Posts

Showing posts from November, 2023

താതമാനസം

Image
രതിയുണർത്തില്ല കാഴ്ചയിലെൻമനം തുടിയുണർത്തുന്നു വാത്സല്യരാഗങ്ങൾ.. ഉളിയുണർത്തിയ തപ്തനിശ്വാസത്തിൽ ഉയിരു പൂക്കാൻ കൊതിക്കുന്ന ശില്പിഞാൻ. ഉണരെയൊന്നു വിളിക്കണം, മകളേയെന്നാണ് കാമിതമോടല്ല നിശ്ചയം മനസ്സു വാചാലമാണതിൽ വാക്കുകൾ വരുതിവിട്ടങ്ങ് മണ്ടിയൊളിക്കുന്നു. വിരൽ വരുതിയിലെത്താതെ- യക്ഷര കുസൃതികൾ പിച്ചവച്ചു വീഴുന്നിതാ.. (രാഗമനുരാഗമല്ലാത്ത ജന്മമായ് പിറവികൊണ്ടവയായതിനാലാവും പ്രിയദമല്ലെന്റെ വാക്കുകൾ നിന്നിലിന്നറിയുമെന്നാൽ ക്ഷമിക്കുക നീയിനി..) കാമിതമനമങ്ങുവളർന്നൊരു കല്പിതബന്ധനങ്ങളിലാണ്ടുപോയ് അരുമയായ്നിന്നെ മുത്തുവാൻ അമിതമായാശയുണ്ടതു നിശ്ചയം ഹൃദയരാഗം ചമച്ചുനിൻ മൂർദ്ദാവിൽ, മകളെയെന്നു വിളിച്ചൊന്നു പുണരണം.. തനുവിലെൻ തൂവൽപിന്നിച്ചമച്ചൊരു ശുഭ്രമുടയാട ചേർത്തുനടത്തണം. #Sree

ചെറിയ വലിയ ജീവിതങ്ങൾ

Image
  നീറ്റിലിറക്കിയ  കളിവള്ളങ്ങൾക്കെന്നും അല്പായുസ്സായിരുന്നിട്ടും, അടുത്ത മഴയ്ക്കായി നോട്ടുബുക്കിൽനിന്നൊരു കടലാസ്സുചീന്തുമായി  ഒപ്പം കാത്തിരിക്കുന്ന  മനസ്സാണ് കുട്ടിത്തം. ഒരു കളർപെൻസിലിന് പിണങ്ങിയകന്നാലും പനിച്ചൂടിലാണെന്നറിഞ്ഞാൽ വെമ്പുന്നതാണ് ബാല്യം. ദീപാരാധന തൊഴുതാലും മിഴിയുഴിയലില്ലെങ്കിൽ പ്രസാദമില്ലായ്മയാണ് പ്രദോഷങ്ങളിലെ കൗമാരം. പരിഭവങ്ങൾ  പറയാതിരുന്നാൽ പതിവുറക്കം മുറിയുന്ന കരുതലാണ് യൗവ്വനം. ഒരു തലോടലെന്നും കൂടെത്തന്നെയുണ്ടെന്ന് ബോധ്യപ്പെടുത്തലാണ് മറവികളുടെ വാർദ്ധക്യം. --ശ്രീ 

