കാൺമാനില്ല

Please share this
പതിനാറു വയസ്സ്.
ഒരു പെൺകുട്ടിയുടെ പ്രായം മാത്രമല്ലത്. അത് മഴ പെയ്യുന്നതിനു മുമ്പ് മണം പിടിക്കുന്ന മണ്ണിന്റെ പ്രായമാണ്. കാറ്റിന്റെ ദിശ അറിയാതെ ജനാല തുറന്നിടുന്ന പ്രായം. ലോകം മുഴുവൻ വിശ്വസിക്കാവുന്നതാണെന്ന് തോന്നുകയും, ലോകം എത്ര ക്രൂരമാണെന്ന് തിരിച്ചറിയാൻ ഇനിയും ഒരു ജീവിതം ബാക്കിയാവുകയും ചെയ്യുന്ന പ്രായം.

അന്നും അവൾ അങ്ങനെയായിരുന്നു. ഒരു ചെറിയ യാത്ര...! ഒരു ആൺസുഹൃത്തിനൊപ്പം...! വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോയത് വലിയൊരു തെറ്റായിരുന്നോ, അതോ പതിനാറിന്റെ അശ്രദ്ധയായിരുന്നോ—അത് പിന്നീട് പലരും പല പേരിട്ടു വിളിച്ചു.

പക്ഷേ അന്ന് വീട്ടിൽ അതിന് ഒരേയൊരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
"ഭയം."

അതിന്റെ പരമോന്നതായായി അമ്മയുടെ നിലവിളി ചുമരുകളിൽ തട്ടി തിരിച്ചുവന്നു.
അച്ഛൻ പലതവണ ആരെയൊക്കെയോ ഫോൺ വിളിച്ചു.

സഹോദരൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി... പ്രായോഗിക ബുദ്ധി..

“പതിനാറു വയസ്സുള്ള പെൺകുട്ടിയാണ്.” ആ ഒരു വാചകം മതി. സ്റ്റേഷനിൽ നിന്നിറങ്ങിയ ഒരാൾ ആദ്യം ചെയ്തത് അവളുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

“ഈ കുട്ടിയെ കാണാനില്ല. കണ്ടുകിട്ടുന്നവർ അറിയിക്കുക.”

പിന്നെ അതൊരു പോസ്റ്റായിരുന്നില്ല. ഒരു ഓട്ടമായിരുന്നു. ഒരു വിരലിൽനിന്ന് മറ്റൊരു വിരലിലേക്ക്. ഒരു ഫോണിൽ നിന്ന് മറ്റൊരു ഫോണിലേക്ക്.

ഷെയർ.
ഷെയർ.
ഷെയർ. ആരും അവരവരുടെ കണ്ണുകളാൽ അവളെ നോക്കിയില്ല. ആരും ആ ചിത്രത്തിനപ്പുറം അവളുടെ പ്രായചപലത കണ്ടില്ല.
ആരും ചോദിച്ചില്ല— “ഈ കുട്ടിക്ക് എന്താണ് സംഭവിച്ചത്?”

അവർക്ക് വേണ്ടിയിരുന്നത് ഒരു കാണാതായ മുഖം മാത്രമായിരുന്നു. ഭാഗ്യം അന്നുതന്നെ വൈകുന്നേരം അവളെ കണ്ടെത്തി... 

അവൾ സുരക്ഷിതയായിരുന്നു. വീട്ടിലെത്തി. അമ്മ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു.
അച്ഛൻ ഒന്നും പറഞ്ഞില്ല.

ആ രാത്രി അവൾ ആദ്യമായി മനസ്സിലാക്കി— വീട്ടിൽനിന്ന് പുറത്തുപോകുന്നത് എളുപ്പമാണ്; എന്നാൽ തിരിച്ച് വീട്ടിലെത്തിയ ശേഷം ഏവരുടെയും കണ്ണുകളിൽനിന്ന് തിരികെ നടക്കുക അത്ര എളുപ്പമല്ല.

എന്നാലും അവൾ കരുതി, അതോടെ എല്ലാം കഴിഞ്ഞെന്ന്..
അല്ലെങ്കിൽ അവൾ അങ്ങനെ തെറ്റിദ്ധരിച്ചു... 

