ചീനപ്പാത്രംപോലെ
ആഷാഢമാസത്തിലെ ഒരു പുലർച്ചെ. കോഴി രണ്ടാമതും കൂവിയിട്ടില്ല. കിഴക്ക് വെളിച്ചം പിറക്കാൻ ഇനിയും നേരമുണ്ട്. രാത്രിയിലെ മഞ്ഞ് തെങ്ങോലകളിൽനിന്ന് തുള്ളിത്തുള്ളിയായി വീഴുന്നു.
"ഏടീ പാറൂ... എണീക്കടീ... ആളൊക്കെ ഉണരുന്നതിനു മുമ്പേ പോയിട്ട് വരാം.".. മൂത്തോരുടെ ശബ്ദം.
പതിനാറുകാരി പാർവതി കണ്ണുതിരുമ്മി എഴുന്നേറ്റു. മുറ്റത്ത് അമ്മ പ്രാതൽ കഞ്ഞിക്ക് വെള്ളം തിളപ്പിക്കുകയാണ്. ഒന്നും ചോദിക്കേണ്ടതില്ല. എല്ലാ ദിവസവും ഇതേ സമയത്താണ് ഈ യാത്ര. പിച്ചളക്കുടത്തിൽ വെള്ളമെടുത്ത്, തോർത്തിന്റെ ഒരറ്റം തോളിലിട്ട് അവൾ മുത്തോരുടെ പിന്നാലെ നടന്നു.
വഴി വയൽവരമ്പിലൂടെയായിരുന്നുഅപ്പുറത്ത് അക്കരവിള. ഗ്രാമത്തിലെ പെണ്ണുങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന, പക്ഷേ ആരും പേരെടുത്ത് പറയാത്ത സ്ഥലം. പൊന്തക്കാടും കാട്ടുമുള്ളും കശുമാവിൻ തൈകളും നിറഞ്ഞ ഒരു തുണ്ട് ഭൂമി. ആണുങ്ങൾ അധികം വരാത്തതിനാൽ അതായിരുന്നു അവരുടെ ആശ്രയം.
"നീ അങ്ങോട്ടിരിക്ക്... ഞാൻ ഇങ്ങോട്ടിരിക്കാം." മുത്തോര് പതിവുപോലെ പറഞ്ഞു.
പാർവതി കുറ്റിക്കാടിന്റെ മറവിലേക്ക് നടന്നു. ഇരിക്കാൻ തുടങ്ങുമ്പോൾ ഇന്നലെ സന്ധ്യയിലെ വർത്തമാനം മനസ്സിലേക്ക് വന്നു.
---
ചാത്തൻപിള്ളയുടെ വീട്ടുമുറ്റത്ത് ആളുകൾ കൂട്ടംകൂടിയിരുന്നു. മദിരാശിയിൽ പഠിച്ചിട്ട് മടങ്ങിയെത്തിയ മകൻ രാഘവനെ കാണാൻ ഗ്രാമക്കാർ വന്നതായിരുന്നു. പട്ടണവിശേഷങ്ങൾ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്.
"അവിടെയൊക്കെ വീടിനനട് ചേർന്നുതന്നെ കക്കൂസുണ്ട്." രാഘവൻ പറഞ്ഞപ്പോൾ ചിലർ ചിരിച്ചു.
"വീടിനകത്തോ?"
"അതെ."
"അതെങ്ങനെയാടാ?"
"ഒരു മുറിയുണ്ടാകും. അതിനകത്ത് ചീനപ്പാത്രം പോലെ വെളുത്തൊരു സാധനം. അതിലിരുന്ന് കാര്യം കഴിഞ്ഞാൽ വെള്ളം ഒഴിക്കും. എല്ലാം താഴെക്കു പോകും."
"ദുർഗന്ധമില്ലേ?"
"ഇല്ല."
"കള്ളം!"
"കള്ളമല്ല. കോളേജിലെ ഹോസ്റ്റലിലൊക്കെ അങ്ങനെയായിരുന്നു." മുറ്റത്ത് അതുൾക്കൊള്ളാനുള്ള വിമുഖത,.. നിശ്ശബ്ദത,..
രാഘവൻ മെല്ലെ പറഞ്ഞു.
"അതാണ് ശുചിത്വം. രാത്രിയായാലും മഴയായാലും പെണ്ണുങ്ങൾ പേടിച്ചുകൊണ്ട് കാട്ടിലോട്ട് പോകേണ്ട കാര്യമില്ല."
