ശൂർപ്പണഖ — സ്ത്രീമുഖമില്ലാത്ത കണ്ണാടി


പഞ്ചവടിയിൽ അന്ന് സൂര്യൻ ധൃതിപ്പെട്ട് അസ്തമിക്കാനാഞ്ഞു. ദണ്ഡകാരണ്യത്തിന്റെ നിബിഡതയിലേക്ക് പകൽ തന്റെ സ്വർണ്ണവസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുവെച്ച് ഇരുട്ടിന്റെ കരിമ്പടം പുതയ്ക്കുകയായിരുന്നു. ഗോദാവരി, അസ്തമയസൂര്യന്റെ ചോരച്ചുവപ്പ് നെറ്റിയിൽ സിന്ദൂരംപോലെ തൊട്ട്, ആരോ മറന്നുപോയ ഒരു ദുഃഖഗാഥപോലെ നിശ്ശബ്ദയായി ഒഴുകി. ആ നദീതീരത്തെ പാറക്കൂട്ടത്തിൽ അവൾ ഇരുന്നു.
ശൂർപ്പണഖ.
കീർത്തികേട്ട ഒരു രാക്ഷസരാജവംശത്തിന്റെ പുത്രി. മഹർഷി വിശ്രവസ്സിന്റെ മകൾ. രാവണന്റെയും കുംഭകർണ്ണന്റെയും വിഭീഷണന്റെയും സഹോദരി. ഒരിക്കൽ അവളുടെ പേരിനുപിന്നിൽ വംശാവലികളുടെ വലിയൊരു നിര തന്നെയുണ്ടായിരുന്നു. അവളുടെ ചുവടുകൾക്കുപിന്നിൽ മഹാസാമ്രാജ്യത്തിന്റെ അധികാരനിഴലുകൾ സഞ്ചരിച്ചിരുന്നു. അവളുടെ സിരകളിൽ ലങ്കയുടെ പ്രതാപം തിളച്ചുമാറിഞ്ഞിരുന്നു. എന്നാൽ ഇന്നിപ്പോൾ അവൾക്ക് ഒരൊറ്റ പേരുമാത്രമേ ശേഷിക്കുന്നുള്ളൂ—ശൂർപ്പണഖ!
അവൾ ഗോദാവരിയുടെ തെളിഞ്ഞ ജലോപരിതലത്തിലേക്ക് നോക്കി. ജലത്തിൽ ഒരു രൂപം തെളിഞ്ഞു. അതൊരു മുഖമായിരുന്നില്ല; പച്ചമാംസത്തിൽ കൊത്തിവെച്ച ഒരു തീരാമുറിവായിരുന്നു.
നാസികയറുത്തുമാറ്റപ്പെട്ട, വികൃതമായ മുഖം. ചോര കട്ടപിടിച്ച കവിളുകൾ. വേദന ഉള്ളിലൊതുക്കാൻ വിറങ്ങലിച്ചുപോയ കണ്ണുകൾ. അവൾ ആ ജലബിംബത്തിലേക്ക് നോക്കി മൃദുവായി മന്ത്രിച്ചു:
"നീ ആരാണ്?"
ഒരു ചെറുഓളം വന്നുതഴുകിയപ്പോൾ ആ മുഖം ചിതറിപ്പോയി. ഓളങ്ങളടങ്ങി വീണ്ടും തെളിഞ്ഞപ്പോൾ അവൾക്കു തോന്നി, അത് തന്റെ മാത്രം മുഖമല്ല; കാലാകാലങ്ങളായി പുരുഷന്റെ സൗന്ദര്യസങ്കല്പങ്ങളും ധർമ്മശാസ്ത്രങ്ങളും നോക്കി വിധിപ്രസ്താവിച്ചുകൊണ്ടിരുന്ന പെൺജീവിതങ്ങളുടെ ആകെത്തുകയാണ് ആ ജലത്തിൽ വിറകൊള്ളുന്നത്.
ബാല്യത്തിന്റെ വിദൂരതീരങ്ങൾ അവൾ ഓർത്തു. ഒരു സാധാരണ ഗൃഹത്തിലായിരുന്നില്ല അവളുടെ ജനനം. വംശമഹിമയുടെ അദൃശ്യകോട്ടകൾ അവളെ വരിഞ്ഞുമുറുക്കിയിരുന്നു. സഹോദരന്മാർ ദിഗ്‌വിജയങ്ങൾക്കായി പുറപ്പെട്ടപ്പോൾ, നാലുചുവരുകൾക്കുള്ളിലിരുന്ന് അവളും ചില സ്വപ്നങ്ങളും മോഹങ്ങളും നെയ്തിരുന്നു. എന്നാൽ, പൗരുഷത്തിന്റെ വീരഗാഥകളിൽ പെണ്ണിന്റെ ആഗ്രഹങ്ങൾക്ക് വെറുമൊരു അടിക്കുറിപ്പിന്റെ വിലപോലുമുണ്ടായിരുന്നില്ല.
