ചില്ലറയാക്കാത്ത സ്മരണകൾ
ചില ഓർമ്മകൾ
നിസ്കാരപ്പായ
ചുരുട്ടിവെച്ചിരിക്കുന്നതുപോലെ എപ്പോൾ വേണമെങ്കിലും
വിരിച്ചിടാവുന്നവയാണ്…
ആത്മ സ്നേഹിതന്റെ
ഉമ്മ അടുപ്പിൽ ഇളക്കുന്ന
നെയ്ച്ചോറിന്റെ വാസനയിൽ
ഇപ്പോഴും എന്റെ ബാല്യം തിളയ്ക്കാറുണ്ട്...
കാരപ്പഴപ്പാത്രത്തിനരികിൽ
അവനൊപ്പം വിശപ്പും പ്രാർത്ഥനയുമായി കാത്തുന്നിന്നു,
നോമ്പുതുറയുടെ വാങ്കുകേൾക്കാൻ..
മഗ്റിബ് ബാങ്ക്
ആകാശം തുറന്നുതരുമ്പോൾ
അവന്റെ ഉപ്പാപ്പയുടെ
താടിരോമം അപ്പൂപ്പൻ താടിപോലെ,
ആകാശത്തേയ്ക്ക്
പറക്കാനായുന്നതു കാണാം.
കുഞ്ഞായിരുന്നപ്പോൾ
ലോകം മുഴുവൻ
ആ ഉമ്മവീടിന്റെ മുറ്റമായിരുന്നെന്ന്
ഞാനിന്നും കരുതുന്നു.
മുറ്റത്തെ മണലിൽ വീണ്
കണ്ണീർ പൊടിഞ്ഞാൽ
ഉമ്മയുടെ സ്നേഹമുദ്രകൾ
മരുന്നായിരുന്നു..
"ദു'ആ"യുടെ ചൂടിൽ
വേദനകൾ വറ്റിപ്പോയ കാലം…
ഓർത്തെടുക്കാൻ
ശ്രമിക്കുമ്പോൾ
വിരലുകളിൽനിന്ന്
വഴുതി പോകുന്ന
തസ്ബീഹ്(Tasbeeh) മണികൾ
പോലെയാണ്
ആ സുഖങ്ങളും പ്രിയങ്ങളും…
ഇന്നും
പള്ളിമിനാരങ്ങളിൽ
അദാൻ(Azan) മുഴങ്ങുമ്പോൾ
ബധിരകർണ്ണങ്ങളാലത്
ആവാഹിക്കാനാകുന്നില്ല സ്നേഹഭാഷ മറന്നുപോയോ..
ആ ഉമ്മവീട്ടിലെ
കിണറ്റുവെള്ളത്തിന്
ഇപ്പോഴും തണുപ്പായിരിക്കാം.
പക്ഷേ എന്റെ നെഞ്ചിലെ
ദാഹം ആരാണറിയുക?
സ്മരണകളെ
ചില്ലറയാക്കാത്തവന്റെ നിരാശ;
Comments