മരുഭൂമിയിലെ കപ്പൽ

മുതുകുന്തി നീണ്ടകാലും,
നീണ്ടകഴുത്തുമുള്ളൊരു
ശക്തനായ
വളർത്തുമൃഗമായിരുന്നെന്റെ
രണ്ടാം പാഠപുസ്തകത്തിൽ.....!
ജീവിതപാഠത്തിൽ അതിന്റെ 
കഴുത്തുകൾ ചുരുങ്ങിപ്പോയി..  
മുതുകിലെ കൂന് ചുമടേറ്റിയൊട്ടി 
അകംവലിഞ്ഞുപോയി..!

അതിന്റെ കണ്ണുകളിൽ
നീണ്ടുപടർന്ന കിഴക്കൻ ആകാശം
ഒളിമങ്ങിയ ഒരു രേഖയായി മാറിയിരിക്കുന്നു…
അതിന്റെ പുഞ്ചിരിയിൽ
ഈന്തപ്പഴച്ചാറിന്റെ
മധുരമന്യമായിരിക്കുന്നു...

മഴയില്ലാ കടലിന്റെ ചൂടിലും 
ചെങ്കടലു കടന്നുപോകാൻ
പാടുപെട്ടത് പോലെ,
ജീവിതത്തിന്റെ മരുഭൂമിയിലെവിടെയോ
അവൻ വഴിതെറ്റിയിരിക്കുന്നു..
ഒട്ടകമെന്ന പേരന്യമായി അതൊരു,
ചുമടുതാങ്ങി മാത്രമായി
നിശ്ചലനാകുന്നു..  

കാലങ്ങൾ കടന്നപ്പോൾ
പക്ഷിയില്ലാത്ത ആകാശം പോലെ
ശൂന്യതയേകിയ ഓർമ്മകൾ മാത്രം
അവന്റെ മുഴകളിലുറഞ്ഞുകൂടി.
മണലിൽനിന്ന് മണലിലേക്കെടുത്ത 
ഓരോ ചുവടിലും 
പതിഞ്ഞ പാടുകൾ
പുഞ്ചിരി പടർത്തിയിരുന്നില്ല.
മരുഭൂമിയിലെ കപ്പൽ 
ഇനിയൊരിക്കലും
കടലിനെ സ്വപ്നം കാണില്ല.

"ഭാരം വഹിച്ചവരെയൊന്നും
ആരും തിരിഞ്ഞുനോക്കിയിരുന്നില്ല...
ഒടുവിൽ കണ്ണിലിരുട്ടേറി
ഒരു കാടുപോലെയും,
ഒരു കരിക്കട്ടപോലെയും
അവരസ്തമയം നോക്കുന്നു.."

ഒരിക്കൽ ഒട്ടകമായിരുന്നത്
ഇപ്പോൾ വെറും ഓർമ്മ.
മരുഭൂമിയിൽ മുഴങ്ങുന്നത്
പഴയൊരുയിരിന്റെ കിതപ്പല്ല
നിശ്ശബ്ദത തീണ്ടിയൊരു ജീവൻ
മോക്ഷാർത്തിയായി
മണലാരണ്യത്തിൽ 
നങ്കൂരമുറപ്പിച്ചിരിക്കുന്നു. 
©️sree 27072025



Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം