പരലോകത്തിലെ_രണ്ട്_എഴുത്തുകാർ


പരലോകത്ത് എത്തിച്ചേർന്ന ആ എഴുത്തുകാർക്ക്
അവിടെ ആദ്യം മനസ്സിലായ കാര്യം ഒരു വിചിത്ര സത്യമായിരുന്നു, 

അവിടെ സമയമില്ല.
മണിക്കൂറുകളില്ല.
കലണ്ടറുകളില്ല.
ജന്മദിനങ്ങളില്ല.
മരണദിനങ്ങളുമില്ല. എങ്കിലും ഓർമ്മകൾക്ക് അവിടെ പ്രായമുണ്ടായിരുന്നു. ചില ഓർമ്മകൾ കുഞ്ഞുങ്ങളെപ്പോലെ ഓടിനടന്നു. ചിലത് വൃദ്ധരെപ്പോലെ പതുക്കെ നടന്നു. ചിലത് ഒരിക്കലും വൃദ്ധരാകാതെ എപ്പോഴും യൗവനത്തിൽ തന്നെ നിന്നു.

അങ്ങനെയുള്ള ഒരു ഓർമ്മയുടെ വഴിയിലൂടെ വൈക്കം മുഹമ്മദ് ബഷീർ നടക്കുകയായിരുന്നു. കയ്യിൽ ഒരു പഴയ തുണിസഞ്ചി...! അതിൽ എന്താണെന്ന് ചോദിച്ചാൽ ബഷീറിന് പോലും അറിയില്ല.

“ഭൂമിയിൽ നിന്ന് കൊണ്ടുവന്നതാണിത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് മുന്നിൽ നിന്ന് ഒ.വി. വിജയൻ വന്നത്.!

കയ്യിൽ പുസ്തകമില്ല..മുഖത്ത് പതിവായ ആ ചിന്തയുടെ നിഴൽ മാത്രം.
ബഷീർ കൈവീശി...“ഓ... വിജയാ!”

വിജയൻ നിന്നു...“ആഹാ ബഷീറാ… 
"ഇവിടെ എന്താ ചെയ്യുന്നത്?” വിജയൻ ചുറ്റും നോക്കി.

“അറിയില്ല.” ബഷീർ ചിരിച്ചു. "അത് നല്ല കാര്യം.
ഭൂമിയിൽ എല്ലാവർക്കും എന്താണ് ചെയ്യുന്നതെന്ന് അറിയാമെന്ന ഭാവമായിരുന്നു.
ഇവിടെ എത്തിയപ്പോൾ ഒന്നും അറിയില്ല.” വിജയനും ചിരിച്ചു.

അവർ അടുത്തുള്ള ഒരു മരച്ചുവട്ടിൽ ഇരുന്നു. മരം ഇലകൾ പൊഴിച്ചില്ല. കാരണം അവിടെ ശരത്കാലമില്ലായിരുന്നു. എങ്കിലും മരത്തിന് താഴെ കുട്ടികളാരോ തല്ലിയിട്ട കുറച്ച് ഇലകളുണ്ടായിരുന്നു. വിജയൻ അതിലൊന്ന് എടുത്തു.

“ഇവിടെ ഇലകൾ വീഴുന്നതല്ലല്ലോ .” ബഷീർ പറഞ്ഞു:

“മരത്തിന് ഇലകൾ ആവശ്യമില്ലാതാകുമ്പോഴാണ് അവ വീഴുന്നത് മനുഷ്യന് ഓർമ്മകൾ ആവശ്യമില്ലാതാകുമ്പോഴാണ് അവ മറക്കുന്നത്.” വിജയൻ ബഷീനെ നോക്കി.

“നീ ഇപ്പോഴും തത്ത്വചിന്ത പറയുന്നുണ്ടോ?”
“ഞാൻ പറഞ്ഞതൊക്കെ തത്ത്വചിന്തയാണെന്ന് നീയൊക്കെയാണ് പറഞ്ഞത്.
ഞാൻ വെറുതെ സംസാരിച്ചതാണ്.” വിജയൻ ചിരിച്ചു.

കുറച്ചുനേരം കഴിഞ്ഞ് ചോദിച്ചു: “ബഷീറേ, നിനക്ക് ഭൂമിയെ ഓർമ്മ വരാറുണ്ടോ?”

ബഷീർ ദൂരേക്ക് നോക്കി. “വളരെയേറെ.”
“എന്താണ് ഏറ്റവും കൂടുതൽ ഓർമ്മ വരുന്നത്?”

ബഷീർ പറഞ്ഞു: “വിശപ്പ്.”
വിജയൻ അമ്പരന്നു. “വിശപ്പോ?”
“അതെ. വിശന്നിരുന്നപ്പോൾ ഭക്ഷണത്തിന്റെ വില മനസ്സിലായി. സ്നേഹിച്ചപ്പോൾ മനുഷ്യന്റെ വില മനസ്സിലായി.
വിട്ടുപോയപ്പോൾ ഓർമ്മയുടെ വില മനസ്സിലായി. ജീവിച്ചിരുന്നപ്പോൾ ജീവിതത്തിന്റെ വില മനസ്സിലായില്ല.”
വിജയൻ മിണ്ടാതിരുന്നു. പിന്നെ പതുക്കെ പറഞ്ഞു:
“അതുകൊണ്ടായിരിക്കാം മനുഷ്യൻ മരണത്തെ ഇത്ര പേടിക്കുന്നത്.”
“മരണത്തെ അല്ല വിജയാ.
ജീവിച്ചുതീരാത്ത ജീവിതത്തെയാണ് മനുഷ്യൻ പേടിക്കുന്നത്.” അപ്പോഴേക്കും ഒരു ചെറിയ കുട്ടി അവർക്കരികിലൂടെ ഓടിപ്പോയി കയ്യിൽ ഒരു പുസ്തകം.
ബഷീർ വിളിച്ചു:

“എടാ കുഞ്ഞേ, എന്താ വായിക്കുന്നത്?” കുട്ടി പുസ്തകം ഉയർത്തിക്കാട്ടി.

“ബഷീറിന്റെ കഥ.” ബഷീർ വിജയനെ നോക്കി കണ്ണിറുക്കി. “കണ്ടോ? ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.”

വിജയൻ കുട്ടിയോട് ചോദിച്ചു: “എന്റെ പുസ്തകം ആരെങ്കിലും വായിക്കുന്നുണ്ടോ?” കുട്ടി തിരിഞ്ഞുനിന്നു.
“അതേ ഖസാക്ക്?” വിജയന്റെ മുഖത്ത് ഒരു മൃദുവായ പുഞ്ചിരി.

“അതേ, അത് വായിച്ചിട്ട് ഒരാൾ ഇന്നലെ മുഴുവൻ മിണ്ടാതിരുന്നു.” 
വിജയൻ ചോദിച്ചു: “എന്തുകൊണ്ട്?”
കുട്ടി മറുപടി പറഞ്ഞു: “അവന് സ്വന്തം ജീവിതത്തെക്കുറിച്ച് എന്തോ ഓർമ്മ വന്നുവത്രെ.” അത്രയും പറഞ്ഞ് കുട്ടി ഓടിപ്പോയി. വിജയൻ ഏറെ നേരം ഒന്നും പറഞ്ഞില്ല.

ബഷീർ ചോദിച്ചു: “എന്താ?”
“ഒന്നുമില്ല.”
“കരയുന്നുണ്ടോ?”
“ഇല്ല.”
“എഴുത്തുകാരുടെ പ്രശ്നം അതാണ്. സ്വന്തം കണ്ണുനീരും സാഹിത്യമായി തോന്നും.” വിജയൻ ചിരിച്ചു.

---

അന്ന് വൈകുന്നേരം അവർ ഭൂമിയിലേക്ക് നോക്കിയിരുന്നു. ഭൂമിയിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നു.
പുതിയ നഗരങ്ങൾ.
പുതിയ യന്ത്രങ്ങൾ.
പുതിയ ഭാഷകൾ.
പുതിയ യുദ്ധങ്ങൾ. പക്ഷേ മനുഷ്യന്റെ കണ്ണുകളിൽ
പഴയ ദുഃഖം തന്നെയായിരുന്നു.

വിജയൻ പറഞ്ഞു: “നമ്മൾ എഴുതിയതൊന്നും മനുഷ്യനെ മാറ്റിയില്ലല്ലോ.”
ബഷീർ മറുപടി പറഞ്ഞു: “മനുഷ്യനെ മാറ്റുക എഴുത്തുകാരന്റെ പണിയല്ല.”
“പിന്നെ?”
“അവൻ മാറ്റേണ്ടതെന്താണെന്ന്
അവനുതന്നെ കാണിച്ചുകൊടുക്കുക.”
“അവൻ കണ്ടിട്ടും മാറിയില്ലെങ്കിൽ?” ബഷീർ ചിരിച്ചു.
“അപ്പോൾ വീണ്ടും എഴുതണം.”
“എത്രകാലം?”
“അവൻ മാറുന്നതുവരെ.” വിജയൻ തലകുനിച്ചു.

“അപ്പോൾ എഴുത്തുകാരന് ഒരിക്കലും വിരമിക്കാനാകില്ല.” ബഷീർ തുണിസഞ്ചി തുറന്നു. അതിനുള്ളിൽ ഒരു പേന. “അതുകൊണ്ടാണ് ഞാൻ ഇത് കൊണ്ടുവന്നത്.” വിജയൻ പേന നോക്കി.

“ഇവിടെ എന്താണ് എഴുതുക?”
ബഷീർ ചിരിച്ചു. “അറിയില്ല.”
“പിന്നെ പേന എന്തിന്?”
“എഴുതാനുള്ളത് ഉണ്ടാകുമ്പോൾ പേന അന്വേഷിച്ച് നടക്കേണ്ടി വരാതിരിക്കാനല്ലേ?” വിജയൻ പൊട്ടിച്ചിരിച്ചു.

