രക്കളങ്ങളെക്കാൾ
കൃത്യതയാർന്ന
നിന്റെ  വാക്പയറ്റിൽ..
ശീതീകരിച്ച പരവതാനിമേൽ
ചായം തേച്ച നഗ്ന മേനിയഴകിൽ..
എവിടെയോ. .. എപ്പോഴോ
ഞാന്‍.......നിന്നിൽ 
എന്റെ ഭ്രമണപഥം  കണ്ടു..
എന്റെ പാദങ്ങള്‍  നിനക്കൊരുമുഴം
മുന്നിൽ വച്ചുനടന്നത്,
നിന്റെ മുന്നിലെ വാരിക്കുഴിയടയ്കാനായിരുന്നു..
നിന്റെ  വാക്കുകള്‍ ....
ഒരു നിശ്വാസം  പോലും
എന്നിൽ തീപ്പൊരി  ചിതറുന്ന പന്തങ്ങളെപ്പോലെ
വർണ്ണമഴ പെയ്യിച്ചിരുന്നു...
പാരമ്പര്യത്തിന്റെ ചുമടുതാങ്ങികൾ,
നിനക്കൊരു വീഥിയൊരുക്കാൻ..
ഒറ്റമാത്രയിലാണ് ഞാന്‍
പിൻകാലുകളാൽ തകർത്തെറിഞ്ഞത്
...........................................
ഓടികിതച്ചും.. ചാടി മറിഞ്ഞും
നിന്റെ  വളയങ്ങൾക്ക്
കുറുകെയും നെടുകെയും.....  
ചുണ്ടു വരണ്ടപ്പോൾ
ദേഹം വിണ്ടു ഞാന്‍  നിന്നെ  നോക്കി. "ദന്തഗോപുര ശിഖരത്തിൽ
അമ്പിളി മാമന്റെ  തണൽ
ചെമ്പനീര്‍  പൂ വിടരുന്ന വാടിയിൽ
ചന്തങ്ങളേഴും തികഞ്ഞ
മാരിവില്ലിന്റെ ഉറവ..."
പ്രലോഭനങ്ങളുടെ  ആവർത്തനത്തോടെ നീ
എന്റെ  ചുമലില്‍  നിന്നിറങ്ങി,

എന്നിട്ടും
ഇനിയെന്താണെന്നെ കൂട്ടാത്തത്
നീ കയറിമറയുമ്പോൾ
പടവുകളെന്തിന് തകർത്തെറിയണം
മുകളിലേക്ക് വരുവാന്‍,
ശൂന്യ വീഥികള്‍  ചവിട്ടിക്കയറാൻ
ഞാന്‍ മറന്നതറിയീലയോ...

നീയിറങ്ങി പോയെങ്കിലും
നിന്റെ (പാപ)വിസർജ്യങ്ങൾ
എന്റെ ചുമലില്‍  തന്നെയുണ്ട്
തേടട്ടെ ഞാന്‍  ഭാരമൊന്നിറക്കാൻ
കാലൊടിഞ്ഞ ചുമടുതാങ്ങികൾ.
Sreekumar sree 27.2.15.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്