പുരുഷന് ആരോടും പ്രണയം തോന്നാം; ആരെ വേണമെങ്കിലും അവൻ സ്വയം വരിക്കാം. പക്ഷേ സ്ത്രീയാകട്ടെ, ആരോ ഒരാളാൽ വരിക്കപ്പെടേണ്ട ഒരു ഉപഭോഗവസ്തു മാത്രമായിരുന്നു. പുരുഷൻ സ്വന്തം അഭിനിവേശം തുറന്നുപറഞ്ഞാൽ അത് വീര്യവും പൗരുഷവുമാകുന്നു; പെണ്ണത് ഉച്ചത്തിൽ വിളിച്ചുപറഞ്ഞാലോ, അത് ധാർഷ്ട്യവും കുലടത്തരവുമാകുന്നു! അന്ന് അവൾക്ക് ഈ വ്യവസ്ഥിതികളുടെ വ്യാകരണം തിരിഞ്ഞിരുന്നില്ല. അവൾക്കാകെ അറിയാമായിരുന്നത് ഒന്നുമാത്രം—തനിക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്ന്. ആ ഹൃദയത്തിന് ഇഷ്ടപ്പെടാനും വെറുക്കാനും തിരഞ്ഞെടുക്കാനും നിരസിക്കാനും ത്രാണിയുണ്ടെന്ന്. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തം ശബ്ദത്തിൽ സംസാരിക്കാൻ തനിക്ക് അവകാശമുണ്ടെന്ന്.
അങ്ങനെയൊരു പകലിലാണ് പഞ്ചവടിയുടെ പച്ചപ്പിൽ അവൾ രാമനെ കാണുന്നത്. ഒരു വനവാസിയുടെ വേഷത്തിൽ, രാജ്യാഭിഷേകത്തിന്റെ സ്വർണ്ണാഭരണങ്ങളോ കിരീടമോ ഇല്ലാതെ അവൻ നിന്നിരുന്നു. എങ്കിലും ഏതോ ഒരു ദിവ്യതയുടെ പരിവേഷം അവനെ ചൂഴ്ന്നുനിന്നിരുന്നു. പക്ഷേ, അവൾ കണ്ടത് ഒരു അവതാരപുരുഷനെയോ ദൈവത്തെയോ ആയിരുന്നില്ല; തന്റെയുള്ളിലെ സ്ത്രീയെ ഉണർത്തിയ ആൺരൂപത്തെ മാത്രമായിരുന്നു.
മനുഷ്യർ ആഗ്രഹങ്ങൾക്ക് എണ്ണമറ്റ പേരുകൾ ചാർത്തിക്കൊടുത്തിട്ടുണ്ട്. കാമം, മോഹം, അനുരാഗം, പ്രേമം, പാപം, പുണ്യം... എന്നാൽ ഉള്ളിൽ ആളിക്കത്തുന്ന വികാരത്തിന് ഈ വകതിരിവുകളൊന്നുമില്ല. അതിനൊരൊറ്റ വാക്കേയുള്ളൂ: "എനിക്ക് ഇവനെ വേണം."
അവൾ ആ സത്യം മറച്ചുവെച്ചില്ല. എന്തിന് മറയ്ക്കണം? ഒരു പുരുഷൻ സ്ത്രീയുടെ ഉടലഴകിൽ കണ്ണുവെച്ച് പ്രണയം പാടിയാൽ അത് കാവ്യമാകുന്നു. അവൻ വിവാഹാഭ്യർത്ഥന നടത്തിയാൽ അത് ധർമ്മമാകുന്നു. എന്നാൽ, ഒരു സ്ത്രീ കണ്ണുകളുയർത്തി ഒരു പുരുഷന്റെ കണ്ണിലേക്ക് നോക്കി "നിന്നെ ഞാൻ ആഗ്രഹിക്കുന്നു" എന്ന് തുറന്നുപറയുമ്പോൾ മാത്രം, പെട്ടെന്ന് എവിടെനിന്നാണ് അധർമ്മത്തിന്റെ കരിനിഴൽ വീഴുന്നത്? അവൾക്ക് അന്ന് ആ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ഇന്നും ഇല്ല.
രാമൻ അവളെ നിഷ്കരുണം നിരസിച്ചു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ നിരസിക്കാൻ പൂർണ്ണ അവകാശമുണ്ട്; അവൾക്കത് മനസ്സിലാകുമായിരുന്നു. എന്നാൽ, ആ നിരാസം കേവലമൊരു നിരസിക്കലായിരുന്നില്ല; അതൊരു ക്രൂരമായ പരിഹാസമായിരുന്നു. അവളുടെ അന്തരംഗത്തിലെ മോഹത്തെ രണ്ട് സഹോദരന്മാർക്കിടയിലെ തമാശക്കളിയാക്കി അവർ തട്ടിക്കളിച്ചു. ഒരു വാക്ക് മറ്റൊന്നിലേക്കും, ഒരു പരിഹാസച്ചിരി അടുത്തതിലേക്കും പടർന്നു.
താൻ പ്രണയം തേടിയെത്തിയ ഒരു സ്ത്രീയല്ല, മറിച്ച് അവരുടെ കാട്ടാളവിനോദത്തിനായുള്ള വെറുമൊരു കോമാളിയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അപമാനത്തിന്റെ കനലുകൾ ഉള്ളിലുരുകിയ ആ നിമിഷത്തിലാണ് അവൾക്കുനേരെ മൂർച്ചയേറിയ വാൾ മിന്നിയത്.
