കൂപമണ്ഡൂക കാഹളം
അടിയാന്റെ അരക്ഷിതാവസ്ഥ,
കടമെടുത്ത മഷിയായിരുന്നു
യുവകവിത്വത്തിന്റെ തൂലികയിൽ..
വിപ്ലവചിന്തുകളുടെ
വേരും നീരുമായിരുന്നന്ന്
യുവകവിത...
അടിയിൽ കരിഞ്ഞ
അവിയൽ മണത്തിന്റെ
സ്വോദു നോക്കിയിരുന്നില്ലന്ന്
തുച്ഛമെന്നാകിലും
പെണ്ണാളെഴുത്തുകൾ...!
അടുക്കളയിൽ നിന്നരങ്ങുകണ്ട
പെൺകവിതകളൊന്നുമേ,
കക്ഷം വിയർക്കാത്ത നമ്പൂതിരിഫലിതങ്ങളായില്ല...!
ഉണ്ടുറങ്ങി തിണ്ണനിരങ്ങിയ,
മേലാളോച്ഛിഷ്ടവുമായില്ല.
അച്ഛനുമാശാനും¹ പകർന്ന
അക്ഷരവെട്ടത്തിലടയിരുന്നുവിരിഞ്ഞ,
പുതുവാക്കുകളെല്ലാം
മാനവഗീതികളായിരുന്നു.
സാഹോദര്യത്തിന്റെ സപര്യകളും..
ഗാന്ധിമുതലയ്യൻ²വരെ
പാടിപ്പുകഴ്ത്തലുകളായില്ല..
പാടിപതിക്കയായിരുന്നാ
വിപ്ലവപ്പദങ്ങൾ...
അക്ഷരമറിയാത്തവനിലേക്കും.
പ്രതിഷേധത്തിന്റെ പടവാളുകൾ.
പടപ്പാട്ടുപോലെ...
മലയാളമൊരു
അയഥാർത്ഥ കുബേരത്വത്തിലാണിന്ന്.
യുവകവിയുടെ തൂലികയിൽ
ലഹരിയും പ്രണയവും
വിരഹവും നിരാശയും മാത്രം.
കരഞ്ഞുതീർക്കുന്ന കഴുതകൾ.
പെണ്ണെഴുത്താളൊരു
ഇക്കിളിപ്പുസ്തകംപോലെ...
രതികഥയും കഥയില്ലായ്മയും
തുറന്നെഴുത്തെന്നപേരിട്ട്
ആത്മരതികൊളളുന്നവൾ..
അതേ
മലയാളമൊരുത്തമോത്തമ
തമോഗർത്തത്തിലാണ് ഹേ..
കൂപമണ്ഡൂകകാഹളം
"നവോത്ഥാനമെന്നുമൊരു പേർ".
....... Sreekumar Sree
1. എഴുത്തച്ഛൻ കുമാരനാശാൻ
Comments