വീണ്ടും ജനിക്കാത്ത വാക്കുകൾ
"എന്റേതായിട്ട് ഒരു നിമിഷമെങ്കിലും എനിക്ക് നിന്നെ തരുമോ...?" അവൾ അത് ചോദിച്ചത് വളരെ പതിയെയായിരുന്നു.
ഒരാളെ ഉണർത്താതെ ഉറക്കത്തിനുള്ളിൽ വിളിക്കുന്നതുപോലെ.
ഒരു മഴത്തുള്ളി ഇലയോട് രഹസ്യം പറയുന്നതുപോലെ.
അവളുടെ ശബ്ദത്തിൽ ആവശ്യപ്പെടലുണ്ടായിരുന്നില്ല. അവകാശവാദമുണ്ടായിരുന്നില്ല. വർഷങ്ങളോളം ഉള്ളിൽ ചുമന്നിരുന്ന ഒരു ചെറിയ ആഗ്രഹം മാത്രം.
അവൻ അവളുടെ അരികിലൂടെ നടക്കുകയായിരുന്നു.
കൈയിൽ മൊബൈൽഫോൺ. മനസ്സിൽ നാളെയുടെ കണക്കുകൾ. കണ്ണുകളിൽ പൂർത്തിയാകാത്ത ജോലികളുടെ തിരക്ക്. അതേസമയംതന്നെ റോഡിലൂടെ ഒരു വലിയ ലോറിയും ഇരമ്പിപ്പാഞ്ഞത്. ആ ശബ്ദം അവരുടെ ഇടയിലൂടെ ഒരു മതിൽ കെട്ടി.. അവൾ പറഞ്ഞ വാക്കുകൾ ആ ഇരമ്പലിൽ അലിഞ്ഞുപോയി.
അവൻ ഒന്നും കേട്ടില്ല..... അതിനാൽതന്നെ "എന്താ...?" എന്ന് പോലും ചോദിച്ചില്ല. വാഹനം കടന്നുപോയപ്പോൾ പൊടി പതിയെ അടങ്ങിയിരുന്നു. പക്ഷേ, അവളുടെ മനസ്സിൽ പൊങ്ങിയ അരക്ഷിതാവസ്ഥയുടെ പൊടി ഒരിക്കലും അടങ്ങിയില്ല.
"വീണ്ടും പറയാം..." എന്ന് അവൾ കരുതി...പിന്നെ വേണ്ടെന്ന് വെച്ചു. കാരണം, മനസ്സിൽ നിന്ന് പൊട്ടിവീഴുന്ന ചില വാക്കുകൾക്ക് ഒരേയൊരു ജന്മമേയുള്ളൂ. ആദ്യമായി അത് കേൾക്കപ്പെടാതെ പോയാൽ, അവ രണ്ടാമതൊരിക്കലും ചുണ്ടിലേക്കു മടങ്ങിവരില്ല.
കാലങ്ങൾ കടന്നുപോയി. അവർ ഇന്നും ഒരുമിച്ചായിരുന്നു. ഒരുമിച്ചിരുന്നിട്ടും ഒരുപക്ഷെ ഒരുമിച്ചല്ലായിരുന്നു. ഒരേ വീട്ടിൽ രണ്ട് മുറികളായി. ഒരേ മഴ നനഞ്ഞിട്ടും രണ്ട് കാലാവസ്ഥകളായി... ഒരേ ഭൂഖണ്ഡത്തിലെ രണ്ട് ൠതുക്കളായി... അവൾക്ക് അവനിൽ നിന്ന് വലിയ സ്വപ്നങ്ങളൊന്നും വേണ്ടായിരുന്നു. ലോകം ചുറ്റിക്കാണിക്കണമെന്നുമില്ല. വിലകൂടിയ സമ്മാനങ്ങളോ ആഘോഷങ്ങളോ അവൾ ചോദിച്ചിട്ടില്ല. അവൾ ആഗ്രഹിച്ചത് ഇത്രമാത്രം..