ഒരൊറ്റ നിമിഷം! പിന്നെ ലോകം മുഴുവൻ ചുടുചോരയിൽ മുങ്ങിത്താണു. അവൾ അലറിവിളിച്ചുകൊണ്ട് മുഖത്ത് കൈപ്പത്തി അമർത്തി. വിരലുകൾക്കിടയിലൂടെ ഉഷ്ണരക്തം ചാലൊഴുകി. നാസിക ഛേദിക്കപ്പെട്ടിരുന്നു. അതിലുപരി, മാതൃത്വത്തിന്റെയും പെൺമയുടെയും പരമമായ അടയാളങ്ങളായി കൊട്ടിഘോഷിക്കപ്പെട്ടിരുന്ന അവളുടെ വക്ഷോജങ്ങളും ആ വാളിനിരയായി അറുത്തുമാറ്റപ്പെട്ടിരുന്നു.
അവൾ നിലവിളിച്ചോ, അതോ ദണ്ഡകാരണ്യം ഒന്നാകെ ആർത്തനാദം മുഴക്കിയോ? അവൾക്കറിയില്ല. ചോര വാർന്നൊഴുകിയത് അവളുടെ മാംസപേശികളിൽനിന്നു മാത്രമായിരുന്നില്ല; സഹസ്രാബ്ദങ്ങളായി സ്ത്രീ അനുഭവിച്ചുതീർത്ത അപമാനങ്ങളുടെ ചരിത്രത്തിൽനിന്നുകൂടിയായിരുന്നു.
മൂന്നാം യാമത്തിലാണ് അവൾ ലങ്കയുടെ കവാടത്തിലെത്തുന്നത്. ലങ്കയുടെ സ്വർണ്ണഗോപുരങ്ങൾക്കു മീതെ നിലാവ് പടർന്നിരുന്നു. മഹാനഗരത്തിന്റെ അടിത്തട്ടിൽ സമുദ്രം കറുത്തൊരു വന്യമൃഗത്തെപ്പോലെ ഇരമ്പിക്കൊണ്ടിരുന്നു.
കൊട്ടാരവാതിലിലെ കാവൽക്കാർ ചോരയൊഴുകുന്ന അവളുടെ വികൃതരൂപം കണ്ട് ഭയത്തോടെ പിന്നോട്ട് മാറി. ആ മുഖത്തേക്ക് ഒരുനോക്ക് നോക്കാൻപോലും അവർക്ക് ത്രാണിയുണ്ടായിരുന്നില്ല. ശൂർപ്പണഖ ഒരക്ഷരവും ഉരിയാടാതെ നടന്നു. കുട്ടിക്കാലത്ത് താൻ ചിരിച്ചുല്ലസിച്ചു നടന്നിരുന്ന അതേ ഇടനാഴികളിലൂടെ. അവളുടെ ഭീതിജനകമായ കാൽപ്പെരുമാറ്റം കേട്ട് ദാസിമാർ വാതിലുകൾ വലിച്ചടച്ചു. അവൾ സ്വയം മന്ത്രിച്ചു: "ഇത്രയും വർഷങ്ങൾക്കുശേഷവും നിങ്ങൾ ഭയപ്പെടുന്നത് എന്റെ ചോരയെയാണ്, എന്റെ വ്യക്തിത്വത്തെയല്ല."
രാവണൻ അപ്പോൾ കൊളോലുസ്സായ രാജസഭയിൽ ഏകാകിയായി ഇരിക്കുകയായിരുന്നു. മന്ത്രവാദികളും ഉപദേശകരും പിരിഞ്ഞുപോയിരുന്നു. പശ്ചാത്തലത്തിൽ എവിടെയോ നിലച്ചുപോയ വീണാവാദനത്തിന്റെ അനുരണനങ്ങൾ കൽത്തൂണുകളിൽ തങ്ങിനിന്നു. ലങ്കയുടെയും ദണ്ഡകാരണ്യത്തിന്റെയും അതിരുകൾ വരച്ച ഒരു ഭൂപടത്തിലേക്ക് അവൻ കുനിഞ്ഞുനോക്കുകയായിരുന്നു.
അവൾ കടന്നുചെന്നപ്പോൾ അവൻ തലയുയർത്തി. ആദ്യം അവന് അവളെ തിരിച്ചറിയാനായില്ല. തൊട്ടടുത്ത നിമിഷം അവൻ ആസനത്തിൽനിന്ന് ഞെട്ടിയെഴുന്നേറ്റു.
"ശൂർപ്പണഖാ...!"
വർഷങ്ങൾക്കുശേഷം സ്വന്തം പേര് ആ ശബ്ദത്തിൽ കേട്ടപ്പോൾ അവളുടെ ഹൃദയത്തിൽ ഏതോ ഒരു പഴയ സ്നേഹം തൊട്ടുവിളിച്ചു. പക്ഷേ, തൊട്ടടുത്ത നിമിഷം അവൾ തിരിച്ചറിഞ്ഞു—താൻ കൊണ്ടുവന്നിരിക്കുന്നത് സഹോദരസ്നേഹത്തിന്റെ ഓർമ്മകളല്ല, തീരാത്ത അപമാനത്തിന്റെ ചോരച്ചാലുകളാണ്.
