Posts

Showing posts from December, 2022

അല്പഭാഷണം

Image
ഇരന്നുകിട്ടിയ കല്ലുംകരടുമേറിയ നെല്ലിടിച്ച് അവലാക്കി..! പൊതിഞ്ഞുകെട്ടിയത് വിപ്രപത്നിയുടെ മുഷിഞ്ഞ ചേലയുടെ  അഗ്രം കീറിയെടുത്ത്...!?. ഉൽപത്തിയും വൃത്തിശുദ്ധിയുമൊന്നും നോക്കാതെ ഭഗവാൻ അവൽപൊതിയഴിച്ച് ഭുജിച്ചു...! ഭഗവാനത് വിശിഷ്ട നേദ്യമായി.. അതുപോലെ അവനവന്റെ സത്വത്തിലാണ് ഭഗവാന് മുന്നിലെത്തേണ്ടത്.. ഇല്ലാത്തവൻ ഉള്ളവനായി ചമഞ്ഞോ .. ഉള്ളവൻ ഇല്ലാത്തവനായി ചമഞ്ഞോ അല്ല.. അവനവന്റ അവസ്ഥയിലാണ് ഭഗവത് സേവ ചെയ്യേണ്ടത്. കാരണം ഭഗവാന് അറിവുള്ളതാണ് നാമോരോരുത്തരുടെയും നേർചിത്രം. പ്രാർത്ഥനയുടെ മനശുദ്ധിയാണ് ഭവാൻ ശ്രവിക്കുക.. ശ്രദ്ധിക്കുക... അല്ലാതെ നമ്മുടെ ദേഹശുദ്ധിയും മോടിയുമല്ല... അതിനുദാഹരണമാണ് കുചേലകഥ... അതിലൂടെ  നാം സ്വാംശീകരിക്കേണ്ടത് ഭഗവാനെ ഉപാസിക്കേണ്ടത് എങ്ങനെ എന്നുതന്നെയാണ്. 

കവിതയുടെ അഞ്ചാംകാലം

Image
തൃശ്ശൂർ സാഹിത്യ അക്കാദമിയിൽവച്ച് മിഴിപബ്ളിക്കേഷൻ-മൊഴിമുറ്റം പ്രസിദ്ധീകരിച്ച കവിതാസമാഹാരത്തിലെ എന്റെ ഒരു കവിത ചിലതുമാത്രം ചിലപ്പോൾ.  ചില പ്രണയങ്ങൾ  ഇങ്ങനെയാണ്... ഇന്നലെവിരിഞ്ഞ ചെമ്പനീർപ്പൂവുപോലെ, ഒന്നുതൊടാനായുമ്പോൾ ഞെട്ടടർന്ന് വീഴാറുണ്ട്... ചില സങ്കടങ്ങൾ ഇങ്ങനെമാത്രമാണ്... ഒരാശ്വാസക്കാറ്റിനുമുമ്പ്, തണുത്തനിശ്വാസത്തിൽ തുള്ളിയടർന്ന് വീഴാറുണ്ടവ.. ചില പിണക്കങ്ങൾ ഇങ്ങനെയാണ്.. ഒരുനിറകൺചിരിക്കുമുമ്പേ  ഒരു മിഴിത്തലോടലിൽ വെമ്പിവിതുമ്പി,  അലിഞ്ഞുപോകുന്നു.. ചില കാത്തിരിപ്പുകൾ  അമ്മക്കിളിദു:ഖങ്ങളാണ്. ആരോ ചുട്ടുതിന്ന മുട്ടകളുടെ സ്വപ്നങ്ങൾക്കുമേലത് അടയിരിക്കയാണ് നിത്യം. #sree.25.10.22

വീൺവാക്ക്

Image
വാക്കുവാസനിച്ചീടുവാൻ തക്കതായ്, വാസനതൈലമല്ലെന്റെ പാനകം. കൂർത്തചിന്തകൾ ചിന്തേരുതീർത്തിട്ടു പ്രാർത്ഥനയ്ക്കായ് വിരിഞ്ഞതുമല്ലവ. കാരിരുമ്പുപോൽ കാഠിന്യമേറിയ കാരണങ്ങളിൽ വെന്തുപുളഞ്ഞതിൻ കാര്യമാകാമൊരിക്കലുമായവ സ്നേഹഭാഷണത്തിന്നുമനർത്ഥമായ്. നൽഗതിക്കു പിറക്കുവാൻ വാവിട്ട് ചില്ലുകൂട്ടിപ്പറഞ്ഞവീൺവാക്കുകൾ ഒന്നുപാഞ്ഞതുപിന്നെത്തിരിഞ്ഞെന്നെ കൊന്നുവീഴ്ത്തുവാനായി ഫണംകാട്ടേ ചുണ്ടടർത്തിപ്പുലമ്പിയതൊക്കെയും വൻവിഷക്കാറ്റുതീർത്തതറിഞ്ഞു ഞാൻ.. ചുണ്ടടയ്ക്കണം നാവിൻ തടങ്കലാം ദന്തവൻമതിൽ കെട്ടിലൊതുക്കണം ഭൂവിണ്ഡലം കെട്ടടങ്ങും വിഷജ്വര വാക്കുകൾ പുറന്തള്ളാതിരിക്കുവാൻ. .....#ശ്രീ....

ചിലന്തി

Image
വലനെയ്തുനാമിന്നുമേറെയേറെയായ് കന്നിമാവിന്റെ ചില്ലയിൽ കണിമുല്ലയിൽ... തേൻനുകർന്നുവന്നൊരാ വണ്ടറിഞ്ഞില്ലയീവല... രതിയറിഞ്ഞുമയങ്ങിയനാളിലെൻ ഉടലുമുയിരും കാർന്നുതിന്നെന്തിനായ്... പ്രണയമായിരുന്നെൻഹൃത്തിലപ്പൊഴും ലഹരിമാത്രമാണപ്പൊഴും കൺകളിൽ.. രുചിയറിഞ്ഞു ഭുജിച്ചനിൻ കൺകളിൽ തരിയുമുണ്ടായതില്ലെന്റെയോർമ്മകൾ..! വലകൾ നെയ്യവേ ഒളികണ്ണിനിമകളിൽ കരുതിയേകിയ കരിനോട്ടമെങ്ങുപോയ് രതിരഹസ്യത്തിനാരംഭദശകളിൽ നിറയെവഴിയുന്ന മിഴിലാസ്യമെങ്ങുപോയ്.. പുകയുകയായിരുന്നുനിൻ കണ്ണുകൾ പകയെവെല്ലുന്ന ജഠരാഗ്നിതൻകനൽ.. കനലണഞ്ഞുനീയിനിനിദ്രപൂകുക, ഒരുസമാധിയിലടയിട്ടുണർത്തുക അരുമയാംമുട്ടവിടരുംവരെയെന്റെ, രുധിരമോജസ്സുപകരട്ടെജീവനിൽ... ഒരുപുലർവെട്ടമഞ്ഞിൻകണങ്ങളിൽ അടയിരുന്ന നിൻ മോഹം തളിർക്കട്ടെ. #ശ്രീ . 19-10-20