-ഒരു സായാഹ്നത്തിലെങ്കിലും... ഫോൺ മാറ്റിവെച്ച്, ഘടികാരസ്പന്ദനങ്ങളെ മറന്ന്, ഓഫീസ് തിരക്കുകൾ ഒഴിച്ചുവച്ച്, ലോകത്തിന്റെ തിരക്കുകളെ പുറത്തുനിർത്തി,
"ഇപ്പോൾ ഞാൻ നിന്റേതാണ്..." എന്ന് പറയുന്ന ഒരു നിമിഷം... ആ നിമിഷത്തിനാണ് അവളുടെ കാത്തിരിപ്പ്.....
പക്ഷേ ചില മനുഷ്യർ ജീവിതം മുഴുവൻ നമ്മുടെ അരികിലുണ്ടാകും. നമ്മുടെ പേരിൽ ബാങ്ക് അക്കൗണ്ട് നിറക്കും. നമ്മോടൊപ്പം ഫോട്ടോകൾ എടുക്കും. ഉത്സവങ്ങൾ ആഘോഷിക്കും. ബന്ധങ്ങളുടെ എല്ലാ ചടങ്ങുകളിലും പങ്കെടുക്കും.
എന്നിട്ടും... അവരുടെ സമയത്തിൽ നമുക്കായി ഒരു നിമിഷം പോലും ഉണ്ടാകില്ല.
വർഷങ്ങൾക്കുശേഷം, അവൻ അവളുടെ പഴയ ഡയറി തുറന്നത് യാദൃച്ഛികമായിരുന്നു. മഞ്ഞനിറം പിടിച്ച ഒരു താളിൽ തീയതിയൊന്നുമില്ലാതെ ഒരേയൊരു വരി മാത്രം.
"എന്റേതായിട്ട് ഒരു നിമിഷമെങ്കിലും എനിക്ക് നിന്നെ തരുമോ..."
അതിനുതാഴെ മഷി പടർന്നിരുന്നു...അത് കണ്ണുനീരായിരുന്നോ, അതോ പറയാനാകാതെ, എഴുതുമ്പോൾ വിറച്ച വിരലുകളുടെ അടയാളമായിരുന്നോ, അവനറിയില്ല.
ആ നിമിഷം അവന്റെ സ്മരണകളിൽ അവളുടെ ആത്മാവിന്റെ ചിറകടിയൊച്ച പതിയെയണഞ്ഞു... അവനെന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു.
തിരക്കേറിയ ഒരു റോഡ്... ഒരു വലിയ വാഹനത്തിന്റെ ഇരമ്പൽ... എന്തോ അവൾ പറഞ്ഞിരുന്നു... പക്ഷേ എന്താണ് പറഞ്ഞതെന്ന് ഓർമ്മയില്ല. ജീവിതത്തിൽ ആദ്യമായി അവൻ ആ നിശ്ശബ്ദത കേട്ടു. അവൾ അപ്പോഴേക്കും അവന്റെ മുന്നിലില്ലായിരുന്നു.
അവൾ പോയത് മരണം കൊണ്ടായിരുന്നോ,..? ജീവിതം മടുത്ത് അകന്നതുകൊണ്ടായിരുന്നോ,..?
ആ ചിന്തകൾക്കിനി പ്രസക്തിയില്ല.
കാരണം, ചില നഷ്ടങ്ങൾക്ക് കാരണം അറിയുന്നതുകൊണ്ട് ഒന്നും തിരികെ കിട്ടില്ല. ജീവിതത്തിൽ ഏറ്റവും വലിയ ശബ്ദം ഇരമ്പികടന്നുപോകുന്ന വാഹനങ്ങളുടേതല്ല... ഹുങ്കാരമുയർപ്പിപ്പിളരുന്ന ഇടിമുഴക്കമോ ഉഗ്രസ്ഫോടനമോ അല്ല... അത് നമ്മളെ സ്നേഹിക്കുന്ന ഒരാളുടെ കേൾക്കാതെ പോയ ഒരു വാചകത്തിന്റെ നിശ്ശബ്ദതയാണ്...അത് ഒരിക്കൽ നമ്മെ മറികടന്നുപോയാൽ, പിന്നെ ജീവിതം മുഴുവൻ ആ നിശ്ശബ്ദതയുടെ പിന്നാലെ ഓടിയാലും അതിനെ ഒരിക്കലും പിടികൂടാനാവില്ല.
Reserved ©️.
Comments