---
അവർ എഴുന്നേറ്റു. മുന്നിൽ ഒരു നീണ്ട വഴി. അതിന്റെ അറ്റത്ത്
വെളിച്ചമോ ഇരുട്ടോ ഒന്നുമില്ല. വെറും ശൂന്യത. വിജയൻ ചോദിച്ചു:
“അവിടേക്ക് പോയാൽ എന്താണ്?”
ബഷീർ പറഞ്ഞു: “അറിയില്ല.”
“നിനക്ക് പേടിയില്ലേ?”
“ഇല്ല.”
“എന്തുകൊണ്ട്?” ബഷീർ ചിരിച്ചു. “ജീവിതം മുഴുവൻ അറിയാത്ത കാര്യങ്ങളെയാണ് ഞാൻ എഴുതിയത്. ഇനി അറിയാത്തതിലേക്ക് നടക്കാൻ എന്തിന് പേടി?” ഇരുവരും നടന്നു. കുറച്ചുദൂരം കഴിഞ്ഞപ്പോൾ
വിജയൻ തിരിഞ്ഞുനോക്കി. അവരുടെ പിന്നിൽ
ഒരു വിചിത്രമായ കാഴ്ച. ഭൂമിയിൽ ഒരാൾ ബഷീറിനെ വായിക്കുന്നു.
മറ്റൊരാൾ വിജയനെ.
മറ്റൊരാൾ രണ്ടുപേരെയും.
ഒരു വയോധികൻ ചിരിക്കുന്നു.
ഒരു യുവതി കരയുന്നു.
ഒരു വിദ്യാർത്ഥി ചിന്തിക്കുന്നു.
ഒരു പ്രണയി ഒരു വരി വീണ്ടും വീണ്ടും വായിക്കുന്നു.
ഒരു ഏകാന്തനായ മനുഷ്യൻ
പുസ്തകം നെഞ്ചോട് ചേർത്തുപിടിക്കുന്നു. വിജയൻ ചോദിച്ചു:
“ഇവരൊക്കെ നമ്മളെ എന്തിനാണ് വായിക്കുന്നത്?” ബഷീർ പറഞ്ഞു:
“നമ്മളെ വായിക്കാൻ അല്ല.”
“പിന്നെ?”
“അവരവരെ വായിക്കാൻ.” അവർ വീണ്ടും നടന്നു. അപ്പോൾ വിജയൻ പെട്ടെന്ന് ചോദിച്ചു:
 “ബഷീറേ…”
“എന്താ?”
“ഒരു എഴുത്തുകാരന്റെ യഥാർത്ഥ പരലോകം എന്താണ്?” ബഷീർ നടപ്പ് നിർത്തി. വിജയനെ നോക്കി.
പതുക്കെ പറഞ്ഞു:

“ഒരു മനുഷ്യന്റെ ഏകാന്തതയിൽ
നമ്മുടെ ഒരു വാക്ക് കൂട്ടായി ഇരിക്കുന്ന നിമിഷം.” വിജയൻ ഒന്നും പറഞ്ഞില്ല. അവർ വീണ്ടും നടന്നു. അവരുടെ നിഴലുകൾ മാത്രം
പിന്നിൽ ബാക്കിയായി. പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ
നിഴലുകളും ഇല്ലാതായി. എങ്കിലും ഭൂമിയിലെ ഏതോ ഒരു മുറിയിൽ ഒരു പുസ്തകത്തിന്റെ പേജ് മറിഞ്ഞുകൊണ്ടിരുന്നു.
 ആ പേജിൽ എഴുതിയിരുന്നത്:

“മരിച്ചവർ പോയിട്ടില്ല.
അവർ നമ്മൾ വായിക്കുന്ന വാക്കുകളായി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.” അതിനടിയിൽ
രണ്ട് പേരുകളുണ്ടായിരുന്നു..

വൈക്കം മുഹമ്മദ് ബഷീർ,!
ഒ.വി. വിജയൻ,! 
അതിനും താഴെ
ആരും എഴുതാത്ത ഒരു വാചകമുണ്ടായിരുന്നു...
“അവസാന വായനക്കാരൻ പുസ്തകം അടയ്ക്കുന്ന ദിവസം മാത്രമാണ്
ഒരു എഴുത്തുകാരന്റെ പരലോകം പൂർണ്ണമാകുന്നത്.”
(എന്റെ വായനാലോകത്ത് ഇരു വിസ്മയങ്ങൾ സമ്മാനിച്ച ശ്രീ ഒ വി വിജയൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരോടുള്ള ആദരവോടെ)
Sreekumar sree

Comments

Popular posts from this blog

എക്സിറ്റ് പോൾ

തൊഴിൽനികുതി, എന്ത് എന്തിന്

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?