ആറുമാസത്തിനു ശേഷം.... ഒരു അത്യാവശ്യ യാത്രയ്ക്കായി സഹോദരനോടൊപ്പം അവൾ നഗരത്തിലേക്കിറങ്ങി. സഹോദരൻ അവളുടെ കൈയിൽ ഒരു ഫയൽ കൊടുത്തുകൊണ്ട് പറഞ്ഞു:

“നീ ഇത് സൂക്ഷിച്ചോളൂ.” അവൾ തലകുലുക്കി. അവൻ അവളുടെ മുഖത്തേക്ക് നോക്കി. ആറുമാസം മുമ്പത്തെ ആ സംഭവത്തിനുശേഷം അവൾ കുറച്ചൊക്കെ മാറിയിരുന്നു. മുമ്പ് വഴിയിലൂടെ നടക്കുമ്പോൾ പരിചയമില്ലാത്തവരെയും നോക്കി ചിരിക്കുമായിരുന്നു. ഇപ്പോൾ അവൾ കണ്ണുകൾ താഴ്ത്തിയാണ് നടക്കുന്നത്. ആരെങ്കിലും തന്നെ നോക്കിയാൽ, എന്തിനാണ് നോക്കുന്നതെന്ന് ആദ്യം സംശയിക്കും. ഒരു ചിരി കേട്ടാൽ പോലും അത് തന്നെക്കുറിച്ചാണോ എന്ന് ചിന്തിക്കും.

പതിനാറു വയസ്സിന്റെ നിർഭയത്വം ആറുമാസംകൊണ്ട് ഒരു ചെറു നിഴലായി അവളുടെ പിന്നിൽ നടക്കുകയായിരുന്നു.
അപ്പോഴാണ് ഒരാൾ അവരെ ശ്രദ്ധിച്ചത്. ആദ്യം ആ കണ്ണുകൾ തുറിച്ചു നോക്കി. പിന്നെ ഫോൺ പുറത്തെടുത്തു. ഒരു പഴയ ചിത്രം തിരഞ്ഞു... ഒരു നിമിഷം.

“ഇതാ... ഇതുതന്നെയല്ലേ?” അവന്റെ ശബ്ദത്തിൽ അത്ഭുതത്തേക്കാൾ ആവേശമായിരുന്നു. അടുത്തുനിന്നിരുന്ന മറ്റൊരാൾ ഫോണിലേക്ക് നോക്കി.

“അതെ. കാണാതായ കുട്ടി.” ആ വാക്ക് അവളുടെ ചെവിയിൽ പതിഞ്ഞപ്പോൾ ശരീരം പെട്ടെന്ന് തണുത്തുപോയി.
"കാണാതായ കുട്ടി." ആറുമാസം മുമ്പ് അവൾ ആയിരുന്ന പേര്. ഇന്നും അതേ പേരിൽ അവൾ ജീവനോടെ നിൽക്കുന്നു.

സഹോദരൻ കാര്യം മനസ്സിലാക്കും മുമ്പേ മൂന്നാമതൊരാൾ പറഞ്ഞു:

“പോലീസിനെ വിളിക്കണം.” അവന്റെ മുഖത്ത് ഒരു വിചിത്രമായ സംതൃപ്തിയുണ്ടായിരുന്നു. ഒരു വലിയ സാമൂഹിക ഉത്തരവാദിത്തം താൻ ഏറ്റെടുത്തുവെന്ന അഭിമാനം.

അവൻ വീണ്ടും പോസ്റ്റ് നോക്കി.
“ഞാൻ ഷെയർ ചെയ്തതാ ഇത്.” അവൻ പറഞ്ഞു.

“ഇവളെ കണ്ടുപിടിച്ചത് വലിയ കാര്യമായിരുന്നു അന്ന്.” സഹോദരൻ അവനെ നോക്കി. “ചേട്ടാ ഇവളെ അന്നുതന്നെ കിട്ടിയതാണ് ഞാനവളുടെ സഹോദരനാണ് ”
“ആർക്കറിയാം സത്യമേതെന്ന് ....” അയാൾ വാചകം പൂർത്തിയാക്കിയില്ല. അയാളുടെ കൈയിലെ മൊബൈൽ തന്നെയായിരുന്നു അവന്റെ തെളിവ്.
പഴയൊരു പോസ്റ്റ്.
പഴയൊരു ഭയം.
പക്ഷേ പുതിയൊരു സംശയം.


പോലീസ് എത്തിയപ്പോൾ പെൺകുട്ടിയുടെ കാലുകൾ വിറയ്ക്കുകയായിരുന്നു.
“സാർ... ഇവൾ എന്റെ സഹോദരിയാണ്.” സഹോദരൻ പറഞ്ഞു.
“ആറുമാസം മുമ്പ് കാണാതായ കുട്ടിയല്ലേ?”
“അതെ. പക്ഷേ അന്നുതന്നെ കണ്ടെത്തി.”
“എവിടെനിന്ന്, എപ്പൊൾ, എങ്ങനെ...?”

