പനിനീർപ്പൂവ്
#പനിനീർപ്പൂവുകൾ..
-1-
"നിനക്കിഷ്ടമുള്ള പൂവ് ഏതാണ്..?."
"ഡാലിയ... അറിയില്ലേ... ചിറകുവിരിച്ചപോലെ ചുറ്റിലേക്ക് വിടർന്ന ഇതളുകളോടെ അതു പുഞ്ചിരിക്കുന്നത്..." അവളുടെ മറുപടി പെട്ടെന്നായിരുന്നു..
"അപ്പോൾ നിനക്ക് പനിനീർപ്പൂക്കളെ ഇഷ്ടമല്ലേ..?"
"അല്ലല്ലോ.. തീർച്ചയായും ഇഷ്ടമല്ല.. എത്ര സുഗന്ധം പരത്തിയാലും എത്ര നയനഹാരിയാകിലും എനിക്കതിനെ ഇഷ്ടമില്ല ഇഷ്ടമേ ഇല്ല.."
"കാരണം.. വെറുക്കാനുള്ള കാരണം.?"
"വെറുപ്പല്ല എനിക്കതിനോട് നിസ്സംഗത മാത്രമാണ്.. കാരണം ചെമ്പനീർപ്പൂക്കളെ നിങ്ങൾ കവികൾ വാഴ്ത്താറില്ലേ..? ഹൃദയമായി പ്രണയമായി.. പ്രാണപുഷ്പമായി.. അതുതന്നെയാണ് കാരണം.."
"അതേ വാഴ്ത്താറുണ്ട്.. എന്തിനാണതിലിത്ര അസഹിഷ്ണുത..? പ്രഭാതത്തിലെ മഞ്ഞുതുള്ളികളാൽ അലംകൃതമായ ഒരു ചെമ്പനീർ പുഷ്പത്തെ നീ കണ്ടിട്ടുണ്ടോ..? എത്ര മനോഹരമാണാ കാഴ്ച..!! മുറ്റം നിറഞ്ഞ് എന്റെ ജാലകപ്പഴുതിലൂടെ ആ ഗന്ധമെന്റെ മുറിയിലേക്ക് പരിലസിക്കുമ്പോൾ.. മനസ്സെത്ര ഉന്മേഷമാകുമെന്നോ... ?
പ്രണയത്തെ സ്നേഹത്തെ ഹൃദയത്തെ വർണ്ണിക്കാൻ, ഉപമിക്കാൻ ഹൃദയംപോലെ ഹൃദ്യമായ മറ്റേതു പൂവാണുള്ളത്...?"
" അതു നിങ്ങൾ മലയാളി കവികളുടെ മാത്രം ദൗർബല്യം.. ഞാൻ കണ്ട പനനീർപ്പൂക്കളെല്ലാം ദലപുടങ്ങൾക്കുള്ളിൽ പുഴുക്കളെ ഒളിപ്പിച്ചവയായിരുന്നു.. അവയെല്ലാം പുറമെയുള്ള ഗന്ധങ്ങൾക്കുള്ളിൽ കൂർത്ത മുള്ളുകളൊളിപ്പിച്ചിരുന്നു.. കേവലരായ സ്ത്രീകളായ ചപലകളോ അബലകളോ ആയവരെപ്പോലെ..."
"വിമർശനാത്മകമായാണെങ്കിലും നീയിപ്പോൾ ചെമ്പനീർപൂക്കളെ സ്ത്രീയോടുപമിച്ചിരിക്കുന്നു.. ഭാഗ്യം.. ഉപമയും ബിംബകൽപ്പനയും കാല്പനികഭാവവുമാണ് കവിത്വവും കവി ദർശനവും.. അപ്പോൾ അകംകളങ്കങ്ങളല്ല കവി വാഴ്ത്തുക.. പുറംഭംഗികൾ തന്നെയാണ്.."
"പുറംഭംഗികൾ കൂടുതലുള്ള എത്രയെത്ര പുഷ്പങ്ങളുണ്ട് ഈ ഭൂമിയിൽ പിന്നെന്തിനാണ് ചെമ്പനീർപ്പൂവിനിത്ര മേന്മ..?"
