വിജയം
ആദിമ ഗുഹകളുടെ ഇരുള്‍മുനമ്പിൽ
ആദ്യജ്വാല കത്തിയ നാളുമുതൽ
മനുഷ്യഹൃദയത്തിന്റെ ചൂടിൽ പിറന്നു,
വാളിന്റെ കഥയും രക്തഗാഥയും.
കല്ലൊരുക്കി കുന്തമാക്കി,
കോപം തീരാത്ത തീയായി;
വിജയമെന്ന മരീചിക തേടി,
വംശങ്ങൾ വീണു,
രാജ്യങ്ങൾ ചാരമായി.
കാലം കടന്നുപോകെ,
കുതിരപ്പുറത്തെ കാഹളം
പീരങ്കിയുടെ ഗർജ്ജനമായി..
യന്ത്രങ്ങളുടെ ശീതലത്താൽ
ജീവന്റെ ചൂട് നിശ്ശേഷം കെടുത്തപ്പെട്ടു.
കൊടിയേറ്റങ്ങൾ ഉയർന്നും വീണും
ഭൂപടങ്ങൾ പുനർരചിക്കപ്പെട്ടു;
എന്നാലും ഭൂമിയുടെ കണ്ണുനീർ
ഒരു അതിരും അംഗീകരിച്ചില്ല.
വിജയത്തിന്റെ മാളിക പണിതവർ
ശവകുടീരങ്ങളിൽ ഉറങ്ങിപ്പോയി;
ചരിത്രം സ്വർണാക്ഷരങ്ങളിൽ എഴുതി..
പക്ഷേ വേദന രക്താക്ഷരത്തിൽത്തന്നെ നിലനിന്നു.
"ഓരോ യുദ്ധവും ഒരു തുടക്കമത്രേ,
അവസാനമെന്നത് ഒരു മിഥ്യാഭ്രമം;"
ശാന്തിതേടിയ പാതകളിൽ പോലും
ചുവന്ന പാടുകൾ മാത്രം പടർന്നു.
മനുഷ്യൻ ജയിച്ചതെന്ത്?
ജയിച്ചതെന്ന്...?
ചിതലായ ഭൂമിയും ചിന്നിച്ചിതറിയ സ്വപ്നങ്ങളും;..
നഷ്ടപ്പെട്ട ഹൃദയങ്ങളുടെ നിലവിളി മാത്രം
കാലത്തിന്റെ ശൂന്യതയിൽ മുഴങ്ങുന്നു.
ശതാബ്ദങ്ങൾ സാക്ഷിയായി നിൽക്കുമ്പോൾ
സത്യം ഒറ്റവാക്കിൽ തെളിയുന്നു: ഓർക്കുക..
"യുദ്ധം ഇന്നുവരെ
ഈ ലോകത്തിന് ഒരു പരിഹാരവും നൽകിയിട്ടില്ല."
Comments