കഥയില്ലായ്മകൾ


​ജനൽചില്ലുകളിൽ വെയിലിന്റെ അവസാന കിരണങ്ങളും മാഞ്ഞുതുടങ്ങിയിരുന്നു. മുറിയിലാകെ പടർന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ടാണ് അവൾ ചോദിച്ചത്:
​"എന്താ... കഥയൊന്നും എഴുതുന്നില്ലേ ഈയിടെയായി?"

​അവൻ പത്രം മടക്കിവെച്ച് അവളെ ഒന്ന് നോക്കി. മുഖത്ത് ചെറിയൊരു പരിഭവം നിഴലിക്കുന്നുണ്ട്. "എന്തിന്? നിന്റെ വായന കഴിഞ്ഞിട്ട് കാലം കുറെയായല്ലോ. അതുകൊണ്ട് നിനക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലല്ലോ..?"
​അവളൊന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിരുന്നു. "എന്റെ ചങ്ങാതി ഇപ്പൊ വഴക്കിനാണോ വരുന്നത്?"
​"അല്ല... ഞാനെഴുതുന്നതൊന്നും നിനക്ക് അത്ര പഥ്യമല്ലല്ലോ," അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
​"അതുപിന്നെ... ഇഷ്ടമായില്ലെങ്കിൽ ഞാൻ 'നോ' പറയും. അതിലെന്താ തെറ്റ്?" അവൾ സോഫയിലിരുന്ന് കാലുകൾ ആട്ടി.
​"ആയ്ക്കോട്ടെ.. നീ പലപ്പോഴും മനപ്പൂർവ്വം 'നോ' പറയാറുണ്ട്. അതെനിക്ക് അറിയാം," അവൻ ഗൗരവം വിടാതെ പറഞ്ഞു.
​അവൾ എഴുന്നേറ്റ് അവന്റെ അരികിൽ വന്ന് നിന്നു. ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു, "അത് ഇഷ്ടം കൂടീട്ടാ ചങ്ങാതീ... നിന്റെ വരികളിലെ പ്രണയം എന്നെ തോൽപ്പിച്ചു കളയുമോ എന്ന പേടിയുണ്ട് എനിക്ക്."
​അവൻ ഒന്ന് നിശ്വസിച്ചു. "ഉം... മതി. ഞാൻ കഥയെഴുത്ത് നിർത്തി. ഇനി പേടിക്കണ്ട."
​അവൾ കൈകൾ കൂട്ടിപ്പിടിച്ച് നാടകീയമായി പറഞ്ഞു, "ഹോ... ആശ്വാസം! പക്ഷെ ലോകത്തിന് ഒരു മഹാനായ എഴുത്തുകാരനെ നഷ്ടപ്പെടുത്തിയതിന് നാളെ ലോകം എന്നെ കുറ്റപ്പെടുത്തരുത്, അത്രയേ ഉള്ളൂ."
​അവൻ കസേരയിൽ പിന്നിലേക്ക് ചാഞ്ഞിരുന്ന് ചിരിച്ചുപോയി. "ഇല്ല... എന്റെ ആത്മഹത്യാക്കുറിപ്പിൽ നിന്ന് നിന്നെ ഞാൻ എന്തായാലും ഒഴിവാക്കിയിരിക്കും. തീർച്ച!"
​"ആഹാ! ഔദാര്യത്തിന് നന്ദി പ്രിയപ്പെട്ട ഷേക്സ്പിയർ! ഇതിന് പകരമായി ഞാൻ എന്ത് പ്രത്യുപകാരം ചെയ്യണം?" അവൾ തല ചരിച്ചുകൊണ്ട് ചോദിച്ചു.
​അവൻ ജനലിലൂടെ പുറത്തെ ആകാശത്തേക്ക് നോക്കി. "നല്ലൊരു കട്ടൻകാപ്പിയായാൽ നന്ന്..."
​പുറത്ത് ആകാശം വേനൽമഴയ്ക്ക് ഇരുണ്ടു വരുന്നുണ്ടായിരുന്നു. "മഴ പെയ്യട്ടെ... കട്ടൻകാപ്പിയോടൊപ്പം നല്ല ചൂടുള്ള പരിപ്പുവട കൂടി തരാം," അവൾ വാഗ്ദാനം ചെയ്തു.
​"പക്ഷെ മഴയ്ക്ക് മൺസൂൺ വരെ കാക്കണ്ടേ?" അവൻ സംശയത്തോടെ ചോദിച്ചു.
​അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ തിരിഞ്ഞുനോക്കി പറഞ്ഞു, "ചായപ്പൊടിക്കും പഞ്ചസാരയ്ക്കും അതിനെക്കാൾ കാത്തിരിപ്പു വേണ്ടിവരും മാഷേ... കാരണം രണ്ടും തീർന്നുപോയി!"
​അവന്റെ ചിരി മുറിക്കുള്ളിൽ മുഴങ്ങി. പുറത്ത് ആദ്യത്തെ മഴത്തുള്ളി മണ്ണിൽ വീണപ്പോൾ പടർന്ന മണത്തിന് പ്രണയത്തിന്റെ ഗന്ധമായിരുന്നു.
Sreekumar Sree

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

കാളകൾ ഒരു പഠനം