"നോക്ക് ഒരു ചെമ്പനീർ പൂവുചൂടിയ പെണ്ണ്... ആ ഭാവനതന്നെ കവിമാനസങ്ങളെ തരളിതമാക്കുന്നു.... സാഹിത്യവിരോധിയായ നിനക്കത് ഊഹിക്കാൻ പോലുമാകില്ല.."
"ആയ്ക്കോട്ടെ.. എന്നെങ്കിലും നിങ്ങൾ കവി, കുട്ടിയായിരുന്നപ്പോഴോ... കൗമാരത്തിലോ ഒരു ചെമ്പനീർ പൂവിനെ നെടുകെ ഛേദിച്ചു പഠിച്ചിട്ടുണ്ടോ...? ഇല്ല.. എന്തുകൊണ്ട്..? പ്രത്യുദ്പാദനമെന്ന മഹത് പ്രക്രിയ ആ ചെടിയുടെ പൂവിലുടെ സംഭവിക്കുന്നില്ല... എന്നാൽ ചെമ്പരത്തിയിലോ.. അതിലുമില്ല.. എന്നിട്ടും നമ്മൾ ചെമ്പരത്തിപ്പൂവിനെ നെടുകെ ഛേദിച്ച് സസൂഷ്മം നിരീക്ഷിച്ച് പഠിക്കുന്നു എന്തിന്... ഒരു ചെമ്പരത്തിപ്പൂവിനെ ചെമ്പനിനീരിനൊപ്പം വാഴ്ത്തിപ്പാടാറുണ്ടോ..? ഇല്ല എന്തുകൊണ്ട് ഒന്നുമാത്രമാണുത്തരം.. പരിചരണവും പരിലാളനുമുള്ളവയ്ക്ക് തലോടലും ബിംബകല്പനയും.. വേലിപ്പടർപ്പിനൊപ്പം സ്ഥാനമുള്ളവർക്ക് അതില്ല... ശരിയല്ലേ,?.
"ഇതിപ്പോൾ ദാർശനികമാണോ..? അതോ മുട്ടാത്തർക്കമോ എന്നതാണ് എന്റെ സംശയം"
"രണ്ടുമല്ല സ്ത്രീജന്മത്തിന്റെ രണ്ടു വശങ്ങളാണിത്.. നിങ്ങളുടെ ഭാഷയിൽ ബിംബകല്പനയോ ഉപമയോ.. ഏതുമാകാം.. ഓർക്കുക പൂക്കളെല്ലാം പൂക്കളാണ് പലനിറത്തിൽ പലഭാവത്തിൽ പലതരത്തിൽ അവ ദിനവും പുഞ്ചിരിക്കുന്നു.. നിങ്ങൾ മനുഷ്യർ ചിലതിനെ തലോടുന്നു ചിലതിനെ പരിരക്ഷിക്കുന്നു ചിലതിനെ വാഴ്ത്തുന്നു... പക്ഷെ പലതിനെയും അവഗണിക്കുന്നു.. തല്ലിവീഴ്ത്തുന്നു നിഷ്കരുണം ചവിട്ടിമെതിക്കുന്നു... സ്ത്രികളും അതുപോലാണ്.. പലരൂപത്തിൽ പലവർണ്ണത്തിൽ പലഭാവങ്ങളിൽ... ഭൂമിയിൽ ജനിച്ചുപോകുന്നു.. ജീവിക്കാൻ കൊതിക്കുന്നു...
പക്ഷെ നിങ്ങൾ... തല്ലിവീഴ്ത്തുകയാണ് ചിലരെ, എന്നും എപ്പോഴും.. വാഴ്ത്തിപ്പാടാനെഴുതുന്ന തൂലികത്തുമ്പിനാലെ കുത്തിവീഴ്ത്തുന്നു.. ഒരിറ്റ് രക്തംചിന്താതെ കൊന്നുതള്ളുന്നു... "
"................."