ചോദ്യങ്ങൾ.
വീണ്ടും ചോദ്യങ്ങൾ. അവൾ മിണ്ടാതിരുന്നു. ഓരോ ചോദ്യവും അവളുടെ ഉള്ളിലെ അടഞ്ഞ വാതിലുകളിൽ മുട്ടുന്നതുപോലെ.
എവിടെയായിരുന്നു?
ആരോടൊപ്പമായിരുന്നു?
എന്തിനാണ് പോയത് ആറുമാസം മുമ്പ് വീട്ടിൽ ചോദിച്ച ചോദ്യങ്ങൾ. അവൾക്ക് തോന്നി, താൻ വീണ്ടും അതേ രാത്രിയിലേക്ക് കൊണ്ടുപോകപ്പെടുകയാണെന്ന്. അവളുടെ വിരലുകൾ തണുത്തു.

“കുട്ടീ... പേടിക്കണ്ട.”
ഒരു പൊലീസുകാരി പറഞ്ഞു.

പക്ഷേ എന്നിട്ടും അവൾക്ക് പേടിയായിരുന്നു.
പോലീസിനെക്കാൾ.
ആളുകളെക്കാൾ.
അവരുടെ കണ്ണുകളെയാണ്.

കാരണം അവൾക്കിപ്പോൾ അറിയാം, നിയമം ചിലപ്പോൾ തെളിവ് അന്വേഷിക്കും;
സമൂഹം ഒരു കഥ മതി വിധി പറയാൻ.
സഹോദരൻ അവൾക്കരികിൽ നിൽക്കുകയായിരുന്നു.

അവന് ദേഷ്യം വന്നുതുടങ്ങി, പക്ഷേ ആ ദേഷ്യത്തിനും ഒരു വിലാസമുണ്ടായിരുന്നില്ല.
പഴയ പോസ്റ്റ് ഉണ്ടാക്കിയവനോട് ദേഷ്യപ്പെടണോ?
അത് ഷെയർ ചെയ്തവരോട്?
കുട്ടിയെ കണ്ടതായി കരുതി പൊലീസിനെ വിളിച്ച സദാചാരക്കാരനോട്?
അതോ, സത്യം അറിഞ്ഞിട്ടും ആ പോസ്റ്റ് നീക്കം ചെയ്യാൻ മറന്ന സ്വന്തം ബന്ധുവിനോടോ?

അവൻ ഒന്നും പറയാതെ പല്ലുകടിച്ചു നിന്നു. അവന്റെ സഹോദരിയെക്കാൾ കൂടുതൽ അവന് അപ്പോൾ അപമാനം തോന്നിയത് മറ്റൊന്നിനായിരുന്നു. ആളുകൾ അവളെ രക്ഷിക്കാനല്ല വന്നത്.
അവളെക്കുറിച്ച് ഒരു കഥ ഉണ്ടാക്കാനാണ്.

പോലീസ് സ്റ്റേഷനിൽ കാര്യങ്ങൾ വ്യക്തമായി.
പഴയ പരാതി, പഴയ തീയതി.
കുട്ടിയെ കണ്ടെത്തിയ വിവരം.
എല്ലാം രേഖകളിലുണ്ടായിരുന്നു.
പക്ഷേ ആൾക്കൂട്ടത്തിന്റെ ആവേശത്തിന് രേഖകളൊന്നും വേണ്ടായിരുന്നു. അവരിൽ ഒരാൾ ഇപ്പോഴും പുറത്തുനിന്ന് പൊലീസുകാരനോട് പറയുന്നുണ്ടായിരുന്നു:

“സാർ, സോഷ്യൽ മീഡിയയിൽ പോസ്റ്റ് കണ്ടപ്പോഴാണ് ഞങ്ങൾ സംശയിച്ചത്. ഞങ്ങളുടെ ഉത്തരവാദിത്തമല്ലേ സാർ... സമൂഹത്തോട്!”