അവൻ അത് സാധാരണപോലെ പറഞ്ഞു. പക്ഷേ പാർവതിയുടെ ഉള്ളിൽ എന്തോ തടഞ്ഞുവീണു.
"പെണ്ണുങ്ങൾ കാട്ടിലോട്ട് പോകേണ്ട..." ആ വാക്കുകൾ അവളുടെ മനസ്സിൽ മുഴുവൻ രാത്രി മുഴങ്ങിക്കൊണ്ടിരുന്നു.
ഒരു മൈന പറന്നുയർന്ന ശബ്ദം കേട്ട് അവൾ ഞെട്ടി. കുറ്റിച്ചെടികൾക്കിടയിലൂടെ ചുറ്റും നോക്കി. മഴക്കാലമായതുകൊണ്ട് പുല്ല് മുട്ടോളം വളർന്നിട്ടുണ്ട്.
പാമ്പുണ്ടോ?..ആരെങ്കിലും വരുന്നുണ്ടോ അകലെയൊരിടത്ത് മറ്റൊരു പെൺകുട്ടി ചുമയ്ക്കുന്ന ശബ്ദം, മറ്റൊരിടത്ത് കുടത്തിലെ വെള്ളം ചലിക്കുന്ന ഒച്ച. ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും പ്രഭാതം ഒരുപോലെയായിരുന്നു.
പാർവതിയുടെ കണ്ണുകൾ നിറഞ്ഞു. ഇതുവരെ അവൾ ഇതൊന്നും ചോദ്യം ചെയ്തിട്ടില്ല.
അമ്മയും ഇങ്ങനെയായിരുന്നു.
മൂത്തോരും ഇങ്ങനെയാണ്.
അയൽവീട്ടിലെ ചേച്ചിമാരും.
പക്ഷേ...
മദിരാശിയിൽ അങ്ങനെയല്ലത്രേ. അവൾ മെല്ലെ കണ്ണടച്ചു, മനസ്സിൽ മാത്രം പറഞ്ഞു.
"അമ്മേ ഭഗവതീ... എന്നെ മംഗലം കഴിക്കുന്ന വീട്ടിലും അങ്ങനെയൊരു കക്കൂസ് ഉണ്ടാകണേ... ചീനപ്പാത്രം പോലെ വെളുത്തത്... രാത്രിയിൽ പേടിക്കാതെ പോകാൻ പറ്റുന്ന... മഴയത്ത് ചെളിയിൽ കാൽ പൂഴ്ത്താതെ പോകാൻ പറ്റുന്ന... ആരെങ്കിലും കണ്ടുപോകുമോ എന്ന നാണമില്ലാത്ത ഒരിടം..."
പ്രാർത്ഥന തീർന്നപ്പോൾ അവൾക്ക് ഉള്ളിൽ ഒരു സമാധാനം തോന്നി. മുത്തവളുടെ വിളി കേട്ടു.
"പാറൂ... കഴിഞ്ഞില്ലേ?"
"ദാ വരണേ..." രണ്ടുപേരും വെള്ളമൊഴിച്ച് മടങ്ങി. വഴിയിൽ മുത്തോർ ചോദിച്ചു.
"ഇന്നലെ ചാത്തൻപിള്ളേടെ മോൻ പറഞ്ഞത് കേട്ടോ?"
"കേട്ടു."
"അങ്ങനെയൊക്കെ ശരിക്കുമുണ്ടാവുമോ?" പാർവതി ആകാശത്തോട്ട് നോക്കി. വെളിച്ചം മെല്ലെ പരക്കുന്നു.
"ഉണ്ടാവും.എന്നെ മംഗലം കഴിക്കണ വീടർക്ക് ഉണ്ടാവും.."
അവൾ പതുക്കെ പറഞ്ഞു. മുത്തോർ ചിരിച്ചു.
"നിനക്കിപ്പഴേ മംഗലവീടിന്റെ ചിന്ത." പാർവതി ചിരിച്ചില്ല. അവൾക്ക് മംഗലവീടിനെക്കാൾ വലിയൊരു സ്വപ്നമായിരുന്നു അത്. ആദ്യമായി, സ്വന്തം ശരീരത്തിന് നാണമില്ലാതെ ഇടം കിട്ടുന്ന ഒരു വീട്.
വർഷങ്ങൾക്കുശേഷം അക്കരവിളയിലെ പൊന്തക്കാട് വെട്ടിത്തെളിച്ചു. അവിടെ വീടുകൾ വന്നു. ഓരോ വീടിനും ഓരോ ശുചിമുറി. ചീനപ്പാത്രം പോലെ വെളുത്ത ക്ലോസറ്റുകൾ.
Comments