പ്രഭാതസവാരിക്കുശേഷം
.. ആരുടെയോ ശവമഞ്ചം വഹിച്ച വണ്ടി ഇന്നലെ രാത്രിവൈകി ഇതുവഴി പോയിരിക്കുന്നു...! ചുവപ്പും വെള്ളയും നിറത്തിലുള്ള അരളിപ്പൂക്കൾ റോഡിൽ വിതറിയത് തീർച്ചയായും ആ ശവവണ്ടിക്കുമുന്നിൽപോയ വാഹനമാകും.. അതൊരുപക്ഷെ ഒരു ടൂവീലറിന്റെ പിൻസീറ്റുകാരന്റെ പണിയാകണം.. ചെറിയകൂടയിൽനിന്നും പൂക്കൾ വാരിയെടുത്ത് മുന്നിൽ വലിയൊരു ഹാരംചാർത്തിനീങ്ങുന്ന ശവവണ്ടിക്കുമുന്നിലേക്ക് ആ പൂക്കൾ വീശിയെറിഞ്ഞെറിഞ്ഞ് പോയിട്ടുണ്ടാകണം. രാത്രിയിൽ ചെറുമഞ്ഞിന്റെ തലോടലേറ്റ് അവ അല്പവും വാടിയിട്ടില്ല. അധികമാരാലും ചവിട്ടിമെതിക്കപ്പെട്ടിട്ടുമില്ല. ആരാകും ആ വണ്ടിയിലെ ദേഹം.. സാരഥിയും സഹായിയുമല്ലാതെ കരഞ്ഞുകലങ്ങിയ ചിലജോഡി കണ്ണുകൾ ആ വാഹനത്തിലുണ്ടായിരുന്നിരിക്കും.. ഗദ്ഗദത്തോടെ മൂടികെട്ടിയ ആ ശവശരീരത്തിലേക്ക് ഇടയ്ക്കിടെ മിഴിപാകി അവരതിനുള്ളിൽ വീർപ്പുമുട്ടിയിരിക്കയാകും.. ആശുപത്രിമരണത്തിന്റെ ഗന്ധം അവരിൽ മനംപുരട്ടിയടങ്ങുകയാവും. പിന്നിലോ മുന്നിലോ കുറച്ചു ബൈക്കുകൾ, കാറുകൾ.... അകാലമരണമാണെങ്കിൽ ആ വാഹനങ്ങളിലെല്ലാം പരേതന്റെ വർണ്ണചിത്രം രണ്ടു ചുവന്നറോസ്സിന്റെ പശ്ചാത്തലത്തിൽ ആദരാജ്ഞലികളെന്ന അടിക്കുറിപ്പോടെ പതിച്ചിട്ടുണ്ടാകണം... ശ്മശാനകവാടത്തിലെത്തിനിൽക്കുന്ന യാത്ര