"എന്തുപറ്റി നിനക്ക്?" രാവണൻ വേച്ചുചുവടുകളോടെ അടുത്തേക്ക് വന്നു. അവൾ പിന്നോട്ട് മാറിയില്ല. അവൻ അവളുടെ മുഖത്തേക്ക് നോക്കി; ആ കൃഷ്ണമണികളിലേക്ക് മാത്രം.
നാസികയില്ല, സ്തനഭാരങ്ങൾ അറുത്തുമാറ്റപ്പെട്ടിരിക്കുന്നു. ചോര കഴുകിക്കളഞ്ഞിട്ടുണ്ടെങ്കിലും ആ മുറിവുകൾ കനലുകൾപോലെ പുകയുന്നുണ്ടായിരുന്നു. രാവണന്റെ മുഖം വന്യമായി മാറി.
"ആരാണ് ഈ ക്രൂരത കാട്ടിയത്? ആർക്കാണ് എന്റെ പെങ്ങളെ തൊടാൻ ഇത്ര ധൈര്യം?!"
അവൾ പുച്ഛത്തോടെ ചിരിച്ചു. "സഹോദരാ... ഇതാണോ നിന്റെ ആദ്യത്തെ ചോദ്യം?"
"ആരാണ് ഇത് ചെയ്തതെന്ന് പറയ് നീ!"
"എന്റെ വേദന എന്താണെന്നുള്ളത് നിന്റെ രണ്ടാമത്തെ ചോദ്യം പോലുമാകുന്നില്ലേ?"
രാവണന്റെ കണ്ണുകളിൽ വിനാശകരമായ ക്രോധം പടർന്നു. "ആരാണ് അവൻ?"
"രാമൻ."
ആ പേര് കേട്ടപ്പോൾ രാവണന്റെ ഭാവങ്ങളിൽ നേരിയൊരു വിറയലുണ്ടായി. "ആ ദശരഥപുത്രനോ?"
"അതെ."
"അവൻ ഇവിടെ ലങ്കയിൽ വരട്ടെ. എന്റെ കാൽക്കൽ..."
ശൂർപ്പണഖ വീണ്ടും ചിരിച്ചു. "എന്തിനാണ് അവൻ ഇങ്ങോട്ട് വരുന്നത്?"
"നിന്നെ അപമാനിച്ചവനെ കൊന്നുതീർക്കാൻ!"
"എന്നെ അപമാനിച്ചവനെയോ?" അവൾ അവന്റെ വാക്കുകളെ മുറിച്ചു. "എന്നെ അപമാനിച്ചവനെയോ, അതോ നിന്റെ പ്രതാപത്തിന് പോറലേൽപ്പിച്ചവനെയോ നീ വധിക്കാൻ പോകുന്നത്?"
"അതുതന്നെയല്ലേ രണ്ടും ഒന്ന്?"
"അല്ല, സഹോദരാ," അവൾ ആദ്യമായി അവനെ മൃദുവായി വിളിച്ചു. "നിന്റെ അഹങ്കാരത്തെ മുറിവേൽപ്പിച്ചവനെയാണ് നീ തിരയുന്നത്."
രാവണന്റെ മുഖം കരിങ്കല്ലുപോലെ കടുത്തു. "നീ എന്തൊക്കെയാണ് പറയുന്നത്?"
"എന്റെ ഉടൽ മുറിഞ്ഞപ്പോൾ ആദ്യം നീറിയത് എനിക്കായിരുന്നു. പിന്നെ നാണക്കേട് തോന്നി, ഒടുവിൽ കോപവും. പക്ഷേ, ആ നിമിഷങ്ങളിലൊക്കെ ഞാൻ ചിന്തിച്ചത് നിന്നെക്കുറിച്ചായിരുന്നു. ഈരേഴു പതിനാലു ലോകങ്ങളും വിറപ്പിക്കുന്ന ലങ്കേശൻ, എന്റെ കൂടപ്പിറപ്പ്, അവൻ എന്തുചെയ്യും എന്ന്. എന്റെ ചോര കാണുമ്പോൾ നീ നിന്റെ സിംഹാസനത്തിന്റെ അപമാനമായി അതിനെ വ്യാഖ്യാനിക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു."
രാവണന്റെ മുഷ്ടികൾ വലിഞ്ഞുമുറുകി. "ഞാൻ നിന്റെ സഹോദരനാണ്, നിന്റെ സംരക്ഷകനാണ്!"
"അതുകൊണ്ടാണ് ഞാൻ പേടിക്കുന്നത്."
"എന്നെയാണോ നീ ഭയക്കുന്നത്?"