അവന്റെ ശബ്ദത്തിൽ അഭിമാനം നിറഞ്ഞിരുന്നു. സഹോദരൻ വാതിൽക്കൽ നിന്നുകൊണ്ട് അയാളെ നോക്കി. ഒന്നും പറഞ്ഞില്ല. അവന്റെ ഉള്ളിൽ ഒരു വാക്ക് മാത്രം ഉയർന്നു:
“സമൂഹത്തോട് ഉത്തരവാദിത്തമുള്ളവനാകുന്നതിനു മുമ്പ് സത്യത്തോട് ഉത്തരവാദിത്തമുള്ളവനായിക്കൂടെ?”
പക്ഷേ അത് അവൻ പുറത്തുപറഞ്ഞില്ല. വീട്ടിലേക്കുള്ള മടക്കയാത്രയിൽ അവൾ ജനാലയ്ക്കരികിലിരുന്നു. പുറത്ത് മരങ്ങൾ പിന്നിലേക്ക് ഓടുകയായിരുന്നു. അവൾ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. ആറ് മാസം മുമ്പത്തെ പെൺകുട്ടിയെ അവൾക്ക് ഓർമ്മവന്നു, അന്നവൾക്ക് ലോകത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇന്ന് അവൾക്കൊരു കാര്യം അറിയാം. ഒരു ചിത്രം ഒരിക്കൽ ലോകത്തിനു പരിചയമായാൽ
അത് ചിത്രമായിരിക്കില്ല. അത് ഓരോരുത്തരുടെയും മനസ്സിൽ ഓരോ കഥയായി ജീവിക്കും.

ഒരാൾക്ക് അവൾ വഴിതെറ്റിയ പെൺകുട്ടി.
മറ്റൊരാൾക്ക് അനുസരണയില്ലാത്ത മകൾ.
ഇനിയൊരാൾക്ക് പ്രണയത്തിന്റെ പേരിൽ വീട്ടുവിട്ടവൾ.
പിന്നൊരാൾക്ക് രക്ഷിക്കപ്പെട്ട കുട്ടി.

ഇന്ന്— ഒരാൾക്ക് അവൾ വീണ്ടും കാണാതായവൾ. പക്ഷേ അവൾക്കറിയാം തന്റെ യഥാർത്ഥ കഥ. അവൾ കണ്ണുകളടച്ചു. അടുത്തിരുന്ന സഹോദരൻ അവളുടെ കൈ പതുക്കെ പിടിച്ചു.
“നിനക്ക് പേടിയാണോ?” കുറച്ചുനേരം അവൾ ഒന്നും പറഞ്ഞില്ല. പിന്നെ ജനാലയ്ക്ക് പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു:
“എനിക്ക് ആളുകളെയാണ് പേടി, ചേട്ടാ...” അവൻ അവളുടെ കൈ മുറുകെ പിടിച്ചു. അവൾ വീണ്ടും പറഞ്ഞു:
“കാരണം അവർക്ക് സത്യം അറിയണമെന്നില്ല... അവർക്ക് വിശ്വസിക്കാൻ ഒരു കഥ മതി.”

ബസ് മുന്നോട്ടുപോയി. ബസിനുള്ളിൽ ആരോ മൊബൈൽ തുറന്നു. ഒരു പഴയ പോസ്റ്റ്. അതേ ചിത്രം. അതേ വാക്കുകൾ.
“കാണാനില്ല.”
താഴെ നൂറുകണക്കിന് ഷെയറുകൾ. പക്ഷേ അതിന്റെ ഇടയിൽ എവിടെയോ, വളരെ താഴെ, ആരും ശ്രദ്ധിക്കാത്ത ഒരു ചെറിയ കമന്റ് ഇപ്പോഴും കിടന്നിരുന്നു.

“കുട്ടിയെ കിട്ടി.” ഒരു സത്യത്തിന് ലഭിച്ച ഏറ്റവും ചെറിയ സ്ഥലം. പക്ഷേ അതിനകം ആ പെൺകുട്ടിയുടെ ജീവിതത്തിൽ നിന്ന് ആറ് മാസത്തെ സമാധാനം ആ ഒരു പഴയ പോസ്റ്റ് മോഷ്ടിച്ചുകഴിഞ്ഞിരുന്നു.

ഒരു അസത്യത്തിന് ലഭിച്ച ഏറ്റവും വലിയ ജീവിതം.

ബസ് ഇരുട്ടിലൂടെ നീങ്ങി.
അവളുടെ തല സഹോദരന്റെ തോളിലായിരുന്നു. അവൻ ഉറങ്ങിയില്ല. ജനാലയ്ക്കപ്പുറം നോക്കിക്കൊണ്ടിരുന്നു. ആ രാത്രി അവൻ ആദ്യമായി മനസ്സിലാക്കി, 
"മനുഷ്യന് ഒരാളെ കാണാതാക്കുവാൻ എത്ര എളുപ്പമാണ്. ഒരു ഫോട്ടോ മതി.
ഒരു വാക്ക് മതി. ഒരു ഷെയർ മതി. പക്ഷേ ഒരാളെ വീണ്ടും അവന്റെ സ്വന്തം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ചിലപ്പോൾ ഒരു ജീവിതം മുഴുവൻ പോരാതെ വരും."


Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?