" എന്താണിപ്പോൾ കവിക്കൊരു ദീർഘമൗനം..? പുതിയ കവിതയ്ക്ക് വിഷയം ലഭിച്ചുവോ... കപടസ്നേഹം വാഴ്ത്തിപ്പാടാൻ ഉദാത്തമായ പദങ്ങൾക്കായി ആലോചനയിലാണോ...?
ആയ്ക്കോട്ടെ.. പുതിയ വായനയ്ക്ക് പുലരുമ്പോൾ ഞാനുമുണ്ടാകും 'ആഹാ മനോഹരം മാഷെ' എന്ന ആദ്യകമന്റും അതിൽ ഹൃദയത്തിന്റെ നാലു ചുവപ്പൻ ചിഹ്നങ്ങളും എന്റേതായിരിക്കും.. ഞാൻ പോകുന്നു..."
അഴിഞ്ഞുലഞ്ഞ കേശഭാരം കെട്ടിവച്ച് വേഴ്ചയ്ക്കുമുമ്പ് കട്ടിൽത്തലയ്ക്കലഴിച്ചുവച്ച തന്റെ സുതാര്യമായ വസ്ത്രങ്ങളണിഞ്ഞ് തല ചെരിച്ചൊന്നുകൂടി നോക്കിയിട്ട് നയനങ്ങൾക്കുള്ളിലെവിടെയോ നിദ്രയുടെ ആരംഭത്തിൽ ഞാൻ ചാരിയിട്ട വാതിൽത്തുറന്ന് എന്റെ ഉപബോധത്തിൽനിന്ന് അവളിറങ്ങിപ്പോയി....!!
:പ്രഭാത്തിൽ ഇളം മഞ്ഞേറ്റുവിടർന്ന ചെമ്പനീർപ്പൂവിന്റെ ഗന്ധമാണ് വിളിച്ചുണർത്തിയത്... മുറ്റത്തുവിടർന്ന പൂവ് പതിവുപോലെ തലയാട്ടി ചിരിക്കുന്നു.. അല്പമകലെ വേലിക്കരുകിൽ വിടർന്ന് അഞ്ചിതളുള്ളൊരു ചെമ്പരത്തിയും.
-2-
അവൾ പടിയിറങ്ങിപ്പോയ മൗനത്തിലേക്ക് വെളിച്ചം ഇരച്ചുകയറി. ജനാലയ്ക്കൽ കാത്തുനിന്ന പനിനീർപ്പൂവിന്റെ ഗന്ധത്തിന് പെട്ടെന്ന് ഒരു വല്ലാത്ത കടുപ്പമുള്ളതുപോലെ. അത് ശ്വാസം മുട്ടിക്കുന്നുവോ?
കുളിക്കടവിലേക്കുള്ള നടപ്പാതയിൽ ചവിട്ടിമെതിക്കപ്പെട്ടുകിടക്കുന്ന ഇലകൾക്കും പൂക്കൾക്കും അവൾ പറഞ്ഞ ആ 'ചെമ്പരത്തിയുടെ' പരിഗണന പോലുമില്ലെന്ന് ഞാനോർത്തു. ഒരു കവിതയെഴുതാൻ ഫോണിലെ എഴുത്തുസംവിധാനം തുറന്നപ്പോൾ വിരലുകൾ വിറച്ചു. അവൾ പറഞ്ഞത് ശരിയാണ്, ഞാനൊരിക്കലും ഒരു പൂവിനെ കീറിമുറിച്ചു പഠിച്ചിട്ടില്ല. അതിന്റെ ഉള്ളിലെ വിത്തുകളെപ്പറ്റിയോ, പുഴുക്കളെപ്പറ്റിയോ വേവലാതിപ്പെട്ടിട്ടില്ല. എന്റെ വരികളിൽ അവ സുഗന്ധം മാത്രം പരത്തുന്ന നിർജ്ജീവമായ ബിംബങ്ങളായിരുന്നു.
മേശപ്പുറത്തിരുന്ന ചായക്കപ്പിൽ നിന്ന് ആവി ഉയരുന്നു. ചായയിലെ മധുരത്തേക്കാൾ നാവിൽ തടഞ്ഞത് അവൾ അവശേഷിപ്പിച്ചുപോയ കയ്പുള്ള സത്യങ്ങളായിരുന്നു.