"നിന്നെയല്ല; നിന്റെ ഈ പ്രതികാരദാഹത്തെ. നീ എന്നെ സ്നേഹിക്കുന്നുണ്ടാകാം, അതുകൊണ്ട് എന്റെ വേദന നിനക്ക് സഹിക്കാൻ പറ്റുന്നുണ്ടാവില്ല. പക്ഷേ, നിന്റെ സ്നേഹത്തിനുപിന്നിൽ ഒരു രാജാവിന്റെ വാളും സാമ്രാജ്യത്വത്തിന്റെ ധാർഷ്ട്യവുമുണ്ട്. ഞാൻ കരയുമ്പോൾ നീ യുദ്ധം കാണുന്നു. ഞാൻ അപമാനിതയാകുമ്പോൾ നീ വെട്ടിപ്പിടിക്കലുകൾ കാണുന്നു. മുറിവേറ്റ ഒരു പെണ്ണായി ഞാൻ നിന്റെ മുന്നിൽ നിൽക്കുമ്പോൾ, ഒരു സ്ത്രീയുടെ ദുരന്തം കാണാതെ നീ കേവലം ഒരു പടത്തലവനായി ഉണരുന്നു!"
രാവണൻ ഒരു നിമിഷം സ്തബ്ധനായി. അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു: "എങ്കിൽ ഞാൻ എന്തുചെയ്യണമെന്നാണ് നീ പറയുന്നത്?"
ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കണ്ണുകളിൽ ആദ്യമായി നേർത്തൊരു കണ്ണീർക്കണിക തിളങ്ങി.
"നീ ഒന്നും ചെയ്യരുത്. വെറുതെ എന്റെ അരികിലിരുന്ന് എന്നെ ഒന്ന് കേൾക്കൂ."
അവൻ ആ കൽത്തറയിൽ ഇരുന്നു; അവളും. അവർക്കിടയിൽ ലങ്കയുടെ അഹങ്കാരമായ സുവർണ്ണസിംഹാസനം ആളൊഴിഞ്ഞ് നിശബ്ദമായി നിന്നു.
"ഞാൻ അവനെ കണ്ടു," അവൾ പറഞ്ഞു. "രാമനെ."
രാവണന്റെ കണ്ണുകളിൽ ഒരു അപരിചിതമായ തിളക്കം മിന്നിമറഞ്ഞു. ശൂർപ്പണഖ അത് കൃത്യമായി കണ്ടു.
"നിനക്ക് അവനെ അറിയാമോ?" അവൻ ചോദിച്ചു.
"അറിയാം."
"അവനെക്കുറിച്ച് പറയൂ."
"എന്തിന്?"
"അവൻ ആരാണെന്ന് എനിക്കറിയണം."
ശൂർപ്പണഖ അവനെ തുളച്ചുകയറുന്ന മിഴികളോടെ നോക്കി. "അല്ല, സഹോദരാ. അവനെക്കുറിച്ചറിയാനല്ല നിന്റെ ആകാംക്ഷ. അവൻ എന്നെ നിഷ്കരുണം തള്ളിപ്പറഞ്ഞു, അത്രയേ ഉണ്ടായുള്ളൂ. പക്ഷേ, അവന്റെ പേര് കേട്ട മാത്രയിൽ അവൻ നിനക്ക് മറ്റൊരു ശത്രു മാത്രമായി മാറി."
"അവൻ എന്റെ സഹോദരിയുടെ മാനം കവർന്നു..."
"വീണ്ടും അതേ പല്ലവി!" അവൾ തലകുനിച്ചു. "എന്റെ ജീവിതത്തിന്റെ കഥയിൽനിന്ന് എന്നെ വെട്ടിമാറ്റി, നിന്റെ യുദ്ധത്തിനുള്ള കാരണമാക്കി എന്നെ മാറ്റരുത്. എന്നെ എന്റെ സ്വന്തം കണ്ണീരിൽനിന്ന് പുറന്തള്ളരുത്."
അൽപനേരം അവിടെ കനത്ത നിശബ്ദത തളംകെട്ടിനിന്നു. ഒടുവിൽ രാവണൻ മറ്റൊരു ചോദ്യമെറിഞ്ഞു:
"അവൾ എങ്ങനെയുള്ളവളാണ്?"
"ആര്?"
"ആ രാമന്റെ ഭാര്യ... സീത."
ശൂർപ്പണഖയുടെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മരവിച്ചുപോയി. അവൾ എല്ലാം തിരിച്ചറിയുകയായിരുന്നു. അവൻ രാമന്റെ ധർമ്മത്തെയോ ശത്രുതയെയോ അല്ല കേട്ടത്; സീതയെന്ന പെണ്ണിന്റെ അസ്തിത്വത്തെയാണ്!
"നിനക്ക് അവളെ കാണണമെന്നുണ്ടോ?"
"വെറുതെ ചോദിച്ചെന്നേയുള്ളൂ..."
"നീ ഒരിക്കലും വെറുതെ ഒന്നും ചോദിക്കാറില്ലെന്ന് എനിക്കറിയില്ലേ, ലങ്കേശാ?"
ശൂർപ്പണഖ പതുക്കെ എഴുന്നേറ്റു.
"അവൾ അതിസുന്ദരിയാണ്," രാവണന്റെ മുഖത്തേക്ക് നോക്കാതെ അവൾ തുടർന്നു: "പക്ഷേ, നീ കാണാത്ത മറ്റൊന്നുണ്ട്. അവളുടെ കണ്ണുകളിൽ ഒരിറ്റു ഭയമില്ല. ആ നിർഭയത്വം നിന്നെ ആകർഷിക്കും."