രംഗബോധം

Image
# യാത്രപൂർത്തിയായവന്റെ നിദ്രയാണ് ഞാൻ... ശ്വസനോപാധികൾ എന്നിൽനിന്നകറ്റുക.. വരച്ചുതീർത്ത ജീവനകലയുടെ ക്ഷീണമാണെന്റെ കരങ്ങളിൽ സൂചിക്കുഴലുകളാലിനിയുമവയിൽ നിറംചേർക്കാതിരിക്കുക. പ്രതലങ്ങളവശേഷിക്കാത്ത മനസ്സാണുള്ളിലുറങ്ങുന്നത് ശൂന്യതയെ ഉണർത്താതിരിക്കുക... ഇടനാഴിയിൽ അവനുണ്ട്  അദൃശൃനായി...  ഒരു ഞരക്കം,  തുടർന്നൊരു തേങ്ങൽ, നിലവിളി,.... അവൻ കയറിയിറങ്ങുന്ന- യിടങ്ങളിൽനിന്നുയർന്നേക്കാം...   ഈ മുറിയും തിരയുകയാവും... ജാലകത്തിരശ്ശീലകൾ അഴിച്ചുവിടുക.. മറകളെന്തിന് വെറുതേ,. പണ്ടേ മരിച്ചവനാണ്...  പിന്നെന്തിന്  നിങ്ങളെന്റെ  വാതിൽ താഴിടണം...  അശക്തനാണ് ഞാൻ   എനിക്കുവേണ്ടി എന്റെ വാതായനം  ആരെങ്കിലും തുറന്നിടുക ....  ഞാനവനെ സ്വാഗതം ചെയ്തോട്ടെ....... അല്ലെങ്കിൽ അവനെന്നെ.... നിലവിളികൾക്കും  തേങ്ങലുകൾക്കും മുമ്പ്, ഒരു ദീർഘനിശ്വാസത്തിനുമാത്രം ഇടവേള തരുക.         #ശ്രീ...

സുഗന്ധി

Image
സുഗന്ധി “നിനക്കു പാരിജാതത്തിന്റെ മണമാണ്.... നിന്‍റെ ഉടലാകെ പാരിജാതം പൂക്കുകയാണ്.. എപ്പോഴും..!!” പറഞ്ഞുകൊണ്ട് അവളെ ചേർത്തുപിടിച്ചു... “ഒന്നു പോ മനുഷ്യാ... സന്ധ്യയായി.. മുറ്റത്ത് പാരിജാതം പൂത്തിട്ടുണ്ടാകും..” അവളൊഴിഞ്ഞുമാറി അടുക്കളത്തിരക്കിലേക്ക് ചേക്കേറി... പലപ്പോഴും അവളടുത്തുണ്ടെങ്കിൽ ഒരു മണം... സന്ധ്യയ്ക്ക് പൊഴിഞ്ഞ ചാറ്റുമഴയേറ്റടിമുടി കുളിർന്നുനിൽക്കുന്നൊരു പാരിജാതം പൂവിടുമ്പോൾ പ്രസരിക്കുന്ന ഗന്ധം... അവളെ കണ്ടനാൾമുതൽ അതെപ്പോഴും; അവളടുത്തുവരുമ്പോൾ.., ശയ്യയിൽ, ഒപ്പമുള്ള യാത്രയിൽ... കിതപ്പടങ്ങുവോളം ചേർന്നുകിടക്കുമ്പോൾ... എന്തിനധികം ഒന്നിച്ച് കടൽകാറ്റേറ്റു നിൽക്കുമ്പോൾപോലും ആ ഗന്ധമിങ്ങനെ അവളിൽ വിലയംപ്രാപിച്ച്... അതിൽനിന്നെന്നിലേക്ക് പ്രസരിച്ച്... അപ്പോഴൊക്കെ മൂക്കുവിടർത്തി ആവോളമത് ആത്മാവിലേക്ക് വലിച്ചെടുക്കുകയായിരുന്നു....  “അച്ഛന് പെരിയ നൊസ്സാ.... അമ്മയ്ക്ക് മീൻവെട്ടിയതിന്റെ നാറ്റമാ.. വിയർപ്പിന്റെ നാറ്റമാ... പാത്രംമോറിയ മുശിട് നാറ്റമാ.. എപ്പോഴും...” മകളതുപറഞ്ഞ് കളിയാക്കുമ്പോൾ അവളൊന്ന് ചൂളിനോക്കും പിന്നെ കുനിഞ്ഞ് ചെറുചിരിയുതിർക്കും. അപ്പോഴവളുടെ ചുണ്ടുകൾക്കിടയിൽ പാതിവിടർന്ന പാരിജാതദളങ്ങ