"ശ്രീധരൻ മാഷേ..."
വേലിക്കൽ നിന്ന് അയൽപക്കത്തെ എട്ടാംക്ലാസ്സുകാരൻ വിളിക്കുന്നു.
"എന്താടാ..?"
"മുറ്റത്തെ ആ ചുവന്ന പൂവ് ഒന്ന് തരുമോ? സ്കൂളിൽ ഇന്നതിനെ നെടുകെ മുറിച്ചു പഠിക്കാനുണ്ടെന്ന് ടീച്ചർ പറഞ്ഞു..."
അവൻ വിരൽ ചൂണ്ടിയത് പനിനീർപ്പൂവിനെയല്ല, ദൂരെ അവഗണനയോടെ നിന്ന ആ അഞ്ചിതൾ ചെമ്പരത്തിയെയായിരുന്നു. ഒരു നിമിഷം ഞാൻ തരിച്ചുനിന്നു.
അവൾ പറഞ്ഞ ആ 'സസൂക്ഷ്മ നിരീക്ഷണം' എന്റെ കൺമുന്നിൽ സംഭവിക്കുന്നു. അലങ്കാരമാകാൻ പനിനീർപ്പൂവും, അറിവാകാൻ ചെമ്പരത്തിയും!
ഞാൻ മെല്ലെ പുറത്തിറങ്ങി. ചെമ്പരത്തിപ്പൂവ് അടർത്തുമ്പോൾ അതിന്റെ ഞെട്ടിൽ നിന്ന് ഒരിറ്റ് കറ എന്റെ വിരലിൽ പറ്റി. രക്തം പോലൊരു പശിമ. അത് പനിനീർപ്പൂവിന്റെ ഗന്ധത്തേക്കാൾ സത്യസന്ധമാണെന്ന് എനിക്ക് തോന്നി.
തിരികെ മുറിയിലെത്തി ഫോണെടുത്ത് സോഷ്യൽ മീഡിയ തുറന്നു. രാത്രിയിൽ എഴുതിവെച്ച വരികൾ അവിടെയുണ്ട്:
"പ്രിയേ, നീയെന്റെ ഹൃദയത്തിലെ പനിനീർപ്പൂവ്..."
അറപ്പോടെ ഞാനത് മായ്ച്ചുകളഞ്ഞു. പകരം പുതിയൊരു വരി കുറിച്ചു:
"പൂവുകൾക്കെല്ലാം ഒരേ നിറമാണ്... അവ ചവിട്ടിമെതിക്കപ്പെടുമ്പോൾ പുറത്തുവരുന്ന കറയുടെ നിറം!"
അല്പസമയത്തിനകം നോട്ടിഫിക്കേഷൻ ശബ്ദിച്ചു. ആദ്യത്തെ കമന്റ് എത്തിയിരിക്കുന്നു. നാല് ചുവന്ന ഹൃദയചിഹ്നങ്ങൾക്കൊപ്പം അവൾ കുറിച്ചു:
"മാഷെ... ഇന്ന് കവിതയ്ക്ക് ഒരല്പം മണ്ണറിവുണ്ടല്ലോ!"
പുറത്ത് കാറ്റിൽ പനിനീർപ്പൂവിന്റെ ഇതളുകൾ കൊഴിഞ്ഞു വീഴുന്നുണ്ടായിരുന്നു. മണ്ണിൽ വീണപ്പോൾ അതിന് സുഗന്ധമില്ലാതായിരിക്കുന്നു, വെറുമൊരു കരിയിലയുടെ മരവിപ്പ് മാത്രം... അറിവിന്റെ അമൃത് പകർന്നു നൽകാൻ മുറിവേറ്റ് പഠനമേശയിൽ കിടന്ന ചെമ്പരത്തിപ്പൂവിനെപ്പോലെ ജീവിതം എത്ര ലളിതമാണ്, സത്യങ്ങളും.
Sreekumar Sree
Comments