രാവണന്റെ കണ്ണുകളിൽ വിനാശത്തിന്റെ കനലുകൾ ആളിക്കത്തുന്നത് അവൾ കണ്ടു.
താൻ തന്റെ തീരാമുറിവുകളുമായി നീതിതേടിയാണ് ജ്യേഷ്ഠന്റെ മുന്നിലെത്തിയത്; എന്നാൽ തന്റെ നാവിലൂടെ മറ്റൊരു നിരപരാധിയായ സ്ത്രീയുടെ വിധിയെഴുത്താണ് രൂപപ്പെടുന്നതെന്ന് അവൾ ആ നിമിഷം ഭീതിയോടെ അറിഞ്ഞു. അവൾ തിരിഞ്ഞുനടന്നു. വാതിൽക്കൽ എത്തിയപ്പോൾ ഒന്നു തിരിഞ്ഞുനോക്കി:
"ലങ്കയുടെ രാജാവേ..."
"എന്താണ്?"
"എന്റെ നഷ്ടപ്പെട്ട മുഖത്തിന് പകരമായി സീതയുടെ മുഖം നിന്റെ മനസ്സിൽ വരച്ചുവെക്കരുത്. എന്റെ ശരീരത്തിലെ മുറിവുകൾക്ക് പകരമായി മറ്റൊരു പെണ്ണിന്റെ ഉടലിനെ ലങ്കയിലേക്ക് വലിച്ചിഴക്കരുത്."
രാവണൻ ഒന്നും മിണ്ടിയില്ല. വാതിലുകൾ താനേ കൊട്ടിയടക്കപ്പെട്ടു. രാവണൻ ആ ഇരുട്ടിൽ തനിച്ചായി. അവന്റെ മുന്നിൽ ദണ്ഡകാരണ്യത്തിന്റെ അതിരുകൾ വരച്ച ഭൂപടം ചിതറിക്കിടന്നു. ആ ഭൂപടത്തിന്റെ ഓരത്ത്, ആരും അടയാളപ്പെടുത്താത്ത ഒരു ചോരപ്പാടായി ശൂർപ്പണഖയുടെ വിലാപം വീണുകിടന്നു. അവൻ പതുക്കെ കൈനീട്ടി ദണ്ഡകാരണ്യത്തിന് മുകളിൽ വിരലമർത്തി. അവൻ അപ്പോൾ യുദ്ധം തീരുമാനിച്ചിരുന്നില്ല; സീതാപഹരണവും നിശ്ചയിച്ചിരുന്നില്ല. പക്ഷേ, ചില സർവ്വനാശങ്ങൾ മനുഷ്യന്റെ മനസ്സിലാണ് ആദ്യം ഭ്രൂണം ധരിക്കുന്നത്; വാളുകൾ അതിന് നിമിത്തമാകുന്നുവെന്നു മാത്രം.
ആ രാത്രി ലങ്കയിൽ ആരും ഉറങ്ങിയില്ല. ശൂർപ്പണഖ തന്റെ തീരാവേദനയുമായും, രാവണൻ തന്റെ അഹന്തയുമായും, ചരിത്രം അവർക്കിടയിൽ പിറവിയെടുത്ത മഹാദുരന്തത്തിന്റെ വിത്തുമായും ഉറക്കമില്ലാതെ കണ്ണുതുറന്നിരുന്നു.
കാലത്തിന്റെ പ്രവാഹത്തിൽ ലങ്കാലക്ഷ്മി ആ നാടിനെ കൈവെടിഞ്ഞു. ലങ്ക ചാമ്പലായി. രാവണനും കുംഭകർണ്ണനും മണ്ണടിഞ്ഞു. അഹങ്കാരത്തിന്റെ ഗോപുരങ്ങൾ ഓരോന്നായി നിലംപൊത്തി. ജയിച്ചവർക്ക് വിജയഗാഥകളും തോറ്റവർക്ക് വിലാപകാവ്യങ്ങളും രചിക്കപ്പെട്ടു.
പക്ഷേ, ശൂർപ്പണഖയ്ക്ക് എന്തുണ്ടായി?
അവൾക്ക് അപമാനത്തിന്റെ ഒരൊറ്റ ഏട് മാത്രമാണ് ചരിത്രം ബാക്കിവെച്ചത്. ആ ഇതിഹാസത്തിലും അവൾ നായികയായിരുന്നില്ല; മറിച്ച്, ഒരു മഹായുദ്ധത്തിന്റെ കറുത്ത വിത്ത്, ഒരു പൗരുഷത്തിന്റെ ക്രോധത്തിന് ഇരയായവൾ, വിരൂപയായ പ്രതിനായക കഥാപാത്രം! ചരിത്രം അവളെ രാക്ഷസിയെന്നും കാമിനിയെന്നും കുലടയെന്നും വിളിച്ചാക്ഷേപിച്ചു. എന്നാൽ ഒരിക്കൽപ്പോലും ഒരാളും അവളോട് ചോദിച്ചില്ല: "ആ പുരുഷനിൽ നീ എന്താണ് കണ്ടത്? നിന്റെ ഹൃദയത്തിൽ എന്തായിരുന്നു?" എന്ന്.
വർഷങ്ങൾക്കുശേഷം അവൾ വീണ്ടും ഗോദാവരിയുടെ തീരത്തെത്തി. അസ്തമയസൂര്യൻ പഴയതുപോലെ ചോരച്ചുവപ്പോടെ ആകാശത്ത് കത്തുന്നുണ്ടായിരുന്നു. നദി പഴയതുപോലെ നിശ്ശബ്ദമായി ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ, അവൾ മാറിയിരുന്നു.
അവൾ ജലത്തിലേക്ക് വീണ്ടും നോക്കി. അറുത്തുമാറ്റപ്പെട്ട മൂക്കും വക്ഷോജങ്ങളുമുള്ള ആ വികൃതരൂപം അവിടെ വീണ്ടും തെളിഞ്ഞു.
അവൾ മങ്ങിപ്പടർന്നൊരു ചിരിയോടെ ചോദിച്ചു: "ഇപ്പോൾ എന്നെയാരെങ്കിലും സുന്ദരിയെന്നു വിളിക്കുമോ?"
നദി മൗനം പാലിച്ചു.
"വിരൂപിയെന്നും വിളിക്കില്ലല്ലോ, അല്ലേ?"
നിശ്ശബ്ദത മാത്രം മറുപടി.
അവൾ കൈകൂപ്പിയില്ല; ആരെയും ശപിച്ചതുമില്ല. വെറുതെ ആ ഒഴുക്കിലേക്ക് നോക്കിനിന്നു. അപ്പോൾ അവളുടെ ഉള്ളിൽ പവിത്രമായൊരു സത്യം ഉദിച്ചുയർന്നു:
'മുഖവും ഉടലും നഷ്ടപ്പെടുന്നതല്ല പെണ്ണിന്റെ യഥാർത്ഥ അപമാനം; മറിച്ച്, ആണുങ്ങൾ വരച്ചുവെച്ച സദാചാരത്തിന്റെ മുഖംമൂടിയണിഞ്ഞ് സ്വന്തം അസ്തിത്വം മറന്നു ജീവിക്കേണ്ടിവരുന്നതാണ്!'
അവൾ സാവധാനം ആ പുണ്യതീർത്ഥത്തിലേക്ക് ഇറങ്ങി. ഗോദാവരി അന്നുമിന്നും ഉണങ്ങാത്ത അവളുടെ ആഴമേറിയ മുറിവുകളെ ആർദ്രമായി തലോടി. ഇപ്പോൾ ആരും അവളെ തുറിച്ചുനോക്കുന്നില്ല. ആരും അവളുടെ മാംസത്തിന് അർത്ഥങ്ങൾ കൽപ്പിക്കുന്നില്ല. ആരും അവളുടെ മോഹങ്ങൾക്ക് പാപത്തിന്റെ ചാപ്പ കുത്തുന്നില്ല. ആരും അവളെ രാക്ഷസിയെന്നോ ദേവിയെന്നോ വിഭജിക്കുന്നില്ല.
ആ നിമിഷം, ആദ്യമായി അവൾക്ക് തോന്നി—താൻ പുരുഷന്റെ തീർപ്പുകളിൽനിന്നെല്ലാം മുക്തയായി സ്വന്തം ആത്മാവിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്ന്.
രാമകഥ പാടിപ്പുകഴ്ത്തിയവരെല്ലാം ശൂർപ്പണഖയുടെ ചെയ്തികളെ മാത്രം എണ്ണിപ്പറഞ്ഞു. അവൾ കൊതിച്ചത് അപരാധമെന്നും, അവൾ അവകാശപ്പെട്ടത് അധർമ്മമെന്നും വിധിച്ചു. അവളുടെ ക്രോധം ഒരു സാമ്രാജ്യത്തെ വിഴുങ്ങിയതെങ്ങനെയെന്ന് വാചാലരായി. പക്ഷേ, അവളുടെ അന്തരംഗത്തിന്റെ ഇരുളറകളിലേക്ക് ഒരൊറ്റ ഋഷികവിയും നോക്കിയില്ല. കാരണം, ചരിത്രം എപ്പോഴും രാജാക്കന്മാരുടെ വിജയസ്തംഭങ്ങളും യോദ്ധാക്കളുടെ വാളുകളും രേഖപ്പെടുത്താൻ വെമ്പുന്ന ഒന്നാണ്. ഒരു സ്ത്രീയുടെ നിശ്ശബ്ദമായ വിലാപങ്ങൾക്ക് കാതോർക്കാൻ അതിന് സമയമില്ലായിരുന്നു.
ശൂർപ്പണഖയുടെ അലർച്ച വാല്മീകി കേട്ടു; ലോകവും കേട്ടു. പക്ഷേ, ആ ആർത്തനാദത്തിന് പിന്നിലെ അവളുടെ ജീവിതാഭിലാഷങ്ങൾ ആരും കേട്ടില്ല. അവൾ ആഗ്രഹിച്ചിരുന്നു, അവൾക്ക് സ്വന്തം ഇണയെ തിരഞ്ഞെടുക്കണമായിരുന്നു. പക്ഷേ, അവൾ ക്രൂരമായി തിരസ്കരിക്കപ്പെട്ടു; ജീവനോടെ വികലാംഗയാക്കപ്പെട്ടു.
അവളുടെ വഴി തെറ്റിയിരിക്കാം; അവളുടെ പ്രതികരണം പാകപ്പിഴകൾ നിറഞ്ഞതായിരിക്കാം. എന്നാൽ അതുകൊണ്ടൊന്നും അവളുടെ മാംസത്തിൽ വീണ മുറിവുകളുടെ നീറ്റൽ ഇല്ലാതാകുന്നില്ല. ഒരു മനുഷ്യന്റെ തെറ്റുകൾ അവന്റെ വേദനകളെ അസത്യമാക്കുന്നില്ല. ഒരു സ്ത്രീയുടെ ആഗ്രഹപ്രകടനം അവളുടെ മാനവികതയെ റദ്ദുചെയ്യുന്നുമില്ല.
അവൾ വീണ്ടും നദിയിലേക്ക് നോക്കി. ഇപ്പോൾ ആ ജലത്തിൽ അവളുടെ രൂപം മാത്രമായിരുന്നില്ല.
യുഗങ്ങളായി സ്വന്തം ആഗ്രഹങ്ങൾ തുറന്നുപറയാൻ ഭയന്നുജീവിച്ച ആയിരമായിരം സ്ത്രീകളുടെ മുഖങ്ങൾ! പ്രണയിച്ചതിന്റെ പേരിൽ, നിരസിച്ചതിന്റെ പേരിൽ, ചോദ്യംചെയ്തതിന്റെ പേരിൽ കുറ്റവാളികളാക്കപ്പെട്ടവരുടെ മുഖങ്ങൾ! സ്വന്തം ശരീരത്തിന്മേലുള്ള അധികാരം അന്യരുടെ വെട്ടിപ്പിടിക്കലുകൾക്ക് അടിയറവെക്കേണ്ടിവന്നവരുടെ കണ്ണീർപ്പാടുകൾ! അവരുടെയെല്ലാം മിഴികളിൽ കത്തുന്നത് ഒരേയൊരു ചോദ്യം മാത്രമായിരുന്നു.
അവൾ ആ പ്രവാഹത്തോട് ശാന്തമായി പറഞ്ഞു:
"ഇനി എന്നെ നിങ്ങൾ എന്തും വിളിച്ചോളൂ... രാക്ഷസിയെന്നോ, അസുരസ്ത്രീയെന്നോ, കുലടയെന്നോ, പാപിയെന്നോ... പക്ഷേ, വരുംകാലങ്ങളിലെങ്കിലും എന്റെ കഥ എന്റെ ശബ്ദത്തിൽത്തന്നെ പറയപ്പെടണം."
അവളുടെ ഗദ്ഗദങ്ങളെ ഏറ്റുവാങ്ങി ഗോദാവരി ശാന്തമായി ഒഴുകിക്കൊണ്ടേയിരുന്നു. ചരിത്രം ലജ്ജയോടെ ആ തീരത്ത് നിശ്ശബ്ദമായി ഇരുന്നു.
അന്ന്, ഒരു സ്ത്രീയുടെ ഉടലഴകുകൾ അളക്കുന്നതിനുമുമ്പ് ചരിത്രം ആദ്യമായി അവളുടെ ആത്മാവിലേക്ക് നോക്കി. അവിടെ രാക്ഷസിയോ ദേവിയോ ഉണ്ടായിരുന്നില്ല; സീതയോ താടകയോ ഉണ്ടായിരുന്നില്ല. പാപപുണ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം—ആഗ്രഹിക്കാനും തെറ്റുപറ്റാനും മുറിവേൽക്കാനും സ്വപ്നം കാണാനും, ഒടുവിൽ സ്വന്തം അസ്തിത്വം സ്വയം പ്രഖ്യാപിക്കാനും അവകാശമുള്ള ഒരു പച്ചമനുഷ്യജീവി മാത്രം!
അതുകൊണ്ടുതന്നെയാവാം, ശൂർപ്പണഖയുടെ കഥ ഇന്നും മരണമില്ലാതെ തുടരുന്നത്. കാരണം, അവളുടെ നാസികയും മാതൃത്വത്തിന്റെ പ്രതീകമായ പയോധരങ്ങളും അവർക്ക് അരിഞ്ഞുതള്ളാൻ കഴിഞ്ഞിരിക്കാം; എന്നാൽ ആത്മാഭിമാനത്തിന്റെ ആ പെൺശബ്ദത്തെ അറുത്തുമാറ്റാൻ ഒരു പുരുഷധർമ്മത്തിനും കഴിഞ്ഞിരുന്നില്ല. ആ ശബ്ദം ഇന്നും കാലത്തിന്റെ കാതുകളിൽ ഒരു തീക്കനലായി എരിഞ്ഞുകൊണ്ടേയിരിക്കുന്നു—കപടതകളുടെ ആവരണങ്ങളില്ലാത്ത, സ്വന്തം ചോരകൊണ്ടെഴുതിയ സത